ഹാട്രിക്കുമായി റയാൻ; യുഎസിനെ 4–1ന് തകർത്ത് ഇംഗ്ലണ്ട് സെമിയിൽ

യുഎസിനെതിരെ ഗോൾ നേടിയ ഇംഗ്ലീഷ് താരങ്ങളുടെ ആഹ്ലാദം.ചിത്രം:ഇ.വി.ശ്രീകുമാർ

പനജി∙ റയാൻ ബ്രൂസ്റ്ററിന്റെ മൂന്നു ഗോൾ പ്രകടനത്തിൽ ഇംഗ്ലണ്ടിനോടു തകർന്നടിഞ്ഞ് യുഎസ്എ. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അണ്ടര്‍ 17 ലോകകപ്പ് സെമി ഫൈനലി‍ൽ ഇംഗ്ലണ്ട് പ്രവേശിച്ചത്. സർവസന്നാഹങ്ങളുമായിറങ്ങിയ ഇംഗ്ലിഷ് നിരയുടെ പടയോട്ടം തടയുന്നതിൽ യുഎസ് തുടക്കത്തില്‍ തന്നെ പരാജയപ്പെടുന്നതാണ് ക്വാർട്ടർ മത്സരത്തിൽ കണ്ടത്.

റയാൻ ബ്രൂസ്റ്റർ (11,14,94), മോർഗൻ ഗിബ്സ് (64) എന്നിവരുടെ ഗോളുകളിലാണ് ഇംഗ്ലണ്ടിന്റെ ജയം. യുഎസ്എയ്ക്കായി ക്യാപ്റ്റൻ ജോഷ്വ സെർജന്റാണ് ഏക ഗോൾ നേടിയത്. കളിയുടെ തുടക്കത്തിൽതന്നെ ഇംഗ്ലണ്ട് ആദ്യ ലീഡുകൾ നേടിയതു യുഎസിനെ പ്രതിരോധത്തിലാക്കി. 11–ാം മിനിറ്റിലായിരുന്നു മുന്നേറ്റനിര താരം റയാൻ ബ്രൂസ്റ്റർ ഇംഗ്ലണ്ടിനുവേണ്ടി ആദ്യ ഗോൾ നേടിയത്. അതിന്റെ ക്ഷീണം മാറുന്നതിനു മുൻപേ യുഎസ് പോസ്റ്റിൽ അടുത്ത വെടി പൊട്ടിച്ചു റയാൻ.14–ാം മിനിറ്റിൽ ഫിൽ ഫോ‍‍ഡൻ നൽകിയ പന്ത് പോസ്റ്റിലേക്കു ഭംഗിയായി എത്തിച്ചായിരുന്നു ഇത്.

യുഎസ്എ–ഇംഗ്ലണ്ട് മത്സരത്തിൽ നിന്ന്.ചിത്രം:ഇ.വി.ശ്രീകുമാർ

16–ാം മിനിറ്റിൽ മൂന്നാം ഗോളിനും റയാൻ ശ്രമിച്ചെങ്കിലും യുഎസ് ഗോളി ആ ശ്രമം തടുത്തിട്ടു. രണ്ടു ഗോളുകൾ വഴങ്ങിയതോടെ അക്രമിച്ചു കളിക്കുകയെന്നതു മാത്രമായി യുഎസിന്റെ വഴി. പിന്നാലെ ഇംഗ്ലിഷ് ഗോൾമുഖത്തു നിരന്തരം യുഎസ് ആക്രമണങ്ങൾ. എന്നാൽ‌ ഗോള്‍ കീപ്പർ കർട്ടിസ് ആൻഡേഴ്സണും പ്രതിരോധ നിരയും ചേർന്ന് ആ ശ്രമങ്ങളെല്ലാം തട്ടിയകറ്റി. ആദ്യ പകുതിയിൽ സ്കോർ: 2-0

തോൽവി മറികടക്കാനായി ഇറങ്ങിയ യുഎസിനെയാണു രണ്ടാം പകുതിയിൽ കണ്ടത്. അതിനായി പല തവണ യുഎസ് മുന്നേറ്റ താരങ്ങൾ ഇംഗ്ലിഷ് പ്രതിരോധ നിരയെ പരീക്ഷിച്ചുകൊണ്ടിരുന്നു. 64–ാം മിനിറ്റിൽ ഇംഗ്ലണ്ട് മൂന്നാം ഗോള്‍ നേടി. ആദ്യ രണ്ടു ഗോൾ നേടി മികച്ച ഫോമിലുള്ള റയാൻ ബ്രൂസ്റ്റർ നൽകിയ പന്ത് മോർഗൻ ഗിബ്സ് വലംകാൽ ഷോട്ടിലൂടെ യുഎസ് വലയിലെത്തിച്ചു.

സെമിയിലെത്തിയ ഇംഗ്ലണ്ട് ടീമിന്‍റെ ആഹ്ലാദം.ചിത്രം:ഇ.വി.ശ്രീകുമാർ

മത്സരത്തിന്റെ അവസാന മിനിറ്റിൽ ഇംഗ്ലണ്ട് വീണ്ടും ലക്ഷ്യം കണ്ടു. പന്തുമായി മുന്നേറിയ റയാൻ ബ്രൂസ്റ്ററെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് അനുവദിച്ച പെനല്‍റ്റിയിലൂടെയായിരുന്നു ഇത്. ഇംഗ്ലണ്ടിന് വേണ്ടി നാലാം ഗോൾ നേടിയതും റയാൻ ബ്രൂസ്റ്റർ തന്നെ. ഇതോടെ മത്സരം ഒന്നിനെതിരെ നാലു ഗോളുകൾക്ക് ഇംഗ്ലണ്ട് സ്വന്തമാക്കി. സെമിയിൽ‌ ബ്രസീലോ ജർമനിയോ ആയിരിക്കും ഇംഗ്ലണ്ടിന്റെ എതിരാളികൾ.