ഗുജറാത്തിൽ വിശാലസഖ്യത്തിന് കോണ്‍ഗ്രസ്; കൈകോർത്ത് ജെഡിയു വിമതരും പടിദറും

അഹമ്മദാബാദ്∙ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വിശാല സഖ്യത്തിനു കോപ്പുകൂട്ടി ഇതരപാർട്ടികൾ. കോൺഗ്രസിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്. ജനതാദൾ യുണൈറ്റഡ് വിമതനേതാവ് ഛോട്ടു വാസവ, പടിദർ നേതാവ് ഹർദിക് പട്ടേൽ, ഒബിസി നേതാവ് അൽപേഷ് താകോർ, ദലിത് പ്രചാരകൻ ജിഗ്നേഷ് മേവാനി എന്നിവർ കോൺഗ്രസുമായി ചർച്ച നടത്തിയതായി ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.

സഖ്യം രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും സീറ്റ് വിഭജനത്തിലുൾപ്പെടെ ഇതു പ്രതിഫലിക്കുമെന്നും കോൺഗ്രസ് നേതാവ് അറിയിച്ചു. കഴിഞ്ഞ രാജ്യസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ അഹമ്മദ് പട്ടേലിനായിരുന്നു ഛോട്ടു വാസവ വോട്ടുചെയ്തത്. രാഹുൽ ഗാന്ധിയുടെ അടുത്ത ഗുജറാത്ത് സന്ദർശനത്തോടെ വിശാലസഖ്യത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. നവംബർ ആദ്യ ആഴ്ചയാണ് ഗുജറാത്ത് സന്ദർശനത്തിനായി രാഹുൽ തിരഞ്ഞെടുത്തിരിക്കുന്നത്.

ഡിസംബറിലാണ് ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ ബിജെപിയെ താഴേയിറക്കി അധികാരം പിടിച്ചെടുക്കാനുള്ള തയാറെടുപ്പിലാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ മറ്റുപാർട്ടികൾ.