അധികൃതരുടെ കനിവിനു കാത്തു നിന്നില്ല; പൊള്ളിപ്പിടഞ്ഞ ആ അമ്മയും കുരുന്നുകളും യാത്രയായി

തിരുനെൽവേലി കലക്ടറേറ്റിനു മുന്നിൽ സ്വയം തീ കൊളുത്തിയ കുടുംബത്തെ രക്ഷിക്കാൻ ശ്രമിക്കുന്നവർ.

തിരുനെൽവേലി∙ കൊള്ളപ്പലിശക്കാരന്റെയും പൊലീസിന്റെയും പീഡനം താങ്ങാനാകാതെ തിരുനെൽവേലി കലക്ടറേറ്റിനു മുന്നിൽ സ്വയം തീകൊളുത്തിയ കുടുംബത്തിലെ മൂന്നു പേർ മരിച്ചു. അമ്മ സുബ്ബലക്ഷ്മിയും രണ്ട് കുഞ്ഞുങ്ങളുമാണ് ചികിത്സയ്ക്കിടെ മരിച്ചത്. കുഞ്ഞുങ്ങൾക്ക് രണ്ടും അഞ്ചുമാണു വയസ്സ്. പിതാവ് ഇസക്കി മുത്തു(32) അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

സംഭവം തമിഴകത്ത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. സംഭവത്തെപ്പറ്റി അന്വേഷിക്കാനും കൊള്ളപ്പലിശക്കാരിൽനിന്നു ജനങ്ങള്‍ക്കു രക്ഷ നൽകാൻ പ്രത്യേക സംഘത്തെ നിയോഗിക്കാനും കലക്ടർ സന്ദീപ് നന്ദുരി ഉത്തരവിട്ടു.

പ്രദേശത്തെ പലിശക്കാരനിൽനിന്ന് മുത്തു 1.40 ലക്ഷം രൂപ വാങ്ങിയിരുന്നതായി സഹോദരൻ പറയുന്നു. കച്ചവട ആവശ്യത്തിനു വേണ്ടിയായിരുന്നു ഇത്. പലപ്പോഴായി 2.34 ലക്ഷം രൂപ തിരിച്ചു നൽകുകയും ചെയ്തു. എന്നാൽ പിന്നെയും പണം ആവശ്യപ്പെട്ട് കൊള്ളപ്പലിശക്കാരൻ മുത്തുവിനെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തുകയായിരുന്നു.

മുത്തു പൊലീസിൽ പരാതി നൽകിയെങ്കിലും സ്വീകരിച്ചില്ലെന്നു മാത്രമല്ല ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നു കലക്ടറെ സമീപിച്ചു പരാതി നൽകി. സംഭവത്തെക്കുറിച്ച് പൊലീസിനോട് അന്വേഷിക്കാന്‍ അദ്ദേഹം നിർദേശിച്ചിരുന്നു. എന്നാൽ കലക്ടറേറ്റിൽനിന്നു പലതവണ ഓർമിപ്പിച്ചിട്ടും പൊലീസ് ഒന്നും ചെയ്തില്ല. മാത്രവുമല്ല, കുടുംബത്തെ പലതരത്തിൽ പീഡിപ്പിക്കുകയും ചെയ്തു.

പീഡനം അസഹ്യമായതോടെയാണ് മുത്തു കുടുംബത്തോടൊപ്പം കലക്ടറേറ്റിനു മുന്നിലെത്തി ദേഹത്തു മണ്ണെണ്ണയൊഴിച്ചു സ്വയം തീകൊളുത്തിയത്. സംഭവത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കും കൊള്ളപ്പലിശക്കാരനും എതിരെ നടപടിയെടുക്കണമെന്ന് മുത്തുവിന്റെ സഹോദരൻ ആവശ്യപ്പെട്ടു. പലിശക്കാരിൽനിന്നു രക്ഷ തേടാനായി പൊലീസ്– റവന്യു ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക കേന്ദ്രത്തിനു രൂപം നല്‍കുമെന്നു കലക്ടർ അറിയിച്ചു.

മുത്തു നൽകിയ പരാതിയെപ്പറ്റി വിശദമായി അന്വേഷിക്കും. തിരുനെൽവേലിയിലെ കൊള്ളപ്പലിശ ഇടപാടുകൾ പൂർണമായും നിർത്തലാക്കുമെന്നും കലക്ടർ അറിയിച്ചു. കഴിഞ്ഞ ഏഴു വർഷത്തിനിടെ എണ്ണൂറിലേറെ പേർ കൊള്ളപ്പലിശക്കാരുടെ പീഡനം സഹിക്കാനാകാതെ ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.