വേങ്ങര ഉപതിരഞ്ഞെടുപ്പിൽ പരമ്പരാഗത വോട്ടുകൾ ചോർന്നിട്ടില്ല: മുസ്‌ലിം ലീഗ്

ഫയൽ ചിത്രം

കോഴിക്കോട് ∙ വേങ്ങര ഉപതിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന്റെ പരമ്പരാഗത വോട്ടുകളിൽ ചേർച്ചയുണ്ടായിട്ടില്ലെന്ന് മുസ്‌ലീം ലീഗ് സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. തിരഞ്ഞടുപ്പു വിജയത്തിൽ പാർട്ടിക്കു പൂർണ തൃപതിയാണുള്ളതെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ച സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപിയും പറഞ്ഞു.

നിഷ്‌പക്ഷ വോട്ടുകൾ ചോർന്നതു സംബന്ധിച്ച് ബൂത്തടിസ്‌ഥാനത്തിലുള്ള കണക്കുകൾ ശേഖരിച്ച ശേഷം മലപ്പുറം ജില്ലാ കമ്മിറ്റി വിലയിരുത്തൽ നടത്തും. വേങ്ങര മണ്ഡല രൂപീകരണത്തിനുശേഷം നടന്ന അഞ്ചു തിരഞ്ഞെടുപ്പുകളിൽ മൂന്നെണ്ണത്തിലും ഇതേ തോതിലുള്ള വോട്ടുകളാണ് ലഭിച്ചത്. ഇ. അഹമ്മദും പി.കെ.കുഞ്ഞാലിക്കുട്ടിയും മത്സരിച്ചപ്പോഴാണ് ഭൂരിപക്ഷത്തിൽ മാറ്റമുണ്ടായത്. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ നിന്നു ലഭിച്ച ഭൂരിപക്ഷമാണ് ഇപ്പോഴും  കിട്ടിയിട്ടുള്ളത്. യുഡിഎഫ് ഭരണത്തിൽ ഇരിക്കുമ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം അന്ന് യുഡിഎഫ് ആണ് ജയിച്ചത്. എന്നാൽ ഇടതു മുന്നണി ഭരണത്തിലിരിക്കുമ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനാണ് വിജയമുണ്ടായത്. സംസ്‌ഥാന സർക്കാരിനേറ്റ തിരിച്ചടിയാണിത്. മുസ്‌ലീം ലീഗിന്റെ ഭൂരിപക്ഷം കുറഞ്ഞതാണ് ഇപ്പോൾ വലിയ വാർത്ത. അതു തങ്ങളുടെ ശക്‌തിയാണ് കാണിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

സോളർ കേസിനെ മുസ്‌ലിം ലീഗ് രാഷ്‌ട്രീയമായി നേരിടുമെന്ന് നേതാക്കൾ അറിയിച്ചു. ഒരാൾ പറഞ്ഞ കാര്യം മാത്രം അടിസ്‌ഥാനമാക്കിയാണ് കേസെടുക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നത്. ഈ മൊഴി മുഖവിലയ്ക്കെടുക്കാൻ പറ്റില്ല. സോളർ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടാതെ സംസ്‌ഥാന സർക്കാർ ഒളിച്ചുകളിക്കുകയാണെന്നും സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.