പാക്കിസ്ഥാനെ ‘നിരീക്ഷിച്ച് സഹായിക്കാൻ’ ഇന്ത്യയ്ക്കു കഴിയും: നിക്കി ഹാലെ

വാഷിങ്ടന്‍∙ പാക്കിസ്ഥാനെ നിരീക്ഷിക്കാനുള്ള യുഎസ് പദ്ധതിയെ ഇന്ത്യയ്ക്കു സഹായിക്കാൻ കഴിയുമെന്നു ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധി നിക്കി ഹാലെ. ഭീകരരെ സംരക്ഷിക്കുന്ന പാക്കിസ്ഥാനെതിരെ ശക്തമായ നടപടികളെടുക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുങ്ങുന്ന സാഹചര്യത്തിലാണു ഹാലെയുടെ പ്രസ്താവന. അഫ്ഗാനിസ്ഥാനിലെയും തെക്കൻ ഏഷ്യയിലെയും ഭീകരവാദത്തെ നേരിടാൻ ട്രംപ് അടുത്തിടെ പുതിയ നയം പ്രഖ്യാപിച്ചിരുന്നു. ഈ നയത്തിന്റെ അടിസ്ഥാനം തന്നെ ഇന്ത്യ – യുഎസ് തന്ത്രപ്രധാനമായ പങ്കാളിത്തമാണെന്നും ഹാലെ കൂട്ടിച്ചേർത്തു.

യുഎസിനു ഭീഷണിയുയർത്തുന്ന ഭീകരരരെയും അവർക്കു സുരക്ഷിത താവളം ഒരുക്കുന്നയിടങ്ങളെയും ഇല്ലായ്മ ചെയ്യാനാണ് അഫ്ഗാനിസ്ഥാനിലും തെക്കൻ ഏഷ്യയിലുമായി യുഎസ് ഇപ്പോൾ ശ്രദ്ധ ചെലുത്തുന്നത്. അണ്വായുധങ്ങൾ ഭീകരരുടെ കൈവശം എത്തരുത്. ഈ ലക്ഷ്യങ്ങൾ നേടുന്നതിനായി സാമ്പത്തിക, നയതന്ത്ര, സൈനിക മാർഗങ്ങൾ സ്വീകരിക്കും. ഇന്ത്യയുമായി സാമ്പത്തിക, സുരക്ഷാ പങ്കാളിത്തമാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും ഹാലെ കൂട്ടിച്ചേർത്തു.

ഒരു കാലത്ത് പാക്കിസ്ഥാൻ യുഎസിന്റെ പങ്കാളിയായിരുന്നു. അതു ഞങ്ങൾ മാനിക്കുന്നു. എന്നാൽ അമേരിക്കൻ പൗരന്മാരെ ലക്ഷ്യമിടുന്ന ഭീകരർക്കു സുരക്ഷിത താവളമൊരുക്കുന്ന ഏതു സർക്കാരിനോടും സഹിഷ്ണുത പുലർത്താൻ യുഎസിനാകില്ല. ഈ പുതിയ നിലപാട് ഇന്ത്യയും പാക്കിസ്ഥാനും മനസ്സിലാക്കണം.

അഫ്ഗാനിസ്ഥാന്റെ സ്ഥിരതയ്ക്കായി നിര്‍ണായകമായ കാര്യങ്ങൾ ഇന്ത്യ നടത്തിയിട്ടുണ്ട്. അതിനാൽ ആ രാജ്യത്തിന് ആവശ്യമായ സാമ്പത്തിക, വികസന സഹായം നൽകുന്നതിന് യുഎസ് ഇന്ത്യയുടെ സഹായം തേടുമെന്നും ഹാലെ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനെ പുനർനിർമിക്കാനുള്ള പദ്ധതിയിൽ ഇന്ത്യയുടെ സഹായം തേടുകയാണ്. മാത്രമല്ല, പാക്കിസ്ഥാനെ നിരീക്ഷിക്കാനുള്ള പദ്ധതിയിൽ ഇന്ത്യയ്ക്ക് യുഎസിനെ സഹായിക്കാനാകും. പാക്കിസ്ഥാൻ ഇനിയും ഭീകരർക്കു സുരക്ഷിത താവളം ഒരുക്കുന്നതു കണ്ടുനിൽക്കാനാകില്ല. ചില കാര്യങ്ങൾ മാറണം. ഇന്ത്യ അതിനു സാക്ഷിയാകാൻ പോകുകയാണ്. അതിൽ ഇന്ത്യ ഞങ്ങളെ സഹായിക്കും.

ഇറാൻ ആണവശക്തിയായൽ അമേരിക്കക്കാർക്കും ലോകത്തിനും അതു മഹാവിപത്താണ്. ഇന്ത്യ ഒരു ആണവശക്തിയാണ് എന്നാൽ അതിലാർക്കും പ്രശ്നമില്ല. കാരണം, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഭീകരവാദത്തിന്റെ വേദനയെന്തെന്നു ശരിക്കു മനസ്സിലാക്കിയിട്ടുള്ളവരാണ് യുഎസും ഇന്ത്യയും. ഉത്തരവാദിത്തമുള്ള ആണവശക്തിയാണ് ഇന്ത്യയെന്നും ചോദ്യത്തിനു മറുപടിയായി അവർ പറഞ്ഞു.