ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ പുകഴ്ത്തി ഉത്തര കൊറിയ

ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്

ബെയ്ജിങ് ∙ രാജ്യത്തിന്റെ താൽപര്യങ്ങൾക്കു ദോഷമാകാതെ അയൽരാജ്യങ്ങളുമായുള്ള തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ ചൈന തയാറാണെന്നു പ്രസിഡന്റ് ഷി ചിൻപിങ്. രാജ്യം വൻപുരോഗതി കൈവരിച്ചുവെന്നും സമൃദ്ധിയിലേക്കുള്ള പ്രയാണത്തിൽ ഇനിയുമേറെ ചെയ്യാനുണ്ടെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി കൂടിയായ ഷി ചിൻപിങ് പാർട്ടി കോൺഗ്രസ് ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ടിയാനൻമെൻ ചത്വരത്തിനു സമീപമുള്ള ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിളിലാണു രണ്ടായിരം പ്രതിനിധികൾ പങ്കെടുക്കുന്ന പാർട്ടി കോൺഗ്രസ്.

അതേസമയം, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ പുകഴ്ത്തി ഉത്തര കൊറിയ സന്ദേശമയച്ചതു ശ്രദ്ധേയമായി. ഉത്തര കൊറിയയുടെ ദീർഘകാല സുഹൃത്തും സാമ്പത്തിക സഹായിയുമായ ചൈന അണ്വായുധ സ്വരുക്കൂട്ടൽ പ്രശ്നത്തിൽ അടുത്തകാലത്ത് ഇടഞ്ഞുനിൽക്കുകയായിരുന്നു. ഹ്രസ്വമായ സന്ദേശത്തിൽ പാർട്ടിയെ പ്രശംസിക്കുകയും പാർട്ടി കോൺഗ്രസിന് ആശംസ നേരുകയുമല്ലാതെ 2012ലെ പോലെ പ്രസിഡന്റിന്റെ പേരുപറഞ്ഞു പ്രശംസയില്ല.

അയൽരാജ്യങ്ങളുമായി സൗഹൃദവും പങ്കാളിത്തവും എന്ന നയമാണു ചൈനയുടേതെന്ന് ഷി ചിൻപിങ് പറഞ്ഞു. തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചു ഭീകരത ഉൾപ്പെടെയുള്ള ഭീഷണികൾ ഒന്നിച്ചു നേരിടാനാണു നാം ശ്രമിക്കുന്നത് – ഷി പറഞ്ഞു. ദോക് ലായിൽ ഇന്ത്യയുമായും ദക്ഷിണ ചൈനാ കടലിൽ ജപ്പാനുമായുമുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഷിയുടെ വാക്കുകൾ അനുരഞ്ജനത്തിന്റേതാണ്.

സോഷ്യലിസ്റ്റ് ഘടന ഭദ്രമായി നിലനിർത്തി പാർട്ടിയെ പുനർനിർമിക്കേണ്ടതിന്റെ ആവശ്യകതയും ഷി ചിൻപിങ് മൂന്നര മണിക്കൂർ പ്രസംഗത്തിൽ വ്യക്തമാക്കി. പീപ്പിൾസ് ലിബറേഷൻ ആർമിയെ ലോകോത്തരമാക്കും. അഴിമതിക്കെതിരായ നടപടികൾ ശക്തമായി തുടരും. ചൈനയെ ഉണർത്തി സോഷ്യലിസത്തിന്റെ നവയുഗം യാഥാർഥ്യമാക്കും – ഷി പറഞ്ഞു. ഉദ്ഘാടന വേദിയിൽ മുൻ പ്രസിഡന്റുമാരായ ജിയാങ് സെമിൻ, ഹു ജിന്റാവോ, മുൻ പ്രധാനമന്ത്രി വെൻ ജിയബാവോ എന്നിവരും ഉണ്ടായിരുന്നു.