മേൽജാതിക്കാരുടെ മീശയാക്രമണം; പ്രതിഷേധവുമായി മീശപിരിച്ച് ‘മിസ്റ്റർ ദലിത്’

ഗാന്ധിനഗര്‍∙ മീശ വച്ചതിന്റെ പേരില്‍ ഗുജറാത്തില്‍ ദളിത് യുവാക്കൾക്കു മർദ്ദനമേറ്റ സംഭവത്തിൽ വ്യത്യസ്ത പ്രതിഷേധം. 'മിസ്റ്റര്‍ ദലിത്' എന്ന പേരിൽ മീശ പിരിച്ച ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെയാണു പ്രതിഷേധം വ്യാപിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മീശ വളർത്തിയതിനു ഗാന്ധിനഗറിനു സമീപമുള്ള ഗ്രാമത്തിൽ രണ്ടു ദലിത് യുവാക്കളെ മേൽജാതിക്കാർ ക്രൂരമായി മർദിച്ചത്. നിയമവിദ്യാർഥി കൃനാൽ മഹേരി (30), പീയുഷ് പർമാർ (24) എന്നിവർക്കാണു മർദനമേറ്റത്. ഇതിനുപിന്നാലെ, മർദ്ദനം നേരിട്ട ദലിത് യുവാവിന്റെ ബന്ധു ദിഗന്ത് മഹെരിയയ്ക്കു (17) നേരെ ചൊവ്വാഴ്ച ആക്രമണമുണ്ടായി.

ബൈക്കിൽ എത്തിയ രണ്ടു പേർ ദിഗന്തിന്റെ പിന്‍ഭാഗത്ത് ബ്ലേഡ് കൊണ്ടു മുറിവേല്‍പ്പിക്കുകയായിരുന്നു. പീയുഷിനെ മർദ്ദിച്ചതിനെതിരെ പരാതി നൽകിയതിനാണ് ദിഗന്തിനെ ആക്രമിച്ചതെന്നു ബന്ധുക്കൾ ആരോപിച്ചു.

ഇതുകൂടിയായതോടെ പ്രതിഷേധവുമായി നൂറുകണക്കിന് യുവാക്കളാണു രംഗത്തെത്തിയത്. സമീപത്തുള്ള ഗ്രാമങ്ങളില്‍ നിന്നുള്ളവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. മീശ പിരിച്ച്‌ 'മിസ്റ്റര്‍ ദലിത്' എന്ന അടിക്കുറിപ്പോടെ തങ്ങളുടെ ചിത്രം വാട്സാപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ട്വിറ്ററിലും ഫെയ്സ്ബുക്കിലും ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നുണ്ട്. പലരും പ്രൊഫൈൽ ചിത്രം മിസ്റ്റർ ദലിത് എന്നാക്കി മാറ്റിയിട്ടുമുണ്ട്.