കോസ്റ്റാറിക്ക–ഗിനിയ മത്സരം സമനിലയിൽ; ജർമനിക്കെതിരെ നാലടിച്ച് ഇറാൻ

ഗിനിയക്കെതിരെ ഗോൾ നേടിയ കോസ്റ്ററിക്കയുടെ യെക്സി ജാർഗ്വിവിന്റെ ആഹ്ലാദം.ചിത്രം: ഇ.വി.ശ്രീകുമാർ

പനാജി∙ ഗോവയിൽ നടന്ന കോസ്റ്റാറിക്ക – ഗിനിയ മത്സരം സമനിലയിൽ. മത്സരത്തിൽ ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി. മത്സരത്തിന്റെ 26ാം മിനിറ്റിൽ യെക്സി ജാർകിനിലൂടെ ആദ്യം മുന്നിലെത്തിയത്  കോസ്റ്റാറിക്കയായിരുന്നു. എന്നാൽ തൊട്ടു പിന്നാലെ ഗിനിയ ഇതിന് മറുപടി നൽകി. 30ാം മിനിറ്റിൽ ഫജെ ടൂറെയിലൂടെ ആയിരുന്നു ഗിനിയയുടെ ഗോൾ.

മത്സരത്തിനിടെ കോസ്റ്റാറിക്കൻ ഗോളി റിക്കാർഡോ മോണ്ടിനിഗ്രോ.ചിത്രം: ഇ.വി.ശ്രീകുമാർ

രണ്ടാം പകുതിയിൽ തിരിച്ചുവരവിന് ശ്രമിച്ച കോസ്റ്റാറിക്ക വീണ്ടും ലീഡ് നേടി. 67ാം മിനിറ്റിൽ അൻഡ്രു ഗോമസിന്റെ കാലിൽ നിന്നായിരുന്നു രണ്ടാം ഗോൾ. എന്നാൽ മറുപടിക്കായി വീണ്ടുമുണർന്ന ഗിനിയൻ നിര അവസാന മിനിറ്റിൽ വീണ്ടും കോസ്റ്റാറിക്കൻ വലകുലുക്കി. ഇബ്രാഹിമ സൗമയുടെ വകയായിരുന്നു ഈ ഗോൾ.

ആദ്യ മത്സരത്തിൽ കോസ്റ്റാറിക്ക ജർമനിയോടും ഗിനിയ ഇറാനോടും  തോറ്റിരുന്നു. 

ജർമനിക്കെതിരെ നാലടിച്ച് ഇറാൻ

ജർമനിക്കെതിരെ വിജയിച്ച ഇറാൻ ടീമംഗങ്ങളുടെ ആഹ്ലാദം.ചിത്രം: ഇ.വി.ശ്രീകുമാർ

രണ്ടാം മത്സരത്തിൽ ജർമനിക്കെതിരെ ഇറാൻ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയം സ്വന്തമാക്കി. ആദ്യപകുതിയിലും രണ്ടാം പകുതിയിലും രണ്ട് ഗോൾ വീതം നേടിയാണ് ഇറാൻ പേരുകേട്ട ജർമൻ നിരയെ തറപറ്റിച്ചത്. ആറാം മിനിറ്റിലും 42ാം മിനിറ്റിലും ഗോൾ നേടിയ യൂനസ് ഡെൽഫിയാണ് ഇറാന് വേണ്ടി ആദ്യ ലീഡുകള്‍ നേടിയത്. 49–ാം മിനിറ്റിൽ അല്ലാഹ്യർ സയിദും 75–ാം മിനിറ്റിൽ വാഹിദ് നംദാരിയും ജർമൻ ഗോൾവല കുലുക്കിയതോടെ ജർമൻ തോൽവി പൂർണമായി. മത്സരത്തിൽ മറുപടി നൽകാനുള്ള ജർമൻ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു.

ജർമൻ ടീമംഗങ്ങളുടെ നിരാശ. ചിത്രം: ഇ.വി.ശ്രീകുമാർ