ബിജെപി ഏറ്റവും സമ്പന്നമായ ദേശീയ പാർട്ടി; 11 വർഷത്തിനിടെ വർ‌ധിച്ചത് 700 %

ന്യൂഡൽഹി∙ രാജ്യം ഭരിക്കുന്ന പാർട്ടിയെന്ന പദവിക്കു പുറമേ ബിജെപിക്ക്, ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ദേശീയ പാർട്ടിയെന്ന വിശേഷണം കൂടി. രാജ്യത്തെ ദേശീയ രാഷ്ര്ടീയ പാര്‍ട്ടികളുടെ ആസ്തിവിവരം പുറത്തുവന്നപ്പോഴാണ് 894 കോടി രൂപയുമായി ബിജെപി ഒന്നാമതെത്തിയത്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എഡിആർ) ആണ് റിപ്പോർട്ട് തയാറാക്കിയത്

2015-16 കാലത്തെ കണക്കനുസരിച്ച് ബിജെപിയുടെ ആകെ ആസ്തമൂല്യം 894 കോടിയോളം രൂപയുടേതാണ്. കോൺഗ്രസ് തൊട്ടുപുറകെയുണ്ട്– 759 കോടി രൂപയുടെ ആസ്തി. ബിജെപിക്ക് 25 കോടിയുടെ ബാധ്യയുള്ളപ്പോൾ കോൺഗ്രസിന്റേത് 329 കോടിയാണ്. ബാങ്കുകളില്‍ നിന്നെടുത്ത വായ്പകളാണ് പ്രധാനമായും ബാധ്യതയായി കണക്കാക്കുന്നത്. 2004-05 മുതൽ 2015-16 വരെ വര്‍ഷങ്ങളില്‍ പാര്‍ട്ടികള്‍ വെളിപ്പെടുത്തിയ ആസ്തി സംബന്ധിച്ച കണക്കുകള്‍ ചേർത്താണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ബിജെപിയുടെ ആസ്തി വർധന 700 ശതമാനം

വസ്തുവകകള്‍, പണം, വാഹനം, നിക്ഷേപം, വായ്പകള്‍, പ്രതീക്ഷിത വരുമാനം തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് ആസ്തി കണക്കാക്കിയത്. 2014–15 വരെ കോൺഗ്രസിനാണ് ഏറ്റവും കൂടുതൽ സ്വത്തുണ്ടായിരുന്നത്. തുടർന്നുള്ള വർഷങ്ങളിലാണ് ബിജെപി നില മെച്ചപ്പെടുത്തിയത്. ബാധ്യതകൾ ഒഴിവാക്കിയാലും ബിജെപി തന്നെയാണ് ആസ്തിയിൽ ഒന്നാമത്– 869 കോടി. ബഹുജൻ സമാജ്‌വാദി പാർട്ടി (ബിഎസ്പി) 557 കോടി, സിപിഎം 432 കോടി എന്നിങ്ങനെയാണ് മറ്റുള്ള പാർട്ടികളുടെ ആസ്തി.

11 വർഷത്തെ കണക്കിൽ, ബിജെപിയുടെ ആസ്തിയിലെ വർധന 700 ശതമാനം. കോൺഗ്രസിനാകട്ടെ 169 ശതമാനവും. 2004–05ൽ ബിജെപിയുടെ ആസ്തിമൂല്യം 123 കോടിയായിരുന്നു. എന്നാൽ ഇവ രണ്ടുമല്ല ആസ്തി വർധനയുടെ ശതമാനക്കണക്കിൽ മുൻപിലുള്ളത്. തൃണമൂൽ കോൺഗ്രസിന് ഇക്കാലത്തിനിടെ 13,447 ശതമാനവും ബിഎസ്പിക്ക് 1,194 ശതമാനവുമാണ് ആസ്തി കൂടിയത്. 2004–05ൽ ദേശീയ പാർട്ടികളുടെ ആസ്തികളുടെ ശരാശരി 61.62 കോടി രൂപയായിരുന്നു. 2015–16ൽ ഇത് 388.45 കോടിയായി കുതിച്ചുയർന്നു.

ആസ്തി വർധനവ് പാർട്ടിയുടെ സുതാര്യതയാണു തെളിയിക്കുന്നതെന്നു ബിജെപി പ്രതികരിച്ചു. ‘ചെക്ക് ആയാണ് സംഭാവനകൾ സ്വീകരിക്കുന്നത്. എല്ലാ ജില്ലകളിലും പാർട്ടിക്ക് ഓഫിസുകൾ നിർമിക്കുന്നുണ്ട്. ആദായ നികുതി റിട്ടേണുകൾ കൃത്യമായി നൽകുന്നുണ്ട്. സംഭാവനകൾക്കായി കേന്ദ്രീകൃത ബാങ്ക് അക്കൗണ്ട് രൂപീകരിക്കാൻ ആലോചിക്കുന്നുമുണ്ട്’– ബിജെപി വക്താവ് ഗോപാൽ അഗർവാൾ പറഞ്ഞു.