പീഡനത്തിനിരയായ കുട്ടിയെ പരിശോധിച്ചില്ല: ഡോക്ടർമാർക്കെതിരെ കേസെടുക്കാം

പത്തനംതിട്ട ∙ അയിരൂരിൽ ശാരീരികമായി ഉപദ്രവിക്കപ്പെട്ട അഞ്ചര വയസ്സുള്ള പെൺകുട്ടിയെ മണിക്കൂറുകളോളം പരിശോധിച്ചില്ലെന്ന പരാതിയിൽ ഡോക്ടർമാർക്കെതിരെ കേസെടുക്കാമെന്ന് പോക്സോ കോടതി സ്പെഷൽ പ്രോസിക്യൂട്ടർ. നിയമോപദേശത്തിന്റെ ആവശ്യമില്ല. ഐപിസി 166 എ, 166 ബി വകുപ്പുകളനുസരിച്ചു കേസെടുക്കാം. ബന്ധുവായ യുവാവ് കുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിൽ സെപ്റ്റംബർ 14നാണ് കോയിപ്രം പൊലീസ് കേസ് എടുത്തത്. തുടർന്നു കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്കു കൊണ്ടുപോയപ്പോൾ ജില്ലാ ആശുപത്രിയിൽ ആറു മണിക്കൂറോളം പരിശോധനയ്ക്ക് ഡോക്ടർമാർ തയാറായില്ലെന്നാണു ബന്ധുക്കളുടെ പരാതി.

പരാതിയുടെ അടിസ്ഥാനത്തിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ രണ്ടു ഗൈനക്കോളജിസ്റ്റുകളെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഡോ. ലേഖ മാധവ്, ഡോ. എം.സി. ഗംഗ എന്നിവരെയാണ് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശ പ്രകാരം സസ്പെൻഡ് ചെയ്തത്. ഇതിൽ ഡോ. ഗംഗയ്ക്കെതിരെ കേസ് എടുക്കാൻ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി കോയിപ്രം എസ്ഐക്ക് നിർദേശം നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നു പരാതി ഉണ്ട്.

ഡോക്ടർമാർ പരിശോധനയ്ക്കു തയാറായില്ലെന്നു കുട്ടിയുടെ മാതാപിതാക്കളും പഞ്ചായത്ത് അംഗങ്ങളും ആരോഗ്യമന്ത്രിക്കും ജില്ലാ കലക്ടർക്കും ജില്ലാ മെഡിക്കൽ ഓഫിസർക്കും പരാതി നൽകിയിരുന്നു. ഇതേതുടർന്ന് ബാലികയെ പരിശോധിക്കുന്നതിൽ ഡോക്ടർമാർ ഗുരുതര വീഴ്ചവരുത്തിയെന്ന റിപ്പോർട്ട് കഴിഞ്ഞദിവസം ജില്ലാ കലക്ടർ ആരോഗ്യ വകുപ്പ് സെക്രട്ടറിക്കു നൽകി.

സംഭവത്തിൽ ആശുപത്രി അധികൃതർക്കു വീഴ്ച സംഭവിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസറും കണ്ടെത്തിയിരുന്നു. ആരോപണ വിധേയരായ ഡോക്ടർമാർക്കെതിരായ റിപ്പോർട്ട് പരിശോധിച്ചു നടപടിയെടുക്കാൻ മന്ത്രി കെ.കെ.ശൈലജ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദേശിച്ചിരുന്നു.

പീഡനത്തിനിരയായ കുട്ടിക്ക് പരിശോധന നിഷേധിച്ചതു ന്യായീകരിക്കാനാവില്ലെന്നു മന്ത്രി പറഞ്ഞു. പെൺകുട്ടികൾക്കു നേരെ ലൈംഗികാതിക്രമമുണ്ടാകുമ്പോൾ തെളിവു നശിച്ചുപോകരുത് എന്ന ലക്ഷ്യത്തോടെ ശാസ്ത്രീയ മാർഗം സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇത്തരം പദ്ധതികൾ നടപ്പാക്കാതിരിക്കാൻ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. ഇത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

സംഭവം ഇങ്ങനെ: സ്കൂളിൽ നിന്നു വീട്ടിലേക്കു പോകാൻ സ്കൂൾ ബസിൽ കയറാൻ നിൽക്കുകയായിരുന്ന അഞ്ചര വയസ്സുള്ള പെൺകുട്ടിയെ അയൽവാസിയും ബന്ധുവുമായ യുവാവ് ഓട്ടോയിലെത്തി അയാളുടെ ബന്ധുവിന്റെ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ പിന്നീട് കോയിപ്രം പൊലീസ് കേസെടുത്തു. കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ പരിശോധന ആറു മണിക്കൂറോളം വൈകി.

കേസ് എടുത്ത് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിന്റെ പേരിൽ ബന്ധുക്കൾ സെപ്റ്റംബർ 28നു ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. ഇതേതുടർന്ന് 29നു പ്രതി റെജി നാടകീയമായി കോഴഞ്ചേരി സിഐക്ക് മുൻപിൽ കീഴടങ്ങി. സംഭവത്തിൽ കേസ് എടുത്ത് 20 ദിവസം കഴിഞ്ഞിട്ടും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നു കാണിച്ചു ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്കു വേറെ പരാതി നൽകിയിട്ടുണ്ട്.