ദിലീപിനെതിരെ രഹസ്യമൊഴി; കേസിൽ ഏഴാം പ്രതി മാപ്പുസാക്ഷിയാകും

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ ഏഴാം പ്രതി മാപ്പുസാക്ഷിയാകും. ദിലീപിന്റെ ക്വട്ടേഷനാണെന്നു മുഖ്യപ്രതി പൾസർ സുനിയെന്ന സുനിൽകുമാർ ഏഴാം പ്രതിയായ ചാർലിയോടു പറഞ്ഞിരുന്നു. ഇയാൾ ദിലീപിനെതിരെ രഹസ്യമൊഴി നൽകി. ഒന്നരക്കോടിരൂപയാണ് ക്വട്ടേഷൻ തുകയെന്നു സുനി ചാർലിയോടു പറഞ്ഞിരുന്നു. നടിയുടെ ദൃശ്യങ്ങളും ചാർലിയെ കാണിച്ചിരുന്നുവെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. കോയമ്പത്തൂരിൽ സ്വന്തം സ്ഥലത്ത് സുനിയെ ഒളിവിൽ കഴിയാൻ സഹായിച്ചയാളാണ് ചാർലി.

കുറ്റപത്രം: ബി. സന്ധ്യ ചർച്ച നടത്തി

നടി ഉപദ്രവിക്കപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതു സംബന്ധിച്ച് എഡിജിപി ബി. സന്ധ്യ അന്വേഷണ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പൊലീസ് ക്ലബിൽ രാത്രി വൈകിയും ചർച്ച തുടർന്നു. നടൻ ദിലീപിനു ജാമ്യം ലഭിച്ച സാഹചര്യത്തിൽ പഴുതടച്ചു കുറ്റപത്രം തയാറാക്കാൻ കൂടുതൽ സാവകാശം കൈവന്നതു പരമാവധി മുതലാക്കാനാണു പൊലീസിന്റെ നീക്കം.

ജാമ്യം റദ്ദാക്കാൻ പൊലീസ് നിയമോപദേശം തേടി

യുവ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിന്റെ സാധ്യത സംബന്ധിച്ചു പൊലീസ് നിയമോപദേശം തേടി. കേസിലെ സ്പെഷൽ പ്രോസിക്യൂട്ടറോട് ഇതുസംബന്ധിച്ചു റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായി ഡിജിപി: ലോക്നാഥ് ബെഹ്റ പറഞ്ഞു.

വിധി പകർപ്പ് അദ്ദേഹത്തിനു കൈമാറി. ഹൈക്കോടതിയാണു ജാമ്യം അനുവദിച്ചത്. അതിനാൽ ഇക്കാര്യത്തിൽ തുടർനടപടി എന്തു വേണമെന്നു വിശദമായി ആലോചിക്കണം. റിപ്പോർട്ട് ലഭിച്ചശേഷം സർക്കാരുമായി ചർച്ചചെയ്യും. ജാമ്യം റദ്ദാക്കാൻ സർക്കാരാണു തുടർ നടപടിയെടുക്കേണ്ടത്. ദിലീപിനു ജാമ്യം ലഭിച്ച സാഹചര്യത്തിൽ 90 ദിവസത്തിനകം കുറ്റപത്രം നൽകണമെന്ന സമ്മർദം ഇപ്പോൾ പൊലീസിനില്ലെന്നും ഉചിത സമയത്തു കുറ്റപത്രം നൽകുമെന്നും അദ്ദേഹം പറഞ്ഞു.