ബേപ്പൂരിൽ ബോട്ട് മുങ്ങിയത് കപ്പൽ ഇടിച്ച്; നാലു പേരെ കാണാതായി

ബേപ്പൂർ തുറമുഖം (ഫയൽ ചിത്രം)

കോഴിക്കോട്∙ ബേപ്പൂർ തുറമുഖത്തിനു സമീപം ബോട്ട് മുങ്ങിയത് കപ്പൽ ഇടിച്ചാണെന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികൾ. തമിഴ്നാട്ടിൽ നിന്നുള്ള ഇമ്മാനുവൽ എന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബേപ്പൂരിനു പടിഞ്ഞാറ് 50 നോട്ടിക്കൽ മൈൽ അകലെ ബുധനാഴ്ച രാത്രിയായിരുന്നു അപകടം. 

ബോട്ടിൽ നിന്നു വെള്ളത്തിൽ വീണു കാണാതായ നാലു പേർക്കായി തിരച്ചിൽ തുടരുകയാണ്. ഇവരിൽ രണ്ടു പേർ മലയാളികളാണെന്നാണ് റിപ്പോർട്ട്. മറ്റുള്ളവർ തമിഴ്നാട് സ്വദേശികളും. ആറു പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട രണ്ടു പേരെ മറ്റ് മത്സ്യത്തൊഴിലാളികളാണ് രക്ഷിച്ചതെന്നറിയുന്നു. കന്യാകുമാരി, തൂത്തൂർ സ്വദേശികളാണ് രക്ഷപ്പെട്ടത്. 

പുതിയാപ്പയി‍ൽ നിന്നു കടലിൽ പോയ ഗോവിന്ദ് ബോട്ടുകാരാണ് തൊഴിലാളികളെ രക്ഷിച്ചത്. ഇവരെ കോസ്റ്റ് ഗാർഡിന്റെ സി–404 കപ്പലിൽ ബേപ്പൂരിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇക്കഴിഞ്ഞ ജൂണിൽ കൊച്ചിയിൽ പുതുവൈപ്പിനിനു സമീപം മത്സ്യബന്ധ ബോട്ടിൽ കപ്പലിടിച്ച് രണ്ടു പേർ മരിച്ചിരുന്നു. തോപ്പുംപടിയിൽ നിന്നു പുറപ്പെട്ട കാർമൽ മാത എന്ന ബോട്ടാണ് അന്ന് അപകടത്തിൽപ്പെട്ടത്. ബോട്ടിൽ 14 പേരായിരുന്നു ഉണ്ടായിരുന്നത്.