ഫ്രാൻസിനെ തോൽപ്പിച്ച് സ്പെയിൻ; മെക്സിക്കോയ്ക്കെതിരെ ഇറാനും ജയം

ഗുവാഹത്തി∙ അണ്ടർ 17 ലോകകപ്പിന്റെ പ്രീക്വാർട്ടര്‍ പോരാട്ടത്തിൽ ഫ്രാൻസിനെ തോൽപ്പിച്ച് സ്പെയിനും മെക്സിക്കോയെ തോൽപ്പിച്ച് ഇറാനും ക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇരു ടീമുകളുടെയും ജയം. ജുവാൻ മിറാൻഡ(44), ആബേൽ റൂയിസ്(90) എന്നിവർ നേടിയ ഗോളുകളിലാണ് സ്പാനിഷ് ടീമിന്റെ ജയം. ഇറാനു വേണ്ടി മുഹമ്മദ് ഷരീഫി(7),അല്ലാഹർ സയദ് എന്നിവരാണ് ലക്ഷ്യം കണ്ടത്.

ആദ്യം ഗോൾ വഴങ്ങിയതിന് ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് സ്പെയിൻ തിരിച്ചുവരവ് നടത്തിയത്. തുടക്കം മുതൽ ലീഡ് നേടാൻ സ്പെയിനും ഫ്രാൻസും ശ്രമിച്ചെങ്കിലും 34–ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയത് ഫ്രാൻസ്. സൂപ്പർ താരം അമിൻ ഗുയിരി നൽകിയ പന്ത് ബോക്സിനകത്തു നിന്നും വലയിലെത്തിച്ചത് ലെനി പിന്റോർ. പിന്നാലെ സ്പാനിഷ് ഗോൾ വല കുലുക്കാൻ ഫ്രാൻസ് വീണ്ടും ശ്രമിച്ചെങ്കിലും പാഴായി. മറുപടി നൽകാൻ തുനി‍ഞ്ഞിറങ്ങിയ സ്പെയിൻ ലക്ഷ്യം കണ്ടത് 44–ാം മിനിറ്റിൽ . ഫെറാൻ ടോറസ് നൽകിയ പന്ത് തകർപ്പൻ ഹെഡറിലൂടെ ഫ്രാൻസിന്റെ വലയിലെത്തിച്ചത് ജുവാൻ മിറാൻഡ. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഒരോ ഗോൾ വീതം നേടി സമനിലയിൽ.

രണ്ടാം പകുതി അവസാന മിനിറ്റു വരെ വിജയ ഗോൾ അകന്നുനിന്നു. എന്നാല്‍ ഗോൾ പോസ്റ്റിൽ ഗോളി പോലും ഇല്ലാത്ത സാഹചര്യത്തിൽ സ്പെയിനിന്റെ അലോൻസോ ലാറയെ ഫ്രഞ്ചു താരം ഔമർ സോലറ്റ് ഫൗൾ ചെയ്തു വീഴ്ത്തി. പെനൽട്ടി ലഭിച്ചതോടെ കണ്ണുകളെല്ലാം സ്പാനിഷ് താരം ആബേൽ റൂയിസിലേക്ക്. സ്പെയിനു വേണ്ടി ഭംഗിയായി ആബേൽ റൂയ്സ് പന്ത് വലയിലെത്തിച്ചു. അവസാന മിനിറ്റിൽ സ്പെയിൻ ലീഡ് നേടിയതോടെ മറുപടി നൽകാൻ ഫ്രാൻസിനും കഴിഞ്ഞില്ല. 22നു നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇറാനാണ് സ്പെയിനിന്റെ എതിരാളികൾ.

മെക്സിക്കൻ തിരമാലകൾ മറികടന്ന് ഇറാൻ

തുടക്കത്തില്‍ നേടിയ രണ്ടു ഗോളുകളുടെ ബലത്തിലാണ് ഇറാൻ ജയിച്ചു കയറിയത്. ഒരു ഗോൾ മാത്രം നേടിയ മെക്സിക്കോയ്ക്ക് ഗോൾ നേട്ടം ഉയർത്താൻ കഴിയാത്തത് തിരിച്ചടിയായി.

ഇറാൻ–മെക്സിക്കോ മത്സരത്തിൽ നിന്ന്.ചിത്രം: ഇ.വി.ശ്രീകുമാർ

മികച്ച ഫോമിലുള്ള ഇറാൻ മെക്സിക്കോയെ വിറപ്പിച്ചാണ് കളി തുടങ്ങിയത്. ഏഴാം മിനിറ്റിൽ ലഭിച്ച പെനൽറ്റി മുതലെടുത്ത് ഇറാൻ ആദ്യ ലീഡ് സ്വന്തമാക്കി. മുഹമ്മദ് ഷരീഫിയാണ് ഇറാന് വേണ്ടി ആദ്യ ഗോൾ നേടിയത്. തൊട്ടു പിന്നാലെ 11–ാം മിനിറ്റിൽ അല്ലാഹർ സയദിന്റെ ഷോട്ട് മെക്സിക്കൻ വല കുലുക്കി. അലി ഗൊലം സാദെയുടെ അസിസ്റ്റിലായിരുന്നു ഇറാന്റെ രണ്ടാം ഗോൾ.

ഇറാൻ–മെക്സിക്കോ മത്സരത്തിൽ നിന്ന്.ചിത്രം:ഇ.വി.ശ്രീകുമാര്‍

37–ാം മിനിറ്റിൽ മെക്സിക്കോ ആദ്യ ഗോള്‍ നേടി. ബോക്സിനകത്ത് നിന്നും റോബർട്ടോ ഡി ലാ റോസ തൊടുത്ത വലംകാൽ ഷോട്ടിലായിരുന്നു മെക്സിക്കോ ഗോൾ. സ്കോർ 2–1. ആദ്യ പകുതിയുടെ അവസാനം റോസയിലൂടെ തന്നെ മെക്സിക്കോ സമനില ഗോളിന് ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.

ഗോൾ നേടിയ മെക്സിക്കൻ ടീമംഗങ്ങളുടെ ആഹ്ലാദം.ചിത്രം:ഇ.വി.ശ്രീകുമാർ

രണ്ടാം പകുതിയിൽ പക്ഷേ മൂന്നാതൊരു ഗോൾ നേടാന്‍ ഇറാനും സമനില പിടിക്കാൻ മെക്സിക്കോയ്ക്കും കഴിഞ്ഞില്ല. ഇരു ടീമുകളും ഗോൾ ശ്രമങ്ങൾ പല കുറി ന‌ടത്തിയതെങ്കിലും ലക്ഷ്യം അകന്നുനിന്നു. നിരന്തരമായുള്ള ഫൗളുകൾ കാരണം കളിയുടെ അവസാന മിനിറ്റിൽ രണ്ട് മഞ്ഞക്കാർഡുകളും ഇറാന് കിട്ടി. എന്നാൽ അദ്യമടിച്ച ഗോളുകളുടെ മികവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ജയം ഇറാന് സ്വന്തം.

ഇറാൻ–മെക്സിക്കോ മത്സരത്തിൽ നിന്ന്.ചിത്രം:ഇ.വി.ശ്രീകുമാർ