Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അങ്കിൾ, ഇനി എന്നെ തൊടരുത്: പീഡനത്തെ തന്റേടത്തോടെ തടഞ്ഞ് പതിനൊന്നുകാരി

Child-Abuse

കൊച്ചിയിലെ ഒരു സ്കൂളിലേക്ക് കുട്ടികളെ എത്തിക്കുന്ന വാഹനത്തിലെ ഡ്രൈവർ, ലൈംഗികമായി ഉപദ്രവിച്ചത് 6 കൊച്ചു പെൺകുട്ടികളെ.  

പ്രാദേശിക രാഷ്ട്രീയനേതാക്കൾ, നിയമപാലകർ, സ്കൂൾ അധികൃതർ എന്നിവരുടെ സമ്മർദത്തിനു വഴങ്ങി 5 കുട്ടികളുടെ രക്ഷിതാക്കൾ പരാതി പിൻവലിച്ചു. ഒരു കുട്ടിയുടെ മാതാപിതാക്കൾ മാത്രം പരാതിയിൽ ഉറച്ചുനിന്നതിനാൽ, കേസെടുക്കാൻ പൊലീസ് നിർബന്ധിതരായി. ഒളിവിൽപോയ ഡ്രൈവറെ ഇനിയും പിടികൂടിയിട്ടില്ല.

മിക്ക പോക്സോ കേസുകളിലും കുട്ടികൾ എത്ര വ്യക്തമായി പരാതി പറഞ്ഞാലും മുതിർന്നവരുടെ നിലപാടുകൾ പൊതുവെ പ്രതികൾക്കാണ് സഹായകരമാവുന്നത്. പലവിധ സമ്മർദങ്ങൾക്കു വഴങ്ങി കുട്ടികളും മാതാപിതാക്കളും പരാതി പിൻവലിച്ച ശേഷമാകും, ചൈൽഡ് ലൈൻ പ്രവർത്തകർ പോലും വിവരമറിയുക.

കുട്ടികളുടെ ലൈംഗികചൂഷണം തടയാൻ രൂപംനൽകിയ ‘പോക്സോ’ നിയമപ്രകാരം ചുമത്തുന്ന കേസുകൾക്കു സംഭവിക്കുന്നതെന്താണ്? എത്രമാത്രം സുരക്ഷിതരാണു നമ്മുടെ കുട്ടികൾ?

അങ്കിൾ, ഇനി എന്നെ തൊടരുത്

കൊച്ചി നഗരത്തിലെ സ്കൂൾ. അവിടെ പഠിക്കുന്ന 12ൽ താഴെ പ്രായമുള്ള 6 പെൺകുട്ടികൾ. എല്ലാവരുടെയും മാതാപിതാക്കൾ സാധാരണക്കാരായ തൊഴിലാളികൾ. 6 കുട്ടികളും ക്ലാസിലെത്തുന്നത് സ്കൂൾ അധികൃതരുടെ സമ്മതത്തോടെ മാതാപിതാക്കൾ ഒരുക്കിയ വാഹനത്തിൽ. പ്രാദേശിക തൊഴിലാളിസംഘടനാ നേതാവാണു ഡ്രൈവർ. 

കഴിഞ്ഞ ഒക്ടോബർ ആദ്യ ആഴ്ചയാണതു സംഭവിക്കുന്നത്. 6 കുട്ടികളും സ്കൂളിൽ പോവാൻ കാണിച്ച വിമുഖത മാതാപിതാക്കൾ ശ്രദ്ധിക്കുന്നു. യുപി സ്കൂൾ വിദ്യാർഥിയായ കുട്ടിയാണ് ആദ്യം വിവരം പറഞ്ഞത്. വണ്ടിയോടിക്കുന്ന അങ്കിൾ ശരീരത്തിന്റെ പലഭാഗത്തും കയറിപ്പിടിച്ചു നോവിക്കും. ഒരിക്കൽ അവൾ ഉറച്ച ശബ്ദത്തിൽ അയാളോടു പറയുകയും ചെയ്തു – ‘‘അങ്കിൾ ഇനി എന്നെ തൊടരുത്...’’. അതിന് അങ്കിൾ പറഞ്ഞ മറുപടി. ‘‘നിന്നെ മടിയിൽ ഇരുത്തി കൊണ്ടുപോവണമെന്നാണു നിന്റെ അച്ഛൻ എന്നോടു പറഞ്ഞിട്ടുള്ളത്, നാളെ മുതൽ മടിയിൽ ഇരുന്നാൽ മതി’’. 

മാതാപിതാക്കൾ വിവരം സ്കൂളിൽ അറിയിച്ചു. എഴുതിക്കൊടുത്ത പരാതിയിലെ അക്ഷരത്തെറ്റിന്റെ പേരുപറഞ്ഞു പൊലീസിനു കൈമാറാൻ 3 ദിവസം വൈകിപ്പിക്കൽ. ഇതിനിടെ ഡ്രൈവർക്കു വിവരം ചോർന്നുകിട്ടി. 6 കുട്ടികളുടെയും മാതാപിതാക്കളെ അയാൾ നേരിട്ടുകണ്ടു. പരാതി പിൻവലിക്കാൻ ആരും ആദ്യം വഴങ്ങിയില്ല. 

മാതാപിതാക്കൾ നേരിട്ടു പൊലീസിനു പരാതി നൽകാൻ ഒരുങ്ങിയപ്പോഴാണ് സ്കൂൾ അധികൃതർതന്നെ പരാതി കൈമാറിയത്. ഡ്രൈവറെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയത് സിപിഎം, കോൺഗ്രസ് പ്രാദേശിക നേതാക്കൾ. ദിവസങ്ങൾ കഴി‍ഞ്ഞിട്ടും പരാതിയിൽ അനക്കമില്ല. ഡ്രൈവർ സ്കൂൾ ഓട്ടം തുടർന്നു. ആ മാതാപിതാക്കളും പെൺകുട്ടികളും അനുഭവിച്ച മനോവേദന എത്രയായിരിക്കും എന്ന് ഊഹിക്കാനാകുമോ?  

പരാതി പിൻവലിപ്പിക്കാനുള്ള സൗകര്യം പ്രതിക്ക് ഒരുക്കിക്കൊടുത്ത് പൊലീസും നടപടികൾ 4 ദിവസം വൈകിപ്പിച്ചു. ഒടുവിൽ കനത്ത രാഷ്ട്രീയസമ്മർദത്തിനു വഴങ്ങി 5 പെൺകുട്ടികളുടെ മാതാപിതാക്കൾ പരാതി പിൻവലിച്ചു. ‘‘അങ്കിൾ ഇനി എന്നെ തൊടരുത്...’’ എന്നു തന്റേടത്തോടെ പറഞ്ഞ ആ പതിനൊന്നുകാരി, അവൾ മാത്രം പരാതിയിൽ ഉറച്ചുനിന്നതോടെ മജിസ്ട്രേട്ട് മുൻപാകെ രഹസ്യമൊഴി കൊടുപ്പിക്കാൻ പൊലീസ് നിർബന്ധിതരായി. ഇതോടെ ഒക്ടോബർ 25നു ഡ്രൈവർ മുങ്ങി.

കേസ് തീർക്കും, അതിവേഗം

തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കാൻ മലപ്പുറം ജില്ലാ പൊലീസ് കൈമാറിയ 3 കേസുകളിൽ ഐജി എം.ആർ.അജിത് കുമാർ പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 3 കേസുകളും ഇപ്പോൾ ജില്ലയ്ക്കു പുറത്തെ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർ അന്വേഷിക്കുകയാണ്. 

അരീക്കോട് സ്റ്റേഷൻ പരിധിയിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസാണ് അതിലൊന്ന്. സമ്മർദത്തെത്തുടർന്നു പൊലീസ് പരമാവധി ഉഴപ്പി. ശിശുസംരക്ഷണകേന്ദ്രം ജീവനക്കാരിക്കൊപ്പം പരീക്ഷയെഴുതാൻ പോയ കുട്ടിയെ, മാനസികപ്രശ്നമുണ്ടെന്ന മട്ടിൽ ബന്ധുക്കൾ ഡോക്ടറുടെ അടുത്തു കൊണ്ടുപോയി. കുട്ടിയെ കാണാനില്ലെന്ന പരാതിയിലും പൊലീസ് ഉഴപ്പി, കേസിൽ കഴമ്പില്ലെന്നു റിപ്പോർട്ട് നൽകി. സംഭവശേഷം ഖത്തറിലേക്കു കടന്ന ഒരു പ്രതിയെ, നാട്ടിലേക്കു മടങ്ങുമ്പോൾ പുതിയ അന്വേഷണസംഘം അഹമ്മദാബാദ് വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തതാണു പുതിയ വഴിത്തിരിവ്. 

മങ്കടയിൽ പ്രായപൂർത്തിയാകാത്ത 2 സഹോദരിമാരെ മാതാവിന്റെ ഒത്താശയോടെ പീഡിപ്പിച്ച കേസാണ് മറ്റൊന്ന്. പ്രതികളെല്ലാം പുറത്ത് സ്വൈരവിഹാരം നടത്തുമ്പോൾ കുട്ടികൾ രണ്ടും സംരക്ഷണകേന്ദ്രത്തിലാണ്. കേസിൽ കാര്യമില്ലെന്നായിരുന്നു ജില്ലാ പൊലീസിന്റെ റിപ്പോർട്ട്. പുനരന്വേഷണത്തിൽ മാതാവ് കീഴടങ്ങി. മഞ്ചേരിയിൽ സർക്കാർ ഉദ്യോഗസ്ഥനെതിരായ പരാതിയിലാണ് മറ്റൊരു പുനരന്വേഷണം.

ജയിച്ചിട്ടും തോറ്റ വക്കീൽ

കേസിൽ ജയിച്ച അഭിഭാഷകൻ മനസ്സിൽ തോറ്റുപോയ നിമിഷമായിരുന്നു അത്. മകളെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പിതാവിനെ കോടതി വിട്ടയച്ചു. എന്നാൽ, പിന്നീട് സത്യമറിഞ്ഞപ്പോൾ പ്രതിഭാഗം അഭിഭാഷകന്റെ സ്വസ്ഥത പോയി. ഭാര്യയുമായി പിരിഞ്ഞു താമസിക്കുന്ന മധ്യവയസ്കൻ കോടതി അനുമതിയോടെ മകളെ ഇടയ്ക്കു വീട്ടിൽ കൊണ്ടുവരും. മദ്യലഹരിയിൽ ഒരു ദിവസം കുട്ടിയെ ഉപദ്രവിക്കുകയും ചെയ്തു. അമ്മ പരാതി നൽകി. വൈദ്യപരിശോധനയ്ക്കു വന്നപ്പോൾ ഡോക്ടർ വിവരം തിരക്കി. അക്ഷോഭ്യനായി പിതാവു പറഞ്ഞു. ‘ മദ്യലഹരിയിൽ ചെയ്തു പോയതാണ്’. 

മാതാപിതാക്കൾ തമ്മിലുള്ള തർക്കത്തിന്റെ ഫലമാണു കേസെന്നായിരുന്നു വക്കീൽ കരുതിയത്. കോടതി വേർപെടുത്തിയ ബന്ധം വക്കീൽ വിളക്കി. അമ്മയും മകളും മൊഴിമാറ്റി. താൻ മകളെ ഒന്നും ചെയ്തിട്ടില്ലെന്ന പിതാവിന്റെ വാക്ക് വക്കീൽ വിശ്വസിക്കുകയായിരുന്നു. ഒത്തുതീർപ്പും നടത്തി. പിന്നീട് ആ ഡോക്ടറെ കണ്ടപ്പോഴാണ് പിതാവു ശരിക്കും കുറ്റവാളിയാണെന്നു വക്കീൽ അറിയുന്നത്.

കുഞ്ഞുമനസ്സിനെ വീണ്ടും വീണ്ടും...

മലപ്പുറം ജില്ലയിലെ എടപ്പാൾ തിയറ്റർ പീഡനത്തെ അതിജീവിച്ച കുട്ടി തന്റെ അനുഭവം വിവരിക്കേണ്ടിവന്നത് പത്തിലേറെ തവണ. ചൈൽഡ്‌ലൈൻ പ്രവർത്തകർക്കു കുട്ടി നൽകിയ മൊഴിയാണ് ആദ്യത്തേത്. ഈ മൊഴി ചങ്ങരംകുളം പൊലീസിനു നൽകിയെങ്കിലും പൊലീസിന്റെ നടപടിക്രമം അനുസരിച്ച് അവർക്കു സ്വന്തമായി മൊഴി എടുക്കേണ്ടതുണ്ട്. സിഡബ്ല്യുസിക്കു (ബാലക്ഷേമ സമിതി) മുൻപാകെ ഹാജരാക്കിയ കുട്ടി, അവിടെയും ചോദ്യങ്ങൾക്ക് ഉത്തരം നൽകി. വൈദ്യപരിശോധനയിൽ ഡോക്ടറോടും കാര്യങ്ങൾ പറഞ്ഞു. അടുത്തത് ജില്ലാ ബാലസംരക്ഷണ യൂണിറ്റിന്റെ (ഡിസിപിയു) ഊഴം.

പൊലീസ് മൊഴി എടുത്തിട്ടുണ്ടാകുമെങ്കിലും മജിസ്ട്രേട്ടിനു മുൻപിൽ രഹസ്യമൊഴി േരഖപ്പെടുത്താനായി സംഭവം വീണ്ടും വിശദീകരിക്കണം. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ഡിസിആർബി ഡിവൈഎസ്പി, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എന്നിവർ അന്വേഷിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ ഓരോതവണ മാറുമ്പോഴും കുട്ടിയോട് സംഭവങ്ങൾ ആരായും. 

എല്ലാം കഴിഞ്ഞു സംരക്ഷണകേന്ദ്രത്തിലെത്തിയപ്പോൾ അവിടെയുള്ള കൗൺസലർമാരോടും എല്ലാം പറയേണ്ടിവന്നു. കുട്ടികളുടെ എല്ലാ ശക്തിയും ചോർത്തിക്കളയുന്ന ഈ ‘ആവർത്തനപ്പട്ടിക’ ഇല്ലാതാക്കാൻ എടപ്പാൾ കേസിനു ശേഷം സർക്കാർ ശ്രമമാരംഭിച്ചിട്ടുണ്ട്. വിവിധ ഏജൻസികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴിയെടുക്കുകയും അത് വിഡിയോയിൽ പകർത്തി സൂക്ഷിക്കുകയും വേണമെന്നാണു നിർദേശം. എത്രയും വേഗം ഇതു നടപ്പാകുന്നുവോ അത്രയും വേഗം നമ്മുടെ കുട്ടികൾ മാനസികാഘാതത്തിൽനിന്നു മുക്തരാകും.

എന്താണു ‘പോക്സോ’ ?

18 വയസ്സിൽ താഴെയുള്ളവർക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി, കുറ്റവാളികൾക്കു കടുത്തശിക്ഷ ഉറപ്പാക്കാൻ ഭേദഗതി ചെയ്ത നിയമമാണ് ‘പ്രൊട്ടക്‌ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്‌ഷ്വൽ ഒഫൻസസ്’ (പോക്സോ) എന്നറിയപ്പെടുന്നത്. 2012 നവംബർ 14 ശിശുദിനത്തിൽ നിയമം പ്രാബല്യത്തിലാക്കി കേന്ദ്ര സർക്കാർ വിജ്‌ഞാപനം പുറപ്പെടുവിച്ചു. 

കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ചു കുറഞ്ഞതു 3 വർഷം മുതൽ ജീവപര്യന്തംവരെ തടവുശിക്ഷയും, ഇരയ്ക്കു മരണം സംഭവിച്ചാൽ വധശിക്ഷയും ഉറപ്പാക്കുന്നു, പോക്സോ. പ്രത്യേകം നിയോഗിക്കപ്പെട്ട കോടതികളിലാണു വിചാരണ നടക്കുക. ഇരയുടെ മൊഴി മജിസ്ട്രേട്ട് മുൻപാകെ രേഖപ്പെടുത്തണമെന്ന നിർബന്ധിത വ്യവസ്ഥയും ഇതിലുണ്ട്. 

ഇരയുടെ പേരോ ഇരയെ തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങളോ റിപ്പോർട്ടിങ്ങിൽ പുറത്തുവരാൻ പാടില്ല. നിയമത്തിലെ 2 (ഡി) വകുപ്പു പ്രകാരം 18 വയസ്സിൽ താഴെയുള്ള ഏതൊരാളെയും കുട്ടിയായി കണക്കാക്കാം. അതായതു ‘കുട്ടി’ എന്ന പദത്തിന്റെ പരിധിയിൽ ലിംഗഭേദമില്ലാതെ ആൺകുട്ടിയും പെൺകുട്ടിയും ട്രാൻസ്ജെൻഡർ കുട്ടിയുമെല്ലാം ഉൾപ്പെടും. 

നിയമം പോലെയല്ല കാര്യങ്ങൾ

നിയമം പറയുന്നത്: നിയമത്തിലെ 19 (1) വകുപ്പ് പ്രകാരം, ഏതെങ്കിലും കുട്ടി അതിക്രമത്തിന് ഇരയായെന്ന് അറിവു ലഭിച്ചാൽ  ഉടൻ ലോക്കൽ പൊലീസിൽ റിപ്പോർട്ട് ചെയ്യണം. 24 മണിക്കൂറിനകം കേസെടുക്കണം.

നടക്കുന്നത്: പൊലീസ് കേസെടുക്കാതെ വൈകിപ്പിക്കും. കേസ് റജിസ്റ്റർ ചെയ്യ‍ാതെ ഒത്തുതീർപ്പാക്കാൻ ശ്രമിക്കും; സമൂഹത്തിൽ നിലയും വിലയുമുള്ളവരാണ് പ്രതികളെങ്കിൽ പ്രത്യേകിച്ചും.

നിയമം പറയുന്നത്: ഇരയായ കുട്ടിയെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്താൻ പാടില്ല. പൊലീസ് സിവിൽ ഡ്രസിൽ കുട്ടിയുടെ വീട്ടിലോ കുട്ടിക്കു വിശ്വാസമുള്ള മറ്റിടങ്ങളിലോ പോയി മൊഴിയെടുക്കണം. കുട്ടിയുടെ രക്ഷിതാക്കളുടെ സാന്നിധ്യത്തിലേ ഇതു ചെയ്യാവൂ.

നടക്കുന്നത്: കുട്ടിയെ സ്റ്റേഷനിലേക്കു വിളിപ്പിക്കും. പ്രതിയെയും വിളിച്ചുവരുത്തും. മധ്യസ്ഥ ചർച്ച പോലും നടത്തും. ഒത്തുതീർപ്പാക്കും.

നിയമം പറയുന്നത്: ഇരയായ കുട്ടിയുടെ മൊഴി ഒരുവട്ടം മാത്രമേ രേഖപ്പെടുത്താവൂ. ആവർത്തിച്ചു മൊഴിയെടുക്കുന്നത് കുട്ടിക്കു മാനസികാഘാതമുണ്ടാക്കും.

നടക്കുന്നത്: 2 വർഷം മുൻപുണ്ടായ ഒരു പോക്സോ കേസിൽ പതിമൂന്നുക‍ാരിയായ മകളെ, അഞ്ചുവട്ടം അമ്മയ്ക്കു കോടതിയിൽ ഹാജരാക്കേണ്ടി വന്നു. 

നിയമം പറയുന്നത്: എസ്ഐ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ വേണം അന്വേഷിക്കാൻ. കഴിയുന്നതും വനിതാ ഉദ്യോഗസ്ഥർ മാത്രമേ കുട്ടിയുമായി ഇടപെടാവൂ.

നടക്കുന്നത്: സിവിൽ പൊലീസ് ഓഫിസർമാരാണ് പലയിടത്തും കുട്ടികളുടെ മൊഴിയെടുക്കുക. പരുഷമായും പരിഹാസത്തോടെയും പെരുമാറുന്നവരുണ്ട്.

നിയമം പറയുന്നത്: ജഡ്ജിയുടെ ചേംബറിൽ മാത്രമേ ‌വിചാരണ നടത്താവൂ. പ്രതിഭാഗം ‌അഭിഭാഷകൻ ഇരയോടു ചോദ്യങ്ങൾ നേരിട്ടു ചോദിക്കാൻ പാടില്ല. ജഡ്ജിക്കു ചോദ്യങ്ങൾ എഴുതിക്കൊടുക്കണം.

നടക്കുന്നത്: പോക്സോ കോടതികൾ ഇല്ലാത്ത ജില്ലകളിൽ സാധാരണ സെഷൻസ് കോടതി മുറികളിൽ വ‍ിചാരണ നടത്തുന്നു. കുട്ടികൾ പൊതുമധ്യത്തിൽ പ്രദർശിപ്പിക്കപ്പെടുന്നു.

നിയമം പറയുന്നത്: ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണം. 12 വയസ്സിൽ താഴെയുള്ള കുട്ടികളെ ഗുരുതര പീഡനത്തിനിരയാക്കുന്നവർക്കു വധശിക്ഷ വരെ നൽകാം.

നടക്കുന്നത്: വധശിക്ഷ വരെ കൊടുക്കാവുന്ന വകുപ്പുകൾ ഒഴിവാക്കി സെക്‌ഷ്വൽ ഹരാസ്മെന്റ് പോലുള്ള ദുർബല വകുപ്പുകൾ ചേർത്താകും കേസ്. കടുത്ത ശിക്ഷയിൽനിന്നു പ്രതി രക്ഷപ്പെടും.

നിയമം പറയുന്നത്: കുട്ടികളുടെ സമ്മതമില്ലാതെ വൈദ്യപരിശോധന നടത്തരുത്. രക്ഷിതാക്കളുടെ സാന്നിധ്യത്തിലേ പരിശോധനയാകാവൂ. കുട്ടിക്ക് അസ്വസ്ഥത സൃഷ്ടിക്കാൻ പാടില്ല.

നടക്കുന്നത്: പരിശോധനയ്ക്കു കുട്ടി വിസമ്മതിച്ചെന്ന പേരിൽ കേസ് ദുർബലപ്പെടുത്തുന്നു. ചില ഡോക്ടർമാരുടെ പെരുമാറ്റം അസഹ്യം.

നാളെ: വ്യാജ കേസുകൾ നിയമത്തെ അട്ടിമറിക്കുന്നതെങ്ങനെ ?

എഴുത്ത്: ജിജോ ജോൺ പുത്തേഴത്ത്, സാക്കിർ ഹുസൈൻ, ജയചന്ദ്രൻ ഇലങ്കത്ത്, ജി.വിനോദ്, എം.പി.സുകുമാരൻ, ആർ.കൃഷ്ണരാജ്, എസ്.വി.രാജേഷ്, എ.എസ്.ഉല്ലാസ്, ജോജി സൈമൺ, മുസ്തഫ കൂടല്ലൂർ, എസ്.പി.ശരത്, ബേസിൽ ആലങ്ങാടൻ.

സങ്കലനം: അജീഷ് മുരളീധരൻ

related stories