നൈജറിനെതിരെ ഘാനയ്ക്ക് രണ്ടു ഗോൾ വിജയം; ക്വാർട്ടറിൽ

ഘാന–നൈജർ മത്സരത്തിൽ നിന്ന്.ചിത്രം:വിഷ്ണു.വി.നായര്‍

നവി മുംബൈ∙ ഇരു ടീമുകളും മികച്ച പോരാട്ടം കാഴ്ച വെച്ച നൈജർ–ഘാന മത്സരത്തിൽ ഘാനയ്ക്ക് വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ജയിച്ച ഘാന ക്വാട്ടറിൽ പ്രവേശിച്ചു. എറിക് അയ്യ(49), റിച്ചാർഡ് ഡാൻസോ(90) എന്നിവരാണ് ഘാനയ്ക്കു വേണ്ടി ഗോളുകൾ നേടിയത്. ശക്തരായ മാലിയാണ് ക്വാർട്ടറിൽ ഘാനയുടെ എതിരാളി.

ആക്രമണ ഫുട്ബോളാണ് മത്സരത്തിന്റെ ആദ്യ മിനിറ്റുമുതൽ ഇരു ടീമുകളും കാഴ്ചവച്ചത്. 4–ാം മിനിറ്റിൽ ഹെഡറിലൂടെ ഗോൾ നേടാനുള്ള ഘാനയുടെ ഇബ്രാഹിം സുല്ലിയുടെ ശ്രമം ലക്ഷ്യം കണ്ടില്ല. തൊട്ടുപിന്നാലെ ഗോൾ നേടാനുള്ള നൈജര്‍ താരം ഹബീബ് സോഫിയാന്റെ നീക്കവും പാഴായി.

ഘാന–നൈജർ മത്സരത്തിൽ നിന്ന്.ചിത്രം:വിഷ്ണു.വി.നായര്‍

എഡ്മണ്ട് ആർക്കോ മെൻസ ബോക്സിന്റെ വലതു ഭാഗത്തു നിന്നും തൊടുത്ത ഷോട്ട് നൈജർ ഗോളിയുടെ മികവിലാണ് ലക്ഷ്യം കാണാതെ പോയത്. 37–ാം മിനിറ്റില്‍ ഘാനയുടെ ഇബ്രാഹിം സുല്ലിയുടെ ഷോട്ടും നൈജര്‍ ഗോളി ഖാലിദ് ഖവാലി പ്രതിരോധിച്ചു. ആദ്യ പകുതിയുടെ അവസാനം കളി നിയന്ത്രിച്ച ഘാന തുടർച്ചയായുള്ള ആക്രമണമാണ് നൈജർ ഗോൾ മുഖത്ത് അഴിച്ചുവിട്ടത്. ശക്തമായ പ്രതിരോധ കോട്ട കെട്ടി നൈജർ അതിന് മറുതന്ത്രമൊരുക്കി. മത്സരത്തിന്റെ ആരംഭം മുതൽ നിരവധി ഫൗളുകളും ഇരുടീമുകളുടെ ഭാഗത്തും നിന്നും ഉണ്ടായി.

ഘാന–നൈജർ മത്സരത്തിൽ നിന്ന്.ചിത്രം:വിഷ്ണു.വി.നായര്‍

മത്സരത്തിന്റെ 49–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ഘാന ആദ്യ വെടി പൊട്ടിച്ചു. ബോക്സിനകത്ത് ഘാനയുടെ മുന്നേറ്റ താരത്തെ നൈജറിന്റെ ഫറൂക്ക് ഇഡ്രിസ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് റഫറി പെനൽറ്റി അനുവദിച്ചു. ആദ്യ പകുതിയുടെ അധിക സമയത്ത് ലഭിച്ച പെനൽറ്റി മുതലെടുത്ത് ഘാനയുടെ ആദ്യ ഗോൾ നേടിയത് എറിക് ആയ്യാ. സ്കോർ 1–0

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീഡുയർത്താൻ ഘാന ശ്രമം തുടങ്ങി. ഇബ്രാഹിം സുല്ലിയുടെ ശ്രമങ്ങൾ വീണ്ടും ലക്ഷ്യം കാണാതെ പോയി. തുടർന്നും നൈജർ ഗോൾ പോസ്റ്റ് ഇടയ്ക്കിടെ ഘാനയുടെ മുന്നേറ്റ നിര വിറപ്പിച്ചുകൊണ്ടിരുന്നു. 81 –ാം മിനിറ്റിൽ വീണ്ടും കളിയിൽ ഗോൾ മണത്തു. ഘാനയുടെ ഇമാനുവൽ ടോകുവിനെ ഫറൂക്ക് ഇഡ്രിസ ഫൗൾ ചെയ്തതിന് റഫറി ഘാനയ്ക്ക് വീണ്ടും പെനൽറ്റി അനുവദിച്ചു. ആദ്യ ഗോൾ നേടിയ എറിക് ആയ്യായുടെ ഷോട്ട് തടുത്ത് നൈജർ‌ ഗോളി ഖാലിദ് ഖവാലി വീണ്ടും അവരുടെ രക്ഷകനായി.

ഘാന–നൈജർ മത്സരത്തിൽ നിന്ന്.ചിത്രം:വിഷ്ണു.വി.നായര്‍

ഒരു ഗോളിൽ കളി അവസാനിക്കുമെന്ന് കരുതിയയിടത്തു നിന്നു ഘാന വീണ്ടും ലക്ഷ്യം കണ്ടു. മുഹമ്മദ് ഇഡ്രിസ് നൽകിയ പന്ത് ബോക്സിനു പുറത്തുനിന്നു വലംകാൽ ഷോട്ടിലൂടെ റിച്ചാർഡ് ഡാൻസോ നൈജർ വലയിലെത്തിച്ചു. ഘാനയുടെ രണ്ടാം ഗോൾ.