3 ഭീകരരെ പാക്കിസ്ഥാൻ തൂക്കിലേറ്റി; പെഷവാർ ആക്രമണ ശേഷമുള്ള വധശിക്ഷ 441

ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാനിൽ മൂന്നു കൊടും ഭീകരരുടെ വധശിക്ഷ നടപ്പാക്കി. 2014ൽ പെഷാവർ വിമാനത്താവളം ആക്രമിച്ചവരുൾപ്പെടെയുള്ള ഭീകരരെയാണ് പാക്ക് പട്ടാള കോടതി ഖൈബർ പ്രവിശ്യയിൽ വധശിക്ഷയ്ക്കു വിധേയരാക്കിയത്.

പട്ടാള കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയ സാജിദ്, ബെഹ്‌റാം, ഫസൽ ഗഫാർ എന്നിവർക്കാണു വധശിക്ഷ നൽകിയതെന്നു സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. വിമാനത്താവള ആക്രമണത്തിനു പുറമെ, നിരപരാധികളെ കൊന്നൊടുക്കൽ, പാക്ക് സേനയ്ക്കു നേരെ ആക്രമണം തുടങ്ങിയ കുറ്റങ്ങളാണു ഭീകർക്കു നേരെ ചുമത്തിയത്.

2014 ജൂണിൽ പെഷാവറിലെ പാക്കിസ്ഥാൻ രാജ്യാന്തര വിമാത്താവളത്തിൽ ഭീകരൻ നടത്തിയ വെടിവയ്പിൽ ഒരു യാത്രക്കാരി കൊല്ലപ്പെട്ടിരുന്നു. മൂന്നു പേർക്ക് പരുക്കേറ്റു. പെഷാവറിലെ സൈനിക സ്കൂളിൽ 2014 ഡിസംബറിലുണ്ടായ ഭീകരാക്രമണത്തിൽ കുട്ടികളടക്കം നൂറ്റൻപതിലേറെ പേർ മരിച്ചിരുന്നു. ഇതിനുശേഷമാണ് ഭരണഘടനാ ഭേദഗതിയിലൂടെ പട്ടാളക്കോടതികൾ രൂപീകരിച്ചത്.

പെഷാവർ ആക്രമണത്തിനു ശേഷം 441 പേരെ തൂക്കിലേറ്റിയെന്ന് മനുഷ്യാവകാശ സംഘടന ജസ്റ്റിസ് പ്രൊജക്ട് പാക്കിസ്ഥാൻ പറയുന്നു. ഭീകരത തിരിഞ്ഞുകൊത്തിയ പാക്കിസ്ഥാനിൽ ഒരു പതിറ്റാണ്ടിനിടെ പതിനായിരക്കണക്കിന് നിരപരാധികളാണ് ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.