10 വര്‍ഷത്തിനു ശേഷം ഇന്ത്യയ്ക്ക് ഏഷ്യാകപ്പ് ഹോക്കി കിരീടം; മലേഷ്യയെ തോൽപിച്ചത് 2–1ന്

ഇന്ത്യക്കു വേണ്ടി ഗോൾ നേടിയ രമൺ ദീപ് സിങ്ങിന്റെ ആഹ്ലാദം. ചിത്രം: ഹോക്കി ഇന്ത്യ ട്വിറ്റര്‍

ധാക്ക∙ മലേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു തോൽപ്പിച്ച് ഇന്ത്യയ്ക്ക് ഏഷ്യാകപ്പ് ഹോക്കി കിരീടം. പത്തു വർഷത്തിനു ശേഷമാണ് ഇന്ത്യ ഏഷ്യാകപ്പ് കിരീടം നേടുന്നത്. 

രമൺദീപ് സിങ്(3),ലളിത് ഉപാധ്യായ(29) എന്നിവർ നേടിയ ഗോളുകളിലാണ് ഇന്ത്യയുടെ വിജയം. ആദ്യമായാണ് ഏഷ്യാകപ്പിന്റെ ഫൈനലിലെത്തുന്നതെങ്കിലും മികച്ച പോരാട്ടത്തിനൊടുവിലാണ് മലേഷ്യ ഇന്ത്യയ്ക്കു മുന്നിൽ അടിയറവു പറഞ്ഞത്. ഇന്ത്യയുടെ ഏഷ്യാകപ്പിലെ മൂന്നാം കിരീടമാണിത്.

നേരത്തെ 2003ലും 2007ലുമായിരുന്നു ഇന്ത്യയുടെ കിരീട നേട്ടങ്ങൾ. തുടക്കത്തിൽ തന്നെ ഗോൾ നേടാനും ലീഡു വർധിപ്പിക്കാനും സാധിച്ചത് മലേഷ്യയെ കൂടുതൽ പ്രതിരോധത്തിലാക്കാൻ ഇന്ത്യയെ സഹായിച്ചു. 

ഏഷ്യാകപ്പിന്റെ സൂപ്പർ 4 സ്റ്റേജിൽ ഇന്ത്യയും മലേഷ്യയും ഏറ്റുമുട്ടിയപ്പോൾ രണ്ടിനെതിരെ ആറു ഗോളുകൾക്ക് ഇന്ത്യ ജയിച്ചിരുന്നു. ടൂർണമെന്റിൽ പരാജയമറിയാതെ മുന്നേറിയ ഇന്ത്യ പാക്കിസ്ഥാനെ തകർത്താണ് ഫൈനലിലെത്തിയത്.