Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സ്പോർട്സ്മാൻ സ്പിരിറ്റ്’ ചേർത്ത മസാലദോശ; അജ്മലിന്റെ മുഹബത്ത് സ്പെഷൽ

Pavilion-Hotel

മലപ്പുറം∙ ‘ഓരോ സുലൈമാനിയിലും ഒരിത്തിരി മുഹബത് വേണം. അത് കുടിക്കുമ്പോ ലോകം ഇഞ്ഞനെ പതുക്കെയായി വന്നു നിക്കണം’. ഉസ്താദ് ഹോട്ടലിലെ ഫൈസിയോട് ഉപ്പൂപ്പ പറഞ്ഞതാണിത്. എന്നാൽ അജ്മൽ മുഹബത്തിനൊപ്പം ഇച്ചിരി സ്പോർട്സ്മാൻ സ്പിരിറ്റും കൂടി ചേർത്താണു വിളമ്പിയത്. മനസ്സും ശരീരവും ഒരുപോലെ നിറയുന്ന രുചി.

മുന്നില്‍ ഭക്ഷണമെത്തിയപ്പോള്‍ പിന്നില്‍ ഫുട്ബോള്‍ താരം സിദാന്‍. മറ്റെരാസിയെ തലകൊണ്ടിടിച്ചു വീഴ്ത്തിയ ശേഷമുള്ള നിൽപാണ്. തൊട്ടടുത്തുള്ളതു ക്രിക്കറ്റ് താരം മിയാന്‍ദാദ്. മൂപ്പരും കലിപ്പാണ്. ഓസ്ട്രേലിയന്‍ ബൗളര്‍ ഡെന്നിസ് ലില്ലിയെ ബാറ്റുമായി അടിക്കാനോങ്ങിയുള്ള നിൽപ്. ഇതെല്ലാം കണ്ട് ടെന്നിസ് ഇതിഹാസം ബോറിസ് ബക്കര്‍ ട്രോഫിയുമായി ചിരിച്ചുനിൽക്കുന്നു !

ലോകപ്രശസ്തരായ കായികതാരങ്ങളെല്ലാം സമ്മേളിച്ചിരിക്കുന്നത് മലപ്പുറം കുന്നുമ്മല്ലിലെ പവലിയൻ ഹോട്ടലിലാണ്. കായികമേഖലയിലെ പ്രധാന സംഭവങ്ങളേയും താരങ്ങളെയും ഹോട്ടൽ ഭിത്തിയിലേക്ക് ആവാഹിച്ചിരിക്കുകയാണ് ഉടമസ്ഥനായ കിളിയമണ്ണില്‍ അജ്മല്‍. ഹോട്ടലില്‍ എത്തുന്ന കുട്ടികളോടു ഭിത്തിയിലെ ഫോട്ടോ ചൂണ്ടിക്കാട്ടി അജ്മല്‍ ചോദിക്കും. അതാരാണ്, എന്നായിരുന്നു സംഭവം ? ഉത്തരം ശരിയായാല്‍ ഭക്ഷണം സൗജന്യം.

Pavilion-Hotel4

വേങ്ങരയില്‍ തിരഞ്ഞെടുപ്പ് ചൂട് തലയ്ക്കു പിടിക്കുമ്പോള്‍ ഇവിടെ കായിക ചര്‍ച്ചകള്‍ക്കാണ് ചൂട്. പുറത്തുനിന്നെത്തിയ രാഷ്ട്രീയ നേതാക്കളടക്കം നിരവധിപേര്‍ പവലിയന്‍ ഹോട്ടല്‍ കാണാൻ എത്തുന്നു. ‌2011ൽ വെറുതേയൊരു രസത്തിനാണു വെജിറേറിയന്‍ ഹോട്ടല്‍ സംരംഭം ആരംഭിച്ചതെന്ന് അജ്മല്‍ പറയുന്നു. അന്ന് മലപ്പുറം ടൗണില്‍ വേറെ വെജിറ്റേറിയന്‍ ഹോട്ടലില്ലായിരുന്നു. വ്യത്യസ്തതയ്ക്കായി പല ആശയങ്ങളും ആലോചിച്ചു.

ചെന്നെയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കായിക താരങ്ങളുടെ ചിത്രങ്ങള്‍ അലങ്കരിച്ചൊരു കോഫീഷോപ്പ് ഓർമയിലെത്തി. അതുതന്നെ ഇവിടെയുമാകാമെന്ന് അജ്മൽ ഉറപ്പിക്കുകയായിരുന്നു.

ഭിത്തി നിറഞ്ഞ് സ്പോർട്സ്മാൻ സ്പിരിറ്റ്

ഹോട്ടല്‍ ഭിത്തികള്‍ അലങ്കരിക്കാന്‍ കായിക താരങ്ങളുടേയും പ്രസിദ്ധമായ സംഭവങ്ങളുടേയും ഫോട്ടോകള്‍ തിരഞ്ഞെടുത്തത് അജ്മലാണ്. നെറ്റില്‍നിന്നാണു കൂടുതലും ശേഖരിച്ചത്. ചിലതു സുഹൃത്തുക്കള്‍ നല്‍കി. എന്തെങ്കിലും പ്രത്യേക സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ് ഓരോ ഫോട്ടോയും.

നെഹ്റുവില്‍നിന്ന് സമ്മാനം വാങ്ങുന്ന മലപ്പുറംകാരന്റെ ചിത്രമാണ് ആദ്യം ശ്രദ്ധിക്കുക. അന്‍പതുകളില്‍ ഡല്‍ഹിയില്‍ നടന്ന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തിയതിനുള്ള പുരസ്കാര സമർപ്പണം ആയിരുന്നു അത്. പക്ഷേ താരത്തിന്റെ പേര് ഓർമയില്ല. കൗണ്ടറിനോട് ചേര്‍ന്ന് ഏറ്റവും മുകളിലായാണു ചിത്രത്തിന്റെ സ്ഥാനം.

Pavilion-Hotel2

അതിനു തൊട്ടു താഴെയായി ചാക്കോള ട്രോഫി നേടിയ മെയ്തു റബര്‍ എസ്റ്റേറ്റ് ടീമിന്റെ ചിത്രം. വശത്തായി ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം, ടെന്നിസ് താരം ബോണ്‍ ബോര്‍ക്ക്, ബോറിസ് ബെക്കര്‍. തൊട്ടരികില്‍ മൂന്നു തവണ ഫോര്‍മുല വണ്‍ റൈസിങ് ചാമ്പ്യനായ, 1994ല്‍ അപകടത്തില്‍ മരിച്ച അയേട്ടന്‍സെന്ന. 2002 ലെ നാറ്റ് വെറ്റ് സീരിസ് വിജയിച്ചതിനെത്തുടര്‍ന്ന് ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ബാല്‍ക്കണിയില്‍നിന്ന് ആവേശത്തോടെ നീലകുപ്പായം ഊരിവീശുന്ന ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.

ഡെന്നിസ് ലില്ലിയെ ബാറ്റുമായി അടിക്കാനെത്തുന്ന പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദിന്റെ ചിത്രം വ്യത്യസ്തമാണ്. 1981ല്‍ മിയാന്‍ദാദിന്റെ ക്യാപ്റ്റന്‍സില്‍ പാക്കിസ്ഥാന്‍ ആദ്യമായി നടത്തിയ ഓസ്ട്രേലിയന്‍ ടൂറിലാണു സംഭവം. പെര്‍ത്തിലെ മത്സരം അവസാനിക്കാന്‍ രണ്ടുദിവസം ബാക്കിനിൽക്കേ, പാക്കിസ്ഥാനു മുന്നില്‍ 543 റണ്‍സെന്ന ഭീമൻലക്ഷ്യം. 27 റണ്‍സെടുക്കേ രണ്ടുവിക്കറ്റ് നഷ്ടമായി. ക്രീസില്‍ ക്യാപ്റ്റന്‍ മിയാന്‍ദാദും മൻസൂര്‍ അക്തറും. ബൗളര്‍മാര്‍ ലില്ലിയും ടെറി അള്‍ഡ്രര്‍മാനും.

Pavilion-Hotel1

റണ്ണിനായി മിയാന്‍ദാദ് ഓടുന്നതിനിടെ ബാറ്റ്സ്മാന്റെ പാതയില്‍ ലില്ലി തടസമുണ്ടാക്കി. തുടര്‍ന്നു തര്‍ക്കം, കയ്യേറ്റം. ഇതിനിടയിലാണു ലില്ലിയെ ബാറ്റുമായി അടിക്കാന്‍ മിയാന്‍ദാദ് ഓടിയടുക്കുന്നത്. അന്നു ടിവി വ്യാപകമല്ലാത്തതിനാല്‍ അപൂർവമായ ചിത്രമാണിതെന്ന് അജ്മൽ പറയുന്നു. വശങ്ങളിലെ ഭിത്തികളില്‍ പോള്‍വാള്‍ട്ട് താരം സെര്‍ബി ബുബ്ക്കയും ഫുട്ബോള്‍ മാന്ത്രികന്‍ പെലയും സിദാനും മറഡോണയും. നിറംമങ്ങുമ്പോള്‍ ഫോട്ടോകള്‍ മാറ്റി എപ്പോഴും പുത്തനാക്കി വയ്ക്കാറുണ്ട് ഇദ്ദേഹം.

കായിക പാരമ്പര്യമുള്ള കിളിയമണ്ണില്‍ 

കിളിയമണ്ണില്‍ കുടുംബത്തിനു കായികമേഖലയുമായുള്ള ബന്ധം പ്രശസ്തമാണ്. അജ്മലിന്റെ പിതാവ് മൊയ്തു ഹാജിയുടെ നേതൃത്വത്തിലാണ് 1952ല്‍ ജില്ലയിലെ ആദ്യ ഫുട്ബാള്‍ ക്ലബുകളിലൊന്നായ മൊയ്തു റബര്‍ എസ്റ്റേറ്റ് ക്ലബ് (എംആര്‍ഇ) രൂപീകരിച്ചത്. എസ്റ്റേറ്റിലായിരുന്നു ടീമിന്റെ പരിശീലനം. ചാക്കോള ട്രോഫിയടക്കം നിരവധി സമ്മാനങ്ങള്‍ നേടിയ ക്ലബിലെ താരങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ പിന്നീട് താരങ്ങളായി.

1955-56 കാലഘട്ടത്തില്‍ ക്ലബിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇപ്പോള്‍ എസ്റ്റേറ്റിന്റെ ഒരു ഭാഗം എംഇഎസ് മെഡിക്കല്‍ കോളജിനായി കൈമാറി. പിന്നീട് എഴുപതുകളില്‍ അജ്മലിന്റെ സഹോദരൻ യാക്കൂബിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ ആദ്യ ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചു, ലോർഡ്സ് ക്രിക്കറ്റ് ക്ലബ്. പിന്നീട് മലപ്പുറം നഗരസഭാ െചയര്‍മാനായ യാക്കൂബായിരുന്നു ആദ്യം ടീമിന്റെ ക്യാപ്റ്റന്‍.

Pavilion-Hotel3
related stories