കാറ്റലോണിയന്‍ പ്രതിഷേധക്കാറ്റ്; കാണികളില്ലാതെ ബാർസിലോന – ലാസ്പാമാസ് മല്‍സരം

കാണികളെ പ്രവേശിപ്പിക്കാതെ നടത്തിയ ബാർസിലോന – ലാസ്പാംസ് മല്‍സരത്തിൽനിന്ന്

ബാർസിലോന∙ ഫുട്ബോളിലും കാറ്റലോണിയന്‍ രാഷ്ട്രീയം പ്രതിഫലിക്കുന്നു. ഹിതപരിശോധനയെ സ്പെയിന്‍ ഭരണകൂടം അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് ബാർസിലോന – ലാസ്പാമാസ് മല്‍സരം കാണികളെ ഒഴിവാക്കി അടച്ചിട്ട സ്റ്റേഡിയത്തിലാണു നടന്നത്. റയല്‍ മഡ്രിഡ് – എസ്പിയനോള്‍ മല്‍സരത്തിനിടെ സ്റ്റേഡിയത്തില്‍ സ്പെയിന്‍ അനുകൂലികള്‍ പതാക ഉയര്‍ത്തി പ്രതിഷേധിച്ചു.

കാണികളെ പ്രവേശിപ്പിക്കാതെ നടത്തിയ ബാർസിലോന – ലാസ്പാംസ് മല്‍സരത്തിൽനിന്ന്

ആളൊഴിഞ്ഞ സ്റ്റേഡിയത്തിലായിരുന്നു മെസിയുടെയും കൂട്ടരുടെയും പന്തുതട്ടൽ. പരിശീലനമായിരുന്നില്ല യഥാര്‍ഥ പോരാട്ടമായിരുന്നു. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു ലാസ് പാമാസിനെ തോല്‍പ്പിച്ചെങ്കിലും ഒരു ഗോളടിയിലും ആര്‍പ്പുവിളിക്കാനോ ടീമിനു പിന്തുണയര്‍പ്പിക്കാനോ ആരാധകര്‍ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നില്ല. കാറ്റലോണിയ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുവെന്നും ഹിതപരിശോധനയ്ക്കെതിരെയുള്ള സ്പെയിന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ നിര്‍ത്തണമെന്നും ആവശ്യപ്പെട്ടാണ് അടച്ചിട്ട സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മല്‍സരം നടത്തി ബാഴ്സ പ്രതിഷേധം രേഖപ്പെടുത്തിയത്. മല്‍സരത്തിന്റെ രണ്ടാം പകുതിയിലാണു ബാഴ്സയുടെ മൂന്നുഗോളുകളും പിറന്നത്.

ബാർസിലോന – ലാസ്പാംസ് മല്‍സരം കാണാനെത്തിയവർ സ്റ്റേഡിയത്തിനു പുറത്ത്

49–ാം മിനിറ്റില്‍ സെർജിയോ ബുസ്കിറ്റസ് ആണ് ബാർസയുടെ ആദ്യഗോൾ നേടിയത്. പിന്നാലെ, 70,77 മിനിറ്റുകളിൽ ലയണൽ മെസ്സിയുടെ ഡബിൾ ഗോളുകൾ ലാസ് പാമാസിന്റെ ഗോൾവല നിറച്ചു. തുടർച്ചയായ ഏഴാം വിജയത്തോടെ ബാർസയ്ക്ക് 21 പോയിന്റായി. ലാസ് പാമാസിനെ 3–0നു കീഴടക്കിയ ബാർസിലോന ഈയാഴ്ചയും ലാ ലിഗ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിർത്തി.

ഇതിനു നേരെ എതിരായിരുന്നു റയല്‍ മഡ്രിഡ് – എസ്പിയനോള്‍ മല്‍സരത്തിനിടെ സംഭവിച്ചത്. സ്പെയിന്‍ ഒറ്റക്കെറ്റാണെന്നും കാറ്റലോണിയന്‍ പ്രതിഷേധം കണക്കിലെടുക്കുന്നില്ലെന്നും കാണിച്ച് റയല്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ സ്പെയിനിന്റെ പതാകകള്‍ ഉയര്‍ത്തി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണു റയല്‍ എസ്പിയനോളിനെ തറപറ്റിച്ചത്. മധ്യനിരതാരം സിസ്കോയാണു റയലിനുവേണ്ടി ഇരു ഗോളുകളും നേടിയത്.