സര്‍ക്കാര്‍ സഹായങ്ങള്‍ വിതരണം ചെയ്യുന്നത് സിപിഎം ഓഫിസുകള്‍ വഴി: കുമ്മനം

ചെങ്ങന്നൂര്‍∙ സംസ്ഥാന സര്‍ക്കാരിന്റെ ഗുണഭോക്തൃ പദ്ധതികള്‍ നല്‍കുന്നത് സിപിഎം ഓഫിസുകള്‍ വഴിയാണെന്നും സര്‍ക്കാര്‍ സഹായങ്ങള്‍ സിപിഎം നേതാക്കള്‍ പറയുന്നതുപോലെയാണു നല്‍കപ്പെടുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചു നടപ്പാക്കുന്ന പദ്ധതികള്‍ യഥാര്‍ഥ അവകാശികള്‍ക്കു കിട്ടാതെ വരികയും പാര്‍ട്ടി പ്രവര്‍ത്തകര്‍ തട്ടിയെടുക്കുകയുമാണെന്നും കുമ്മനം പറഞ്ഞു. ജനരക്ഷായാത്രയ്ക്കു ചെങ്ങന്നൂരില്‍ നല്‍കിയ സ്വീകരണത്തിനു നന്ദി പറയുകയായിരുന്നു അദ്ദേഹം.

എല്ലാവര്‍ക്കും ഒരുപോലെ ജീവിക്കാനുള്ള അവകാശത്തെയാണു സിപിഎം ഇല്ലായ്മചെയ്തുകൊണ്ടിരിക്കുന്നതെന്നു കുമ്മനം പറഞ്ഞു. രാഷ്ട്രീയമോ ജാതിയോ നോക്കിയാവരുത് സര്‍ക്കാര്‍ പണം ഉപയോഗിച്ചുള്ള സഹായങ്ങള്‍ നല്‍കുന്നത്. സിപിഎമ്മില്‍ പെട്ടവര്‍ മാത്രം ജീവിച്ചാല്‍ മതിയെന്നു പറയുന്നതു ഫാസിസ്റ്റ് സമീപനമാണ്. എല്ലാ മേഖലയിലും കയ്യൂക്കിന്റെയും സ്വാധീനത്തിന്റെയും ബലത്തിലാണു നേട്ടങ്ങളുണ്ടാക്കുന്നത്. ഭൂരഹിതരായ ആയിരക്കണക്കിനാളുകള്‍ക്കു ഭൂമി നല്‍കാതിരിക്കുമ്പോള്‍ കയ്യൂക്കിന്റെ ബലത്തില്‍ ചിലര്‍ കാര്യങ്ങള്‍ നേടുകയാണ്. മന്ത്രിമാര്‍ വരെ ഭൂമി കയ്യേറുന്നു. മൂന്നാറിലും കുട്ടനാട്ടിലും മന്ത്രിമാരും രാഷ്ട്രീയക്കാരും വന്‍കിട കയ്യേറ്റങ്ങളാണു നടത്തുന്നത്. ജീവിക്കാന്‍ നിവര്‍ത്തിയില്ലാതെ ജനം നെട്ടോട്ടമോടുകയാണ്. തൊഴിലില്ല, വിലക്കയറ്റം രൂക്ഷം. ഇതിനെല്ലാമിടയില്‍ ഭീകര പ്രവര്‍ത്തനവും രാഷ്ട്രീയ കൊലപാതകങ്ങളും വര്‍ധിക്കുന്നു.

സിപിഎമ്മുകാര്‍ എതിരാളികളെ വെട്ടിക്കൊല്ലുകയാണ്. തീവ്രവാദികളും അവര്‍ക്കിഷ്ടമില്ലാത്തവരെ കൊന്നൊടുക്കുന്നു. കേരളത്തില്‍ ജിഹാദി പ്രവര്‍ത്തനം ശക്തമായി നടക്കുമ്പോള്‍ സര്‍ക്കാര്‍ അതു കണ്ടില്ലെന്നു നടിച്ചു ജിഹാദികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നു കുമ്മനം പറഞ്ഞു. മാറാട് എട്ടു പേരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയപ്പോള്‍ സിപിഎമ്മും കോണ്‍ഗ്രസും മൗനം പാലിച്ചു. പ്രതികളെ സഹായിക്കുന്ന സമീപനമായിരുന്നു അവരുടേത്. തീവ്രവാദികള്‍ക്കു പിന്തുണയും സഹായവും നല്‍കുന്നതില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും പങ്ക് വളരെ വ്യക്തമാണെന്നു കുമ്മനം പറഞ്ഞു.

പി. പരമേശ്വരനെ കൊല്ലാന്‍ പദ്ധതിയിട്ട മദനിയുടെ കേസ് ഫയലുകള്‍ കാണാനില്ലെന്നാണു പൊലീസ് കോടതിയില്‍ പറഞ്ഞത്. ജിഹാദികള്‍ക്കു വേണ്ടി കേസുകള്‍ അട്ടിമറിക്കുന്ന സമീപനമാണു സര്‍ക്കാരിന്റേത്. പെണ്‍കുട്ടികളെ സ്‌നേഹം നടിച്ചു തട്ടിയെടുത്തശേഷം സിറിയയിലേക്കു കൊണ്ടുപോയി തീവ്രവാദ പ്രവര്‍ത്തനത്തിനുപയോഗിക്കുന്ന സംഘം കേരളത്തില്‍ സജീവമാണ്. എന്നാല്‍ സര്‍ക്കാര്‍ അതും കണ്ടില്ലെന്നു നടിക്കുന്നു. തട്ടികൊണ്ടുപോകപ്പെട്ട പെണ്‍കുട്ടികളെ ഓര്‍ത്തു കരയുന്ന അമ്മമാരുടെ കണ്ണീര്‍ തുടയ്ക്കുന്നതിനാണീ ജനരക്ഷാ യാത്രയെന്നും കുമ്മനം വ്യക്തമാക്കി.