ഒഡീഷയിൽ വിവാഹ വാഗ്ദാനം നൽകി വിദ്യാർഥിനിയെ പ്രധാനാധ്യാപകൻ പീഡിപ്പിച്ചു

കൊരാപുട്ട് (ഒ‍ഡീഷ)∙ വിവാഹ വാഗ്ദാനം നടത്തി പതിനാലുകാരിയായ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ സംഭവത്തിൽ സ്കൂളിലെ പ്രധാനാധ്യാപകൻ അറസ്റ്റിൽ. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ നാൽപ്പത്തിരണ്ടുകാരനായ പ്രധാനാധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊരാപുട്ട് ജില്ലയിലെ നന്ദപുർ ബ്ലോക്കിലെ സർക്കാർ റെസിഡന്‍ഷ്യൽ സ്കൂളിലെ പ്രധാനാധ്യാപകനാണ് പിടിലായത്. ഇയാൾ വിവാഹിതനാണ്.

പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്നു വ്യക്തമായതിനെത്തുടർന്ന് പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തതായി കൊരാപുട്ട് കലക്ടർ അനുപം സാഹ അറിയിച്ചു. വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 500ൽ അധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ സംസ്ഥാന പട്ടിക ജാതി പട്ടികവർഗ വികസന വകുപ്പാണ് നോക്കിനടത്തുന്നത്.