Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി വിമർശകൻ സഞ്ജീവ് ഭട്ട് 22 വർഷം മുൻപത്തെ കേസിൽ അറസ്റ്റിൽ

Sanjiv Bhatt

അഹമ്മദാബാദ്∙ ബിജെപി സർക്കാരിന്റെ കടുത്ത വിമർശകനായ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ 22 വർഷം മുൻപത്തെ കേസിൽ ഗുജറാത്ത് സിഐഡി അറസ്റ്റ് ചെയ്തു. 1996ൽ ബനാസ്കാന്ത എസ്പിയായിരിക്കേ ഒരു അഭിഭാഷകനെ ലഹരിമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് അറസ്റ്റ്. മറ്റ് ആറുപേർ കൂടി അറസ്റ്റിലായി.

അഭിഭാഷകനായ സുമേർസിങ് രാജപുരോഹിതിനെ ലഹരിമരുന്നുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കേസിൽ കുടുക്കുകയായിരുന്നുവെന്നും രാജസ്ഥാനിൽനിന്നു ഗുജറാത്ത് പൊലീസ് തട്ടിക്കൊണ്ടുപോയതാണെന്നും പിന്നീടു കണ്ടെത്തി. അഭിഭാഷകന്റെ ഹർജിയിൽ മൂന്നുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നു കഴിഞ്ഞ ജൂണിൽ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഗുജറാത്ത് കലാപത്തിന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ഒത്താശ ചെയ്തെന്നാരോപിച്ചു 2011ൽ സുപ്രീം കോടതിയിൽ ഭട്ട് സത്യവാങ്മൂലം നൽകിയിരുന്നു.

അനധികൃതമായി ജോലിയിൽ ഹാജരായില്ലെന്ന കാരണത്തിൽ 2015ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭട്ടിനെ സർവീസിൽനിന്നു പുറത്താക്കി. മോദിക്കെതിരെ നിശിത വിമർശനങ്ങളുമായി ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ ഭട്ട് സജീവമാണ്. ഇന്നലെ പുലർച്ചെ മോദിക്കെതിരെ ട്വീറ്റ് ചെയ്തിരുന്നു. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത മോദിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയായി മൽസരിച്ചിട്ടുണ്ട്.