ദിലീപിനെതിരായ കുറ്റപത്രം ഉടനില്ല: ഡിജിപി ലോക്നാഥ് ബെഹ്റ

കൊച്ചി∙ നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കേസിൽ ദിലീപിനെതിരായ കുറ്റപത്രം വൈകുമെന്നു സൂചന നൽകി ഡിജിപി ലോക്നാഥ് ബെഹ്റ. ദിലീപിനു ജാമ്യം ലഭിച്ചതു പ്രോസിക്യൂഷന്‍റെ വീഴ്ചകൊണ്ടല്ല. കേസില്‍ നിയമപരമായി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും ബെഹ്റ പറഞ്ഞു. കോടതിയാണു ജാമ്യം നൽകിയത്. അത് അംഗീകരിക്കുന്നു. അന്വേഷണം നടക്കുകയാണെന്നും ഡിജിപി വ്യക്തമാക്കി.

85 ദിവസത്തെ ജയിൽവാസത്തിനു ശേഷം ചൊവ്വാഴ്ചയാണ് ദിലീപിനു ജാമ്യം ലഭിച്ചത്. അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടെന്നു വിലയിരുത്തിയ കോടതി, ദിലീപിനു ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം പരിഗണിച്ചാണ് ജാമ്യം നൽകിയത്. ജാമ്യത്തിനായി മൂന്നാം തവണ ഹൈക്കോടതിയെ സമീപിച്ച ദിലീപിന് അനുകൂലമായി ഉത്തരവുണ്ടായി. മുമ്പ് രണ്ടു തവണ വീതം ഹൈക്കോടതിയും അങ്കമാലി മജിസ്ട്രേട്ട് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഈയാഴ്ചതന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കമെന്ന് നേരത്തേ റിപ്പോർട്ടുണ്ടാായിരുന്നു. എന്നാൽ, കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല. അതിനാൽ, പഴുതടച്ച കുറ്റപത്രം തയാറാക്കാൻ സമയമുണ്ടെന്ന നിലയ്ക്കാണ് ഇപ്പോൾ അന്വേഷണ സംഘം നീങ്ങുന്നത്.