തലകൊയ്താലും തലകുനിക്കില്ല, ബിജെപിയെ ഇല്ലാതാക്കാമെന്നു കരുതേണ്ട: സ്മൃതി

ബിജെപിയുടെ ജനരക്ഷായാത്രയിൽ പങ്കെടുത്തു സംസാരിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ചിത്രം കടപ്പാട്: ബിജെപി കേരളം, ഫെയ്സ്ബുക് പേജ്

പത്തനംതിട്ട∙ സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകരുടെ തല കൊയ്താലും തല കുനിക്കാനില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ജനരക്ഷായാത്രയുടെ പത്തനംതിട്ട ജില്ലയിലെ പ്രയാണം ഇലന്തൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. അക്രമത്തിലൂടെ ബിജെപിയെ ഇല്ലാതാക്കാമെന്നു സിപിഎം കരുതേണ്ട. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ ഒറ്റയ്ക്കല്ല. സിപിഎം അക്രമത്തെ നേരിടാന്‍ രാഷ്ട്രം ഒറ്റക്കെട്ടായി അവര്‍ക്കൊപ്പമുണ്ട്. മാര്‍ക്‌സിസ്റ്റ് അക്രമത്തിനെതിരായി ബിജെപി മുന്നോട്ടുവച്ച കാല്‍ പിന്നോട്ടുവയ്ക്കില്ല. ബലിദാനികളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കുംവരെ പ്രക്ഷോഭം തുടരും.

ദൈവത്തിന്റെ സ്വന്തംനാട് എന്നറിയപ്പെടുന്ന കേരളത്തില്‍ അമ്മമാർ വരെ കൊല ചെയ്യപ്പെടുമ്പോള്‍ എങ്ങനെ ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിക്കും. ബിജെപി – ആര്‍എസ്എസ് പ്രത്യയശാസ്ത്രങ്ങളോട് അനുഭാവം പ്രകടിപ്പിച്ചതിനാണു മാര്‍ക്‌സിസ്റ്റുകാര്‍ ഇവിടെ അമ്മമാരെയും സഹോദരിമാരെയും കൊന്നൊടുക്കുന്നത്. ഈ നാട്ടില്‍ ജനാധിപത്യത്തെപ്പറ്റി പറയാന്‍ സിപിഎമ്മിന് എന്ത് അവകാശമാണുള്ളത്. രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കുന്നവര്‍ക്ക് അധികാരത്തിന്റെ തണലില്‍ സംരക്ഷണം നല്‍കുകയാണ് സിപിഎം.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ക്കു ജനാധിപത്യമാര്‍ഗങ്ങള്‍ അനുസരിച്ചായിരിക്കും ബിജെപി മറുപടി നല്‍കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു. ഇലന്തൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തിലെ പി.കെ. രവീന്ദ്രന്‍ നഗറില്‍ യാത്രാ ക്യാപ്റ്റന്‍ കുമ്മനം രാജശേഖരനു ബിജെപി പതാക കൈമാറിയാണു കേന്ദ്രമന്ത്രി സ്മൃതി ഇറാനി രക്ഷായാത്രയുടെ ജില്ലയിലെ പ്രയാണത്തിനു തുടക്കമിട്ടത്.