തയ്‍‌‌വാന്റെ സ്വാതന്ത്ര്യമോഹങ്ങൾ അരിഞ്ഞുവീഴ്ത്തി ചൈന; പ്രതികരിച്ച് തയ്‌വാനും

ഷി ചിൻപിങ്, സായ് ഇങ്–വെൻ

ബെയ്ജിങ്∙ തയ്‌വാന്റെ സ്വാതന്ത്ര്യമോഹങ്ങൾ ഒരിക്കലും നടപ്പാകില്ലെന്ന് ചൈന. സ്വാതന്ത്ര്യത്തിനുള്ള തായ്‌വാന്റെ ഏതു ശ്രമവും പരാജയപ്പെടുത്തുമെന്ന് 19–ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് അറിയിച്ചു. അതേസമയം, തയ്‌വാനിലെ ജനങ്ങളാണ് അവരുടെ ഭാവി തീരുമാനിക്കേണ്ടതെന്ന് തയ്‌വാൻ പ്രതികരിച്ചു.

ജനാധിപത്യ തയ്‌വാനെ ചൈനയുടെ പ്രവിശ്യയായാണ് അവർ കാണുന്നത്. എന്നാൽ അവരെ നിയന്ത്രണത്തിലാക്കാൻ ഇതുവരെ സൈന്യത്തെ ചൈന ഉപയോഗിച്ചിട്ടില്ല.

തയ്‌വാനുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ ചിൻപിങ്ങിന്റെ ഭാഗത്തുനിന്നു ശ്രമങ്ങളുണ്ടായിരുന്നു. 2015ൽ അന്നത്തെ തയ്‌വാൻ പ്രസിഡന്റ് മാ യിങ് ജിയോയുമായി സിംഗപ്പൂരിൽവച്ച് ചിൻപിങ് ചർച്ച നടത്തിയെങ്കിലും പിന്നീടു കാര്യമായ പുരോഗതിയുണ്ടായില്ല.

മാത്രമല്ല, സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന ഡെമോക്രാറ്റീവ് പ്രോഗ്രസീവ് പാർട്ടിയംഗമായ സായ് ഇങ്–വെൻ കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്കു ശക്തമായ നിലയിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചൈനയുമായി സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാൽ തയ്‌വാന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കുമെന്നുമാണ് സായ്‌യുടെ നിലപാട്.