അണ്ടർ 17: ജർമനിക്കെതിരെ ബ്രസീലിനു ജയം; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

ജർമനിക്കെതിരെ ഗോൾ നേടിയ ബ്രസീൽ താരങ്ങളുടെ ആഹ്ലാദം.

കൊൽക്കത്ത∙ ഒന്നാന്തരം ട്രെയ്‌ലർ, പിടിച്ചിരുത്തുന്ന കളി, ത്രസിപ്പിക്കുന്ന ക്ലൈമാക്സ്! ബ്രസീൽ പ്രതീക്ഷ തെറ്റിച്ചില്ല. ജർമനിയുടെ പഠിപ്പിസ്റ്റ് കളിയെ, നന്നായി തുടങ്ങി ഇടയ്ക്കൊന്ന് അലസരായി ഒടുവിൽ ഇരമ്പിക്കയറി വീഴ്ത്തി മഞ്ഞപ്പട അണ്ടർ–17 ലോകപ്പിന്റെ സെമിഫൈനലിൽ. ക്യാപ്റ്റൻ ആർപ്പ് പെനൽറ്റിയിലൂടെ നേടിയ ഗോളിൽ ആദ്യ പകുതിയിൽ ജർമനി മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ വെവേഴ്സൺ, പൗളീഞ്ഞോ എന്നിവർ നേടിയ കിടിലൻ ഗോളുകളിലൂടെ ബ്രസീൽ കളി തിരിച്ചു പിടിച്ചു.   സെമിഫൈനലിൽ ബ്രസീൽ ഇംഗ്ലണ്ടിനെ നേരിടും. 

∙ ആദ്യം ട്വിസ്റ്റ്

സുഡോക്കു കളിക്കുന്നതു പോലെയാണ് ബ്രസീൽ തുടങ്ങിയത്. ക്രമം തെറ്റാതെ പൂരിപ്പിച്ചെടുത്ത പാസുകൾ, അടുക്കി വച്ച മുന്നേറ്റങ്ങൾ. പക്ഷേ അവസാന അക്കമിടാൻ മാത്രം മറന്നു പോയി. ക്യാപ്റ്റൻ വിറ്റാവോയുടെ  നേതൃത്വത്തിലുള്ള പ്രതിരോധം ഒറ്റ വരി പോലെ നിന്നെങ്കിലും ലിങ്കണും പൗളീ‍ഞ്ഞോയും ബ്രെണ്ണറുമുൾപ്പെടുന്ന മുന്നേറ്റനിര ജിഗ്സോ പോലെയായി. വിങുകളിൽ നിന്നുള്ള പല ക്രോസുകളും ലിങ്കണ് എത്തിപ്പിടിക്കാനായില്ല. പന്തു കിട്ടിയപ്പോഴാകട്ടെ ഉയരക്കാരൻ യാൻ ബിസെക് ലിങ്കണെ വെട്ടുകയും ചെയ്തു.  

ആദ്യ പതിനഞ്ചു മിനിറ്റ് ബ്രസീലിന്റെ കളി കണ്ടു നിന്ന ജർമനി ഒടുവിൽ തിരക്കഥയിൽ ട്വിസ്റ്റ് കൊണ്ടു വന്നു. ഇടതു വിങിൽ അപായകരമായി കളിച്ച ജോൺ യെബോയയെ ലൂക്കാസ് ഹാൾട്ടർ വീഴ്ത്തി. അതുവരെ രംഗത്തില്ലാതിരുന്ന ആർപ്പ് സ്ക്രീനിൽ. ബ്രസീൽ ഗോൾകീപ്പർ ബ്രസാവോ ഇടത്തോട്ടു ചാടി. ആർപ്പ് വലത്തോട്ടടിച്ചു. ജർമനി മുന്നിൽ (1–0). 

∙ പിന്നെ കംബാക്ക് 

ആദ്യ പകുതിയിൽ പഠിച്ചതൊക്കെ ഒരാവർത്തി വായിച്ച ബ്രസീലായിരുന്നു ഇടവേളയ്ക്കു ശേഷം. ആക്സിലറേറ്ററിൽ കാലുവച്ച  അതിവേഗക്കളി. 

ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു പോകുന്ന നായകവരവു പോലെ ബ്രസീലിന്റെ ആദ്യ ഗോൾ.സബ്സ്റ്റിറ്റ്യൂട്ടായിറങ്ങിയ ലെഫ്റ്റ് ബായ്ക്ക് വെവേഴ്സൺ കയറി വന്നത് ജർമൻ നിരയിൽ ആരും കണ്ടില്ല. ബോക്സിന്റെ ഇടതു ഭാഗത്തേക്ക് അലൻ നൽകിയ പന്തിലേക്ക് പരുന്തായി വെവേഴ്സൺ പറന്നെത്തി. ജർമൻ ഗോൾകീപ്പർ പ്ലോഗ്‌മാന് കണ്ണടച്ചു തുറക്കാൻ പോലും സമയം കിട്ടിയില്ല. ഗോൾ നേടിയതോടെ ബ്രസീൽ ഫുൾടാങ്ക് പെട്രോളടിച്ചു. ജർമനി കണ്ണു തിരുമ്മി എഴുന്നേറ്റപ്പോഴേക്കും അടുത്ത ഗോൾ. മതിലു കെട്ടി നിന്ന ജർമൻ ഡിഫൻസിനെ മറികടക്കുക എന്ന പൊല്ലാപ്പിനു നിൽക്കാതെ പൗളീഞ്ഞോ ബോക്സിനു പുറത്തു നിന്നു തൊടുത്ത ഷോട്ട് വ്രൂം എന്നു വലയിലേക്കു ഇരമ്പിക്കയറി.