സോളർ റിപ്പോർട്ട്: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണം; ചെന്നിത്തല

കോഴിക്കോട് ∙ സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാനായി പ്രത്യേക സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിജിപി: എ. ഹേമചന്ദ്രന്റെ കത്ത് ഗൗരവമുള്ളതാണ്. യുഡിഎഫ് നേതാക്കളെ അപവാദ പ്രചരണത്തിലൂടെ തളര്‍ത്താനാണ് ഇടതുമുന്നണി ശ്രമിക്കുന്നതെന്നും കോഴിക്കോട്ട് ചേര്‍ന്ന യുഡിഎഫ് യോഗത്തിനുശേഷം രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, വിഷയം ചര്‍ച്ച ചെയ്യാന്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി ശനിയാഴ്ച ചേരും.

ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷിനേതാക്കളെ കേസില്‍ കുടുക്കി ഒതുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് യുഡിഎഫ് യോഗം വിലയിരുത്തി. എഡിജിപി േഹമചന്ദ്രന്റെ വെളിപ്പെടുത്തലും ഈ പശ്ചാത്തലത്തിൽ ഗൗരവമുള്ളതാണ്. 32 ക്രിമിനൽ കേസുകളിൽ പ്രതിയായ സരിതയുടെ മൊഴി വിശ്വാസയോഗ്യമല്ല. റിപ്പോർട്ട് അടിയന്തിരമായി പ്രസിദ്ധപ്പെടുത്തണം എന്നാവശ്യപ്പെട്ട ചെന്നിത്തല, കമ്മിഷൻ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെടില്ലെന്നും വ്യക്തമാക്കി.

വേങ്ങര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ രാഷ്ട്രീയ വോട്ടുകൾ ചോർന്നിട്ടില്ല. കുഞ്ഞാലിക്കുട്ടിയുടെ വ്യക്തി പ്രഭാവത്തില്‍ കിട്ടിയ ഭൂരിപക്ഷം എപ്പോഴും കിട്ടണമെന്നില്ല. ബിജെപിയുടെ പതനം വേങ്ങര തിരഞ്ഞെടുപ്പോടെ ഉറപ്പായെന്നും യുഡിഎഫ് വിലയിരുത്തി.