പേമാരിയും മിന്നലും: ഐവറികോസ്റ്റിൽ ചരക്കു വിമാനം കടലിൽ തകർന്നുവീണു

ഐവറി കോസ്റ്റിൽ കടലിൽ തകർന്നുവീണ വിമാനം. (ചിത്രത്തിനു കടപ്പാട്: koaci.com‏, ട്വിറ്റർ)

അബിജാൻ (ഐവറി കോസ്റ്റ്) ∙ പേമാരിയിലും മിന്നലിലും ഐവറി കോസ്റ്റിൽ വിമാനം തകർന്ന് കടലിൽ വീണു. നാലു പേരുടെ മൃതദേഹങ്ങൾ വിമാനാവശിഷ്ടങ്ങളിൽനിന്നു കണ്ടെടുത്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

ഐവറി കോസ്റ്റിലെ പ്രധാന നഗരമായ അബിജാനിലെ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു പറന്നയുർന്ന് കുറച്ചു സമയത്തിനുള്ളിലായിരുന്നു അപകടം. അറ്റ്ലാന്റിക് കടൽതീരത്തോടു ചേർന്നാണു വിമാനം തകർന്നുവീണത്.

ശനിയാഴ്ച രാവിലെയായിരുന്നു അപകടം. ചരക്കു വിമാനമാണ് തകർന്നത്. പോർട്ട് ബ്യുയറ്റിൽനിന്ന് അധികൃതർ സ്ഥലത്തെത്തി. പ്രചരിക്കുന്ന ചിത്രങ്ങൾ അനുസരിച്ച് വിമാനം പല കഷണങ്ങളായി മുറിഞ്ഞാണു കടലിൽ കിടക്കുന്നത്. ഫ്രഞ്ച് സേന ചരക്കു കൈമാറ്റത്തിന് ഉപയോഗിക്കുന്ന വിമാനമാണിത്.