Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പടക്കവും ചില്ലും നിറച്ച് ഗുജറാത്തിൽ നാടൻ ബോംബുകൾ; അന്വേഷണം തുടങ്ങി

bomb-dariyapur ദാരിയപുറില്‍ പൊലീസ് നിർവീര്യമാക്കിയ നാടൻ ബോംബുകള്‍. (വിഡിയോ ചിത്രം)

അഹമ്മദാബാദ്∙ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയിരിക്കെ ദാരിയാപുറിൽ പൊലീസ് 15 നാടൻ ബോംബുകൾ കണ്ടെത്തി. തീവ്രത കുറഞ്ഞ ബോംബുകളാണ് കണ്ടെത്തിയതെങ്കിലും ഇതിനു പിന്നിൽ പ്രവർത്തിച്ചതാരാണെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സാമുദിക സംഘർഷസാധ്യതയുടെ പേരിൽ സുരക്ഷ ശക്തമാക്കിയിട്ടുള്ള ദാരിയപുറിലെ ഒരു പൊലീസ് ഔട്പോസ്റ്റിനു സമീപത്തെ ചവറ്റുകൂനയിൽ നിന്നാണ് നാടൻ ബോംബുകൾ കണ്ടെത്തിയത്. പുകയില സൂക്ഷിക്കുന്ന 15 ടിന്നുകളിൽ പടക്കവും മൂർച്ചയേറിയ ചില്ലും നിറച്ച നിലയിലായിരുന്നു ബോംബ് തയാറാക്കിയത്.

പൊട്ടിത്തെറിക്ക് കൂടുതൽ ശക്തി ലഭിക്കാനായി ടേപ്പു കൊണ്ട് എല്ലാ ബോംബുകളും ചുറ്റിക്കെട്ടിയ നിലയിലായിരുന്നു. പ്രദേശവാസിയായ ഒരാളാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. തുടർന്ന് ബോംബ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി.

വീര്യം കുറഞ്ഞതാണെങ്കിലും തീവ്രത വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൂർച്ചയേറിയ ചില്ലുകള്‍ നിറച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. അതേസമയം പൊട്ടിത്തെറിച്ചിരുന്നെങ്കിൽ കാര്യമായ പരുക്കുണ്ടാക്കുന്നതല്ല കണ്ടെത്തിയ ബോംബുകളെന്ന് ഫൊറൻസിക് വിഭാഗം വ്യക്തമാക്കി.

ദീപാവലി സമയത്ത് വിപണിയിലുള്ള പടക്കങ്ങളാണ് ബോംബ് നിർമാണത്തിനുപയോഗിച്ചിരിക്കുന്നത്. ആഘോഷത്തിനിടെ സംഘർഷമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഇതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.