ഐ.വി. ശശി: ഇന്ത്യൻ സിനിമയെ അദ്ഭുതപ്പെടുത്തിയ മലയാള സിനിമയിലെ ആദ്യാക്ഷരം

ഐ.വി.ശശിക്ക് ലൈഫ് അച്ചീവ്മെന്റ് പുരസ്കാരം സമ്മാനിക്കുന്ന കമൽഹാസൻ, മോഹൻലാൽ മമ്മൂട്ടി എന്നിവർ. ചിത്രം: റസ്സൽ ഷാഹുൽ

എഴുപതുകളിലോ എൺപതുകളിലോ കൗമാരക്കാരായിരുന്ന ഓരോ മലയാളിയുടെയും നൊസ്റ്റാൾ‌ജിയയാണ് ഐ.വി. ശശി. മഞ്ഞ നിറത്തിലാവും മിക്കവാറും സ്ക്രീനിൽ പേരു തെളിയുക. ആദ്യം ഇംഗ്ലിഷിൽ, പിന്നെ മലയാളത്തിൽ. സംവിധാനം: ഐ.വി.ശശി. അതു കാണുമ്പോൾ കൊട്ടകയിലുണ്ടാവുന്ന ആരവം! മലയാളത്തിൽ മറ്റൊരു സംവിധായകനും അതു കിട്ടിയിട്ടില്ലെന്ന് ഉറപ്പിച്ചു പറയാം. അക്കാലത്ത് മലയാള സിനിമയിൽ ഒരേ ഒരു സൂപ്പർ താരമാണ് ഉണ്ടായിരുന്നത്. അത് ഐ.വി.ശശിയെന്ന കുറിയ മനുഷ്യനായിരുന്നു. ഒരു കൊല്ലം പത്തും പതിനഞ്ചും പടം സംവിധാനം ചെയ്ത് ഇന്ത്യൻ സിനിമയെ അദ്ഭുതപ്പെടുത്തി ആ മനുഷ്യൻ.

അക്കാലത്ത് ഐ.വി. ശശിയുടെ വീടിനു മുൻപിൽ, അദ്ദേഹത്തിന്റെ സമയത്തിനും സൗകര്യത്തിനും വേണ്ടി മലയാള സിനിമ കാത്തുകെട്ടിക്കിടന്നു. രാവിലെ ശശി എഴുന്നേൽക്കുമ്പോൾ വീടിനു മുൻ‌പിൽ കാറുകളുടെ വലിയ നിരയുണ്ടാവും. എല്ലാം പ്രൊഡക്ഷൻ വണ്ടികൾ. കുളി കഴിഞ്ഞു കാപ്പി കുടിച്ചു ശശി ഏതു കാറിൽ ആദ്യം കയറുന്നോ ആ പടത്തിന്റെ ഷൂട്ടിങ്ങാവും അന്ന് ആദ്യം തുടങ്ങുക. അവിടെ സെറ്റിൽ ചെന്ന് അസോഷ്യേറ്റിനും അസിസ്റ്റന്റുമാർക്കും ആർട്ടിസ്റ്റുകൾക്കും നിർദേശം നൽകിയ ശേഷം അടുത്ത കാറിൽ അടുത്ത സെറ്റിലേക്ക്. 

അന്നത്തെ വലിയ താരങ്ങളെല്ലാം– മധുവും ജയനും സോമനും സുകുമാരനും വിൻസെന്റും ജോസും രവികുമാറും എന്നു വേണ്ട കമലഹാസനും രജനീകാന്തും വരെ– ശശിയുടെ ആജ്ഞാ ശക്തിക്കു മുൻപിൽ‌ വിധേയരായി നിന്നു. ഗാഢമായ സൗഹൃദത്തിലും ശശി താരങ്ങളിൽനിന്നു കടിഞ്ഞാൺ വിട്ടു കളഞ്ഞില്ല. മമ്മൂട്ടിയെ ഇന്നു കാണുന്ന മമ്മൂട്ടിയാക്കിയത് മോഹൻലാലിനെ ഇന്നു കാണുന്ന മോഹൻലാലാക്കിയതു എല്ലാം ഐ.വി. ശശിയാണ്.

തിയറ്ററിൽ നാലുപേർ ഒന്നിച്ചു കയറുമ്പോഴേക്കു പടം ‘മാസ് മാസ്’ എന്നു വിളിച്ചു കൂവുന്ന പുതുതലമുറ, ശരിക്കുള്ള മാസ് പടങ്ങളെന്തെന്നറിയാൻ ഐ.വി. ശശിയിലേക്കു തിരിഞ്ഞു നോക്കണം: ഈനാട്, ഇനിയെങ്കിലും, മീൻ, അങ്ങാടി, വാർത്ത, അടിമകൾ ഉടമകൾ, അബ്കാരി, നാൽക്കവല.... 

പിന്നീടു പിൻതലമുറ സംവിധായകർ ഏറ്റെടുത്തു തുടർഹിറ്റുകളുണ്ടാക്കിയ മോഹൻലാലിന്റെ ആ മീശപിരിയൻ മാടമ്പിവേഷം തുടങ്ങിവച്ചതു പോലും ഐ.വി.ശശിയായിരുന്നു - ദേവാസുരത്തിൽ. അസാധ്യമായ വേഗം ഐ.വി. ശശിയുടെ ശക്തിയായിരുന്നു. ആ വേഗം കുറഞ്ഞപ്പോഴാണ് ഐ.വി.ശശിയിലെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ഇല്ലാതായതും. 

അന്തരിച്ച തിരക്കഥാകൃത്ത് ടി.എ.ഷാഹിദ് പറഞ്ഞൊരു സംഭവം. ഷാഹിദും സുഹൃത്ത് അനിൽ മേനോനും ചേർന്ന് ആദ്യത്തെ സംവിധാന സംരംഭം. കലാഭവൻ മണി നായകൻ. പടത്തിന്റെ പേരു സകലകലാ വല്ലഭൻ. അതിനു തൊട്ടു മുൻപു കലാഭവൻ മണി ഐ.വി.ശശിയുടെ ഒരു പടത്തിൽ അഭിനയിച്ചിരുന്നു. ആ പടത്തിലേക്കു മണിയുടെ ഒന്നു രണ്ടു സീനുകൾ വീണ്ടും എടുക്കണം. അതിനു സമ്മതിക്കണം. ഐ.വി.ശശിയാണു ചോദിക്കുന്നത്. പറ്റില്ലെന്നു പറയുന്നതെങ്ങനെ. 

പക്ഷേ ആശങ്ക വിട്ടുമാറുന്നില്ല. മിക്കവാറും ഒരു ദിവസത്തെ ഷൂട്ടിങ് മുടങ്ങിക്കിട്ടും. നി‍ർമാതാവിനു നല്ല സാമ്പത്തിക ‍ഞെരുക്കമുള്ള സമയവുമാണ്. പണി പാളുമോ? ഐ.വി.ശശി വന്നു. കൂടെ ക്യാമറാമാനും മേക്കപ്പമാനും അസോഷ്യേറ്റും ഒക്കെയായി നാലഞ്ചു പേർ മാത്രം. മണിക്കു മേക്കപ്പിട്ടു. വസ്ത്രം മാറ്റി. ക്യാമറയുടെ മുൻപിൽ നിർത്തി. പത്തു മിനിറ്റ്. പണി തീർത്തു ശശിയേട്ടൻ മടങ്ങിപ്പോയി. (സകലകലാ വല്ലഭൻ പിന്നെ മുടങ്ങി. പിന്നീടു ഷാഹിദ് സ്വതന്ത്ര തിരക്കഥാകൃത്തായി പേരെടുത്തപ്പോൾ പുതിയ നിർമാതാവിനെ കിട്ടി. അങ്ങനെ അനിൽ ഒറ്റയ്ക്കു സംവിധാനം ചെയ്തു മത്സരം എന്ന പേരിൽ പുറത്തിറക്കി. തിരക്കഥാകൃത്തായി ഷാഹിദ് കൂടെ നിന്നു).

അവസാന കാലത്തു പല കാരണങ്ങളാൽ പഴയ പ്രതാപം ഓ‍ർമ മാത്രമായപ്പോഴും ഐ.വി.ശശിയെന്ന പേരിന്റെ ഗരിമ ഒട്ടും ചോർന്നു പോയില്ല. ശശിയേട്ടൻ ഒരിക്കലും ചെയ്യാൻ പാടില്ലെന്ന് ആരാധകർ വിശ്വസിക്കുന്ന ചില പടങ്ങളെങ്കിലും അവസാന കാലത്ത് അദ്ദേഹത്തിൽ നിന്നുണ്ടായി എന്നതു നേരു തന്നെ. 

എങ്കിലും, മലയാളത്തിലെ സംവിധായകരുടെ പട്ടികയെടുക്കുമ്പോൾ ഇന്നും ആദ്യം മനസ്സിലെത്തുക മറ്റൊരു പേരല്ല. അ, ആ, ഇ, ഈ എന്നു മലയാളി പ്രേക്ഷകൻ സിനിമ കണ്ടു പഠിച്ചതു ശശിയിലൂടെയായിരുന്നു. അ എന്ന അക്ഷരത്തോടും ആ എന്ന അക്ഷരത്തോടും അഗാധമായ പ്രണയമായിരുന്നു ശശിയിലെ സംവിധായകന്. (അവളുടെ രാവുകൾ, അഭിനന്ദനം, അനുഭവം, അമേരിക്ക അമേരിക്ക, അങ്ങാടി, അനുപല്ലവി, അലാവുദ്ദീനും അദ്ഭുതവിളക്കും, അനുഭവങ്ങളേ നന്ദി, അക്ഷരങ്ങൾ, അടിമകൾ ഉടമകൾ, അബ്കാരി, അനുരാഗി, അനുഭൂതി......ആശീർവാദം, ആലിംഗനം, ആരാധന, ആൾക്കൂട്ടത്തിൽ തനിയെ, 1921, ആവനാഴി......) ശശിയായിരുന്നു മലയാള സിനിമയിലെ ആദ്യാക്ഷരം– അ.