കൊടികുത്തുമെന്ന് ഭീഷണി; ബിജെപി നേതാവിനെ പാർട്ടിയിൽനിന്നു പുറത്താക്കി

ആലപ്പുഴ∙ നിർമാണ മേഖലകളിൽ കൊടികുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി അരൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി.എച്ച്. ചന്ദ്രനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. ഭാരതീയ ജനതാ പാർട്ടിക്കു സമൂഹത്തിൽ അപകീർത്തി ഉണ്ടാക്കുന്ന പ്രവർത്തനം നടത്തിയതിനാണു നടപടിയെന്ന് ജില്ലാ പ്രസിഡന്റ് കെ.സോമന്‍ അറിയിച്ചു. അരൂരില്‍ കെട്ടിടനിര്‍മാണം തടയാതിരിക്കണമെങ്കില്‍ ഒരു ലക്ഷം രൂപ കോഴ നല്‍കാന്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്ത മനോരമ ന്യൂസ് ദൃശ്യങ്ങള്‍ സഹിതം നല്‍കിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഇത് ശരിയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പി.എച്ച്. ചന്ദ്രനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അറിയിച്ചു.

ആലപ്പുഴ അരൂരില്‍ നിര്‍മാണ പ്രവര്‍ത്തനം തടയാതിരിക്കാന്‍ പി.എച്ച്.ചന്ദ്രന്‍ ഉടമയോട് ചോദിച്ചത് ഒരു ലക്ഷം രൂപയാണ്. കൈതപ്പുഴ കായലിനോടു ചേര്‍ന്നുളള 44 സെന്റ് ഭൂമി 1964 മുതല്‍ സരസ്വതീമന്ദിരത്തില്‍ പ്രഭാവതിയമ്മയുടെ കുടുംബസ്വത്താണ്. ഇവിടെ അതിരുകെട്ടിയപ്പോൾ ബിജെപി പ്രാദേശിക നേതാക്കളുടെ ഭീഷണിയുണ്ടായി. കായല്‍ത്തീരത്ത് നിര്‍മാണം അനുവദിക്കില്ലെന്നും കൊടി കുത്തുമെന്നുമെന്നുമായിരുന്നു മുന്നറിയിപ്പ്.

വിവരമറിഞ്ഞ റിപ്പോർട്ടർ, പ്രഭാവതിയമ്മയുടെ ബന്ധുവാണെന്നു പരിചയപ്പെടുത്തി ബിജെപി നേതാവുമായി ഫോണില്‍ ബന്ധപ്പെട്ടു. പണം തന്നാല്‍ പ്രശ്നം തീര്‍ക്കാമെന്നായിരുന്നു ചന്ദ്രന്റെ വാഗ്ദാനം. തുടർന്നു നേതാവിനെ വീട്ടിലേക്കു വിളിച്ചുവരുത്തി. ഒരു ലക്ഷംരൂപ നല്‍കിയാല്‍ നിര്‍മാണം തടയില്ലെന്ന് ചന്ദ്രൻ ആവർത്തിച്ചു. വില പേശിയപ്പോള്‍ ആദ്യം വിസമ്മതിച്ച ചന്ദ്രൻ, പിന്നീട് പതിനായിരം രൂപ കുറയ്ക്കാമെന്നു സമ്മതിച്ചു. (വിഡിയോ കാണുക)

വിവിധ പ്രദേശങ്ങളില്‍ പല നേതാക്കള്‍ക്കാണു പണം പിരിക്കാനുള്ള ചുമതല. അനധികൃത നിര്‍മാണങ്ങളായാലും ആവശ്യപ്പെട്ട പണം നൽകിയാൽ യാതൊരു എതിർപ്പിനും ബിജെപി വരില്ലെന്നാണ് ഈ സംഭവത്തിലൂടെ വ്യക്തമായത്.