ജപ്പാനെ പെനൽറ്റിയിൽ മറികടന്ന് ഇംഗ്ലണ്ട്; ഇറാഖിനെതിരെ അഞ്ച് അടിച്ച് മാലി

ഇംഗ്ലണ്ട്–ജപ്പാൻ മത്സരത്തിൽ നിന്ന്

കൊൽക്കത്ത∙ അണ്ടർ 17 ലോകകപ്പ് പ്രീക്വാർട്ടറിൽ പെനൽട്ടി ഷൂട്ടൗട്ടില്‍ ജപ്പാനെ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കു തോൽപ്പിച്ച് ഇംഗ്ലണ്ടും, ഇറാഖിനെ തോൽപ്പിച്ചു മാലിയും ക്വാർട്ടറിൽ പ്രവേശിച്ചു.

ആദ്യ പകുതിയും രണ്ടാം പകുതിയും ഗോളൊന്നുമില്ലാതെ സമനിലയിലായ ശേഷമാണു പെനൽറ്റിയിൽ ഇംഗ്ലണ്ട് വിജയിച്ചത്. മത്സരത്തിന്റെ തുടക്കം മുതൽ ഇംഗ്ലിഷ് മേധാവിത്വം പ്രകടമായിരുന്നു. പലകുറി ജാപ്പനീസ് ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി ഇംഗ്ലണ്ട് ആക്രമണം നടത്തിയെങ്കിലും ശക്തമായ പ്രതിരോധക്കോട്ട കെട്ടി ജപ്പാൻ അതിനെ പ്രതിരോധിച്ചു. ഇംഗ്ലണ്ടിന്റെ ഭാഗ്യക്കേടും ആദ്യ പകുതിയില്‍ ജപ്പാനു തുണയായി. 37-ാം മിനിറ്റില്‍ ജപ്പാനു വേണ്ടി സോയ്ച്ചിറോ കൊസുക്കിയും കെറ്റോ നക്കാമുറയും ഷോട്ടുകൾക്കു ശ്രമിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. ആദ്യ പകുതിയിൽ സ്കോർ 0–0.

ഇംഗ്ലണ്ട‌്–ജപ്പാൻ മത്സരത്തിൽ നിന്ന്

രണ്ടാം പകുതിയിലും സാഹചര്യങ്ങളിൽ വലിയ മാറ്റമുണ്ടായില്ല. കീറ്റോ നകാമുറയ്ക്കു പകരം നവോകി സുബാക്കിയെ ജപ്പാൻ ഇറക്കി. ഇംഗ്ലണ്ടും ടീമിൽ രണ്ടു മാറ്റങ്ങൾ വരുത്തി. 82-ാം മിനിറ്റ് മുതൽ ജാപ്പനീസ് ഗോൾ മുഖത്ത് ഇംഗ്ലണ്ട് മികച്ച മുന്നേറ്റം നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. ജപ്പാനു വേണ്ടി അവസാന മിനിറ്റുകളിൽ മുന്നേറ്റ താരം കുബോയും മികച്ച ഗോൾ ശ്രമങ്ങൾ നടത്തി. രണ്ടാം പകുതിയിലും ഗോൾ അകന്നു നിന്നു.

തുടർന്നു മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ടു. പെനൽട്ടിയിൽ ജപ്പാനെ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ഇംഗ്ലണ്ട് തോൽപ്പിച്ചു. ഇംഗ്ലണ്ടിനു വേണ്ടി നിയാ കിർബി, കർടിസ് ആൻഡേഴ്സൺ, ഫിലിപ് ഫോടൻ, കാലം ഹട്സൺ, റയാൻ ബ്രെവ്സ്റ്റർ എന്നിവർ ഗോള്‍ നേ‌ടി. ജപ്പാനു വേണ്ടി യുകിനാരി സുഗവര, തായ്സെയ് മിയാഷിരോ, സോയ്ചിരോ കോസുകി എന്നിവരാണു ലക്ഷ്യം കണ്ടത്. ഹിനാറ്റാ കിഡയുടെ ഷോട്ട് ഇംഗ്ലിഷ് ഗോളി കെർട്ടിസ് ആൻഡേഴ്സൺ തട്ടിയകറ്റി. ജയം ഇംഗ്ലണ്ടിനു സ്വന്തം. ക്വാർട്ടറില്‍ യുഎസ്എയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.

ഇറാഖിനെതിരെ അഞ്ച് അടിച്ച് മാലി

ഇറാഖിനെതിരായ മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു മാലിയുടെ ജയം. മാലിക്കായി ഹജി ഡ്രെയിം (25ാം മിനിറ്റ്), ലസാന എൻഡിയ (33, 94), ഫോഡെ കൊനാറ്റെ (73), സെമ കാമറ (87) എന്നിവരാണു ഗോള്‍ നേടിയത്.

ഇറാഖ്–മാലി മത്സരത്തിൽ നിന്ന്.ചിത്രം: ഇ.വി.ശ്രീകുമാര്‍

ഇറാഖിനെതിരെ തുടക്കം മുതൽ മേധാവിത്വം നേ‌ടിയ മാലിക്ക് ആദ്യ ലീഡ് സമ്മാനിച്ചത് ഹജി ഡ്രെയിം. സലാം ജിദോയിൽനിന്നു ലഭിച്ച പന്ത് ബോക്സിനകത്തുനിന്നു വലംകാലൻ ഷോട്ടിലൂടെ ഡ്രെയിം വലയിലെത്തിച്ചു. മറുപടി ഗോൾ നേ‌ടാനുള്ള ഇറാഖിന്റെ ശ്രമങ്ങൾക്കിടെ 33–ാം മിനിറ്റിൽ മാലി ലീഡുയർത്തി. ഹെഡറിലൂടെ രണ്ടാം ഗോൾ നേടിയത് ലസാന എൻഡിയ. സ്കോർ 2–0.

ഇറാഖ്–മാലി മത്സരത്തിൽ നിന്ന്.ചിത്രം:ഇ.വി.ശ്രീകുമാർ

രണ്ടാം പകുതിയിൽ പരുക്കേറ്റ അബ്ദുൽ സദയ്ക്കു പകരം അലി റാദിനെ ഇറാഖ് കളത്തിലിറക്കി. ഇറാഖ് മറുപടി ഗോൾ നൽകാനായി ആക്രമിച്ചു കളിച്ചതോടെ കളിയുടെ വേഗവും ഫൗളുകളുടെ എണ്ണവും കൂടി. മികച്ച മുന്നേറ്റങ്ങളുമായി മാലിയും രണ്ടാം പകുതിയില്‍ ലീഡുയർത്താൻ ശ്രമിച്ചു. 73–ാം മിനിറ്റിൽ ഫോഡെ കൊനാറ്റെയും 87ൽ സെമ കാമറയും മാലിയുടെ ലീഡുയർത്തി. കളിയുടെ അധിക സമയത്ത് ലസാന എൻഡിയ വീണ്ടും ലക്ഷ്യം കണ്ടതോടെ മാലിയുടെ ഗോള്‍പട്ടിക പൂർത്തിയായി. 

ഇറാഖ്–മാലി മത്സരത്തിൽ നിന്ന്.ചിത്രം:ഇ.വി.ശ്രീകുമാർ

ഇറാഖിനായി 85–ാം മിനിറ്റിൽ അലി കരീം ആശ്വാസ ഗോൾ നേടി.