ഇരട്ടഗോളുമായി ബ്രണ്ണർ തിളങ്ങി; ‘ഏറ്റവും വലിയ വിജയ’ത്തോടെ ബ്രസീൽ ക്വാർട്ടറിൽ

ബ്രസീൽ–ഹോണ്ടുറാസ് മത്സരത്തിൽ നിന്ന്.ചിത്രം: റോബർട്ട് വിനോദ്

കൊച്ചി ∙ കൊച്ചിയിലെ മൂന്നാം മൽസരത്തിനു മൂന്നു ഗോളിന്റെ ചന്തം ചാർത്തി ബ്രസീലിന്റെ മഞ്ഞപ്പട അണ്ടർ 17 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. 20–ാം നമ്പർ താരം ബ്രണ്ണർ മൽസരത്തിന്റെ ഇരുപകുതികളിലുമായി നേടിയ ഇരട്ടഗോളുകളാണ് ബ്രസീലിന്റെ വിജയം അനായാസമാക്കിയത്. ആദ്യ പകുതിയിൽ ബ്രസീൽ 2–0നു മുന്നിലായിരുന്നു. 11, 56 മിനിറ്റികളിലായിരുന്നു ബ്രണ്ണറിന്റെ ഗോളുകൾ. മധ്യനിരതാരം മാർക്കസ് അന്റോണിയോയുടെ (44) വകയായിരുന്നു അവരുടെ മൂന്നാം ഗോൾ. 22ന് കൊൽക്കത്തയിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ കരുത്തരായ ജർമനിയാണ് ബ്രസീലിന്റെ എതിരാളികൾ.

ബ്രസീൽ–ഹോണ്ടുറാസ് മത്സരത്തിൽ നിന്ന്.ചിത്രം: റോബർട്ട് വിനോദ്

ഗോൾപട്ടിക തുറക്കാനായില്ലെങ്കിലും ഗോളോളമെത്തിയ രണ്ടു നീക്കങ്ങളുടെ പേരിലാകും ഹോണ്ടുറാസ് താരങ്ങളെ കൊച്ചിയിലെ കാണികൾ ഓർമിക്കുക. മൽസരത്തിന്റെ ഇരുപകുതികളിലുമായി ഹോണ്ടുറാസ് താരങ്ങൾ തൊടുത്ത രണ്ടു ഷോട്ടുകളാണ് പോസ്റ്റിൽ തട്ടിത്തെറിച്ചത്. ആദ്യപകുതിയിൽ ആറാം നമ്പർ താരം ലൂയിസ് പാൽമയും രണ്ടാം പകുതിയിൽ 14–ാം നമ്പർ താരം കാർലോസ് മെജിയയും തൊടുത്ത ഷോട്ടുകളാണ് പോസ്റ്റിൽ തട്ടിത്തെറിച്ചത്. രണ്ടാം പകുതിയിൽ തുടർച്ചയായി ലോങ് റേഞ്ചറുകൾ പരീക്ഷിച്ച ഹോണ്ടുറാസിന്റെ ചില നീക്കങ്ങൾ ഗോളിലെത്താതെ പോയത് നിർഭാഗ്യം കൊണ്ടു മാത്രം.

ഹോണ്ടുറാസ് കൂടി പുറത്തായതോടെ ഗ്രൂപ്പ് ഇയിൽനിന്ന് പ്രീക്വാർട്ടറിൽ കടന്ന മൂന്നു ടീമുകളും ലോകകപ്പിനു പുറത്തായി. ഗ്രൂപ്പ് ചാംപ്യൻമാരായി പ്രീക്വാർട്ടറിൽ കടന്ന ഫ്രാൻസും രണ്ടാം സ്ഥാനക്കാരായി മുന്നേറിയ ജപ്പാനും നേരത്തേതന്നെ പെട്ടിമടക്കിയിരുന്നു.

ബ്രസീൽ–ഹോണ്ടുറാസ് മത്സരത്തിൽ നിന്ന്.ചിത്രം: ടോണി ഡൊമിനിക്

ലോകകപ്പിൽ ഇതുവരെ നാലു മൽസരങ്ങൾ പൂർത്തിയാക്കിയ ബ്രസീലിന്റെ ഏറ്റവും ‘വലിയ’ വിജയമാണ് ഇന്നത്തേത്. ഗ്രൂപ്പു ഘട്ടത്തിൽ സ്പെയിനിനെതിരെ 2–1നു ജയിച്ച ബ്രസീൽ, ഉത്തര കൊറിയ, നൈജർ എന്നിവരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് തകർത്തത്. ബ്രസീലിന്റെ 9–ാം നമ്പർ താരം ലിങ്കൻ ഗോൾ നേടാത്ത ആദ്യ മൽസരം കൂടിയാണിത്. ഗ്രൂപ്പു ഘട്ടത്തിലെ മൂന്നു മൽസരങ്ങളിലും ബ്രസീലിന്റെ ആദ്യ ഗോൾ നേടിയത് ലിങ്കണായിരുന്നു. ഇന്നത്തെ ഇരട്ടഗോളോടെ ബ്രണ്ണറിന്റെ ഗോൾനേട്ടവും മൂന്നായി ഉയർന്നു. നൈജറിനെതിരായ കഴി​​ഞ്ഞ മല്‍സരത്തിലും ബ്രണ്ണർ ഗോൾ നേടിയിരുന്നു.

ഗോളുകൾ വന്ന വഴി

ബ്രസീൽ–ഹോണ്ടുറാസ് മത്സരത്തിൽ നിന്ന്.ചിത്രം: ടോണി ഡൊമിനിക്

ബ്രസീലിന്റെ ആദ്യ ഗോൾ: തുടക്കത്തിലെ പതർച്ചയ്ക്കുശേഷം മികവു വീണ്ടെടുത്ത് ബ്രസീൽ. ബ്രസീലിന്റെ കൂട്ടത്തോടെയുള്ള ആക്രമണത്തിനു മുന്നിൽ അടി പതറി ഹോണ്ടുറാസ്. ഫലം, 11–ാം മിനിറ്റിൽത്തന്നെ ബ്രസീൽ മുന്നിൽ. 10–ാം നമ്പർ താരം അലൻ നീട്ടിനൽകിയ പന്ത് ഗോൾവരയ്ക്കു തൊട്ടുചേർന്ന് ബ്രണ്ണറിലേക്ക്. സ്ഥാനം തെറ്റിനിന്ന ഗോളിയെ കാഴ്ചക്കാരനാക്കി ബ്രണ്ണറിന്റെ ക്ലോസ് റേഞ്ചർ വലയിൽ. സ്റ്റേഡിയം കാത്തിരുന്ന ഗോൾ. സ്കോർ 1–0. തുടർച്ചയായ രണ്ടാം മൽസരത്തിലും സ്കോർ ചെയ്ത ആവേശം ബ്രണ്ണറിന്റെ മുഖത്ത്.

ബ്രസീലിന്റെ രണ്ടാം ഗോൾ: ബ്രസീൽ ഒരു ഗോളിന്റെ ലീഡുമായി ഇടവേളയ്ക്കു കയറുമെന്നു കരുതിയിരിക്കെ 44–ാം മിനിറ്റിൽ അവർ രണ്ടാമത്തെ വെടി പൊട്ടിച്ചു. ഇത്തവണ ഗോളിലേക്കു വഴിയൊരുക്കിയത് ഏഴാം നമ്പർ താരം പൗളീഞ്ഞോ. പന്ത് ഗോളിലേക്കെത്തിച്ചത് മധ്യനിര താരം മാർക്കസ് അന്റോണിയോ. ബോക്സിനു പുറത്തുനിന്ന് പൗളീഞ്ഞോ നീട്ടിനൽകിയ പന്തു പിടിക്കാൻ കയറിയെത്തിയ ഹോണ്ടുറാസ് ഗോളിയുടെയും മാർക്കസ് അന്റോണിയോയുടെയും ശ്രമം. പന്തു ലഭിച്ച അന്റോണിയോ ബോക്സിന്റെ ഇടത്തേ മൂലയിൽനിന്നും ഗോളിയെ കബളിപ്പിച്ച് പന്ത് വലതു മൂലയിലേക്ക് നീട്ടിയടിച്ചു. നിരങ്ങിയെത്തിയ ഹോണ്ടുറാസ് ക്യാപ്റ്റൻ ക്രിസ്റ്റ്യൻ മൊറെയ്‌രയ്ക്കു തടയാനാകും മുൻപ് പന്ത് ഗോൾവര കടന്നു. സ്കോർ 2–0.

ബ്രസീലിന്റെ മൂന്നാം ഗോൾ: രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ ബ്രസീൽ വീണ്ടും മുന്നിൽ. മൽസരത്തിനു പ്രായം 56–ാം മിനിറ്റ്. ആദ്യ പകുതിയുടെ 11–ാം മിനിറ്റിൽ ഗോൾ നേടിയ ബ്രണ്ണർ രണ്ടാം പകുതിയുടെ 11–ാം മിനിറ്റിലും ലക്ഷ്യം കണ്ടു. വലതുവിങ്ങിൽ അധ്വാനിച്ചു കളിച്ച വെസ്‌ലിയുടെ കഠിനാധ്വാനത്തിനുള്ള ഫലമെന്നു പറയാവുന്ന ഗോൾ. വിങ്ങിലൂടെ പറന്നുകയറിയ വെസ്‍ലി ഹോണ്ടുറാസ് താരത്തെ കടന്ന് ബോക്സിനുള്ളിലേക്ക്. തടയാനെത്തിയ ഹോണ്ടുറാസ് ഗോൾകീപ്പർ അലക്സ് റിവേരയുമായി കൂട്ടിയിടിച്ച് വെസ്‍ലി നിലംപതിച്ചെങ്കിലും ഉയർന്നു പൊങ്ങിയ പന്തു ലക്ഷ്യമിട്ടെത്തിയ ബ്രണ്ണർക്കു പിഴച്ചില്ല. ബ്രണ്ണറിന്റെ ഹാഫ് വോളി നേരെ ഹോണ്ടുറാസ് വലയിൽ. മൽസരത്തിൽ ബ്രണ്ണറിന്റെ രണ്ടാം ഗോൾ. ബ്രസീലിന്റെ മൂന്നാം ഗോളും. സ്കോർ 3–0.

ഗോളടിയിലെ ‘പിശുക്കു’ തുടർന്ന് ബ്രസീൽ

ബ്രസീൽ–ഹോണ്ടുറാസ് മത്സരത്തിൽ നിന്ന്.ചിത്രം: ടോണി ഡൊമിനിക്

ബ്രസീൽ താരങ്ങൾ ഈ ലോകകപ്പിൽ പൊതുവേ കാണിച്ചുവരുന്ന ഗോളടിയിലെ പിശുക്ക് പ്രീക്വാർട്ടറിലും തുടരുന്നതാണ് കൊച്ചിയിൽ കണ്ടത്. ആദ്യ മൂന്നു മൽസരങ്ങളിൽനിന്നായി ആറു ഗോളുകൾ മാത്രം നേടിയ ബ്രസീൽ, ഇത്തവണ ഒരു ഗോൾ അധികം നേടി. മൂന്നു ഗോൾ വീതം നേടിയ ലിങ്കൺ, ബ്രണ്ണർ എന്നിവരാണ് അവരുടെ ടോപ് സ്കോറർമാർ. പൗളീഞ്ഞോ രണ്ടും മാർക്കസ് അന്റോണിയോ ഒരു ഗോളും നേടി. ഫ്രാൻസ് 5–1നും ജപ്പാൻ 6–നും തകർത്തുവിട്ട ടീമാണ് ബ്രസീൽ എന്നോർക്കണം. അവസാന നിമിഷങ്ങളിൽ പന്ത് കൈവശം വച്ചു സമയം കളയാനുള്ള ബ്രസീൽ താരങ്ങളുടെ ശ്രമത്തെ കാണികൾ കൂവലോടെയാണ് സ്വീകരിച്ചത്.

എതിരാളികൾ എത്ര ദുർബലരാണെങ്കിലും ബ്രസീൽ താരങ്ങൾ നിലയുറപ്പിക്കാൻ വൈകുന്നതും പതിവു കാഴ്ചയായി. ടൂർണമെന്റിൽ ഇതുവരെ അവർ വഴങ്ങിയ ഏക ഗോൾ സ്പെയിനിനെതിരെ ആയിരുന്നു. ഇത്തരത്തിൽ നിലയുറപ്പിക്കാനെടുത്ത സമയത്തിന്റെ ഇടവേളയിലാണ് അന്ന് സ്പെയിനും സ്കോർ ചെയ്തത്. ടൂർണമെന്റിൽ ഇതുവരെ ബ്രസീലിന്റെ നീക്കങ്ങളുടെ ചാലകശക്തിയായി പ്രവർത്തിച്ച വിക്ടർ ബോസ്ബിൻ–അലൻ–മാർക്കസ് അന്റോണിയോ ത്രയം ഇന്നും മികച്ചുനിന്നു. മുന്നേറ്റത്തിൽ ലിങ്കൺ ഒരുപിടി അവസരങ്ങൾ പാഴാക്കിയപ്പോൾ, പ്രതിരോധത്തിലെ ചില പാളിച്ചകളും തുറന്നുകാട്ടുന്നതായി ഹോണ്ടുറാസിനെതിരായ മല്‍സരം. എതിരാളികൾ ദുർബലരായതുകൊണ്ടുമാത്രം വലയിൽ കയറാതെ പോയ ഗോളുകൾ ജർമനിക്കെതിരെ എങ്ങനെ വരുമെന്ന് കണ്ടറിയണം.

ഹോണ്ടുറാസിനെ വലച്ച് ‘നിർഭാഗ്യം’

ബ്രസീൽ–ഹോണ്ടുറാസ് മത്സരത്തിൽ നിന്ന്.ചിത്രം: റോബർട്ട് വിനോദ്

പന്തടക്കത്തിലും പാസിങ്ങിലും മുന്നേറ്റത്തിലുമെല്ലാം മികച്ചുനിന്നത് ബ്രസീലായിരുന്നെങ്കിലും അവസരം കിട്ടിയപ്പോഴെല്ലാം ഹോണ്ടുറാസും ഗോളിനടുത്തെത്തിയത് മൽസരത്തിലെ നിറമുള്ള കാഴ്ചയായിരുന്നു. ഇതുൾപ്പെടെ ഹോണ്ടുറാസ് താരങ്ങൾ നടത്തിയ ഒരുപിടി സുന്ദരൻ നീക്കങ്ങളെ കയ്യടികളോടെയാണ് കൊച്ചിയിലെ കാണികൾ സ്വീകരിച്ചത്.
ഹോണ്ടുറാസ് നിരയിൽ വലുതുവിങ്ങിൽ അധ്വാനിച്ചു കളിച്ച ലൂയിസ് പാൽമയുടെ പ്രകടനമായിരുന്നു ഹൈലൈറ്റ്. ആദ്യപകുതിയിൽ ബ്രസീൽ ഗോൾകീപ്പർ ബ്രസാവോയുടെ നീട്ടിയ കരങ്ങളെ മറികടന്നെങ്കിലും പോസ്റ്റിലിടിച്ചു മടങ്ങിയ ഷോട്ടു മാത്രം മതി പാൽമയെ ഓർമിക്കാൻ. രണ്ടാം പകുതിയിൽ ബോക്സിന് ഏറെ പുറത്തുനിന്നും പാൽമ തൊടുത്ത ഷോട്ടും മഴവില്ലഴകോടെ ബ്രസീൽ പോസ്റ്റിലേക്കു ചാഞ്ഞിറങ്ങിയെങ്കിലും പന്ത് പോസ്റ്റിൽ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ പുറത്തേക്കു പോയി.

70–ാം മിനിറ്റിൽ കാർലോസ് മെജിയയുടെ തകർപ്പനൊരു ലോങ്റേഞ്ചറും പോസ്റ്റിലിടിച്ചു തെറിച്ചു. ഹോണ്ടുറാസിനിതു നിർഭാഗ്യത്തിന്റെ വേദിയെന്നു വെളിവാക്കിയ രണ്ടാം നഷ്ടം. ഇടതുവിങ്ങില്‍നിന്നും കാർലോസ് മെജിയ ഉയർത്തിവിട്ട ബ്രസീൽ ബോക്സിലേക്ക് ചാഞ്ഞിറങ്ങിയതാണ്. മുഴുനീളെ ഡൈവ് ചെയ്ത ബ്രസീൽ ഗോൾകീപ്പർ ഗബ്രിയേൽ ബ്രസാവോയുടെ പരിധിക്കും പുറത്തായിരുന്നു പന്തെങ്കിലും ഇത്തവണയും പോസ്റ്റ് വില്ലനായി. ഫുട്ബോളിനെ നിർഭാഗ്യവാൻമാരുടെ കൂടി കളിയാക്കുന്നൊരു അവസര നഷ്ടം.