താരങ്ങളാക്കാമെന്നു പറഞ്ഞ് പീഡനം; ഹോളിവുഡ് സംവിധായകനെതിരെ 38 സ്ത്രീകൾ

സംവിധായകൻ ജയിംസ് ടൊബാക്.

ലൊസാഞ്ചൽസ്∙ അമേരിക്കൻ ചലച്ചിത്ര നിർമാതാവ് ഹാർവി വെയ്ൻസ്റ്റെയ്നെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ഹോളിവുഡിൽനിന്ന് മറ്റൊരു ലൈംഗിക പീഡനക്കേസ് കൂടി. ഓസ്കർ നാമനിർദേശം ലഭിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ജയിംസ് ടൊബാക്കിന് (72) എതിരെയാണ് പരാതി.

താരങ്ങളാക്കാമെന്നു വാഗ്ദാനം നൽകി ജയിംസ് ലൈംഗികമായി പീഡിപ്പിച്ചെന്നുകാട്ടി 38 സ്ത്രീകളാണു പരാതി നൽകിയത്. ലൈംഗിക അതിപ്രസരമുള്ള സംഭാഷണങ്ങളും സ്വയംഭോഗ പ്രദർശനങ്ങളും ഇയാൾ നടത്തിയെന്നും പരാതികളിൽ പറയുന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ ആരോപണങ്ങളെല്ലാം നിഷേധിച്ച ജയിംസ്, പരാതിക്കാരായ സ്ത്രീകളെയൊന്നും കണ്ടിട്ടേയില്ലെന്നു പ്രതികരിച്ചു.

നടിമാരായ ടെറി കോൺ, ഇക്കോ ഡാനൻ, ഗിറ്റാറിസ്റ്റും പാട്ടുകാരിയുമായ ലൂയിസ് പോസ്റ്റ് തുടങ്ങിയ 31 പേർ പരസ്യമായിത്തന്നെ ജയിംസിനെതിരെ ആരോപണമുന്നയിച്ചു. ‘എല്ലാവർക്കും ജോലി ചെയ്യേണ്ടതുണ്ട്. അതിനാൽ പലരും പലതും സഹിച്ചതാണ്’– ഡാനൻ പറഞ്ഞു.

ആരാണ് ജയിംസ് ടൊബാക് ?

ന്യൂയോർക്ക് സിറ്റിയിൽനിന്നുള്ള തിരക്കഥാകൃത്താണു ജയിംസ് ടൊബാക്. ഹർവാഡ് സർവകലാശാലയിൽനിന്നു ബിരുദമെടുത്ത ജയിംസ്, പത്രപ്രവർത്തകനായി 1966 മുതൽ നിരവധി പ്രസിദ്ധീകരണങ്ങളിൽ ജോലിയെടുത്തു. എഴുപതുകളുടെ തുടക്കത്തിൽ ക്രിയേറ്റീവ് എഴുത്ത് അധ്യാപകനായി മാറി. പിന്നീട് സിനിമയ്ക്കു വേണ്ടി തിരക്കഥകൾ ഒരുക്കി.

ജയിംസ് കാൻ നായകനായി 1974ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ ‘ദ് ഗാംബ്ലർ’ ഇദ്ദേഹത്തിന്റെ തിരക്കഥയിലാണ് ഒരുങ്ങിയത്. വാറൻ ബീറ്റി ടൈറ്റിൽ റോളിൽ അഭിനയിച്ച ബഗ്സി (1991) ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങൾക്കും തൂലിക ചലിപ്പിച്ചു. ബഗ്സിക്ക് 10 ഓസ്കർ നോമിനേഷൻ ലഭിച്ചിട്ടുണ്ട്. ടു ഗേൾസ് ആൻഡ് എ ഗൈ, വെൻ വിൽ ഐ ബി ലവ്‍ഡ്, മൈക് ടൈസനെക്കുറിച്ചുള്ള ഡോക്യുമെന്ററി ടൈസൻ എന്നിവ സംവിധാനം ചെയ്തു.

ഹാർവി വെയ്ൻസ്റ്റെയ്നെതിരെ നടപടി

ഹോട്ടൽ മുറിയിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്ന ഇറ്റാലിയൻ മോഡലിന്റെ പരാതിയിലാണു ഹാർവി വെയ്ൻസ്റ്റെയ്നെതിരെ നടപടി. 2013 ഫെബ്രുവരിയിൽ ലൊസാഞ്ചൽസിൽ ഇറ്റാലിയൻ ഫിലിം ഫെസ്റ്റിവലിനിടെയാണു സംഭവമെന്നു മുപ്പത്തെട്ടുകാരിയായ ഇവർ പൊലീസിനു മൊഴി നൽകി. ഇറ്റാലിയൻ നടി ആസിയ അർജന്റോ ഉൾപ്പെടെ മൂന്നുപേർ നൽകിയ പരാതിയിൽ ന്യൂയോർക്ക് പൊലീസും അന്വേഷണം ആരംഭിച്ചു. ആഞ്ജലീന ജോളി, ഗിനത്ത് പാട്രോ എന്നിവർ ഉൾപ്പെടെ നാൽപതോളം പേർ വെയ്ൻസ്റ്റെയ്നെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിൽ എട്ടുപേരുടെ കേസ് ഒത്തുതീർപ്പാക്കിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.