ജസ്റ്റിസ് ഉബൈദിനെതിരെ ചീഫ് ജസ്റ്റിസിനു കൊല്ലപ്പെട്ട രാജീവിന്റെ അമ്മയുടെ പരാതി

ന്യൂഡൽഹി∙ ചാലക്കുടി രാജീവ് വധക്കേസിൽ അഡ്വ. സി.പി. ഉദയഭാനുവിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിൽനിന്ന് പിന്മാറിയ ജസ്റ്റിസ് ഉബൈദിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു കൊല്ലപ്പെട്ട റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ രാജീവിന്റെ അമ്മ രാജമ്മയുടെ പരാതി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കേസിലെ അന്വേഷണം നിലയ്ക്കുന്നതിനു കാരണമായി. മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതിനാൽ അ‍ഡ്വ. ഉദയഭാനുവിനെ കസ്റ്റഡിയിലെടുക്കുന്നില്ല. ഉദയഭാനുവിനെതിരായ അന്വേഷണം വൈകുന്നുവെന്നും രാജീവിന്റെ അമ്മയുടെ പരാതിയിൽ പറയുന്നു.

പുതിയ ബെഞ്ച് കേസ് ഏറ്റെടുക്കുന്നതുവരെ അറസ്റ്റു പാടില്ലെന്ന ഇടക്കാല ഉത്തരവ് നിലനിൽക്കുമെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് ഉബൈദ് കേസു പരിഗണിക്കുന്നതിൽനിന്നു പിന്മാറിയത്. ഹർജി തീർപ്പാക്കാൻ വൈകരുതെന്ന് പ്രോസിക്യൂഷനും രാജീവിന്റെ മകൻ അഖിലിന്റെ അഭിഭാഷകനും കഴിഞ്ഞ ദിവസത്തെ വാദത്തിനിടെ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ഹർജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് ഉബൈദ് ഒഴിഞ്ഞത്.

പരിയാരം തവളപ്പാറയിൽ കോൺവന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ സെപ്റ്റംബർ 29ന് രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ചത്തെ ആസൂത്രണത്തിനുശേഷം രാജീവിനെ നാലംഗ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ കെട്ടിടത്തിൽ വച്ച് വസ്തു ഇടപാടു രേഖകളിൽ ബലമായി ഒപ്പുവയ്പിക്കാൻ ശ്രമിക്കുന്നതിനിടെ കൊലപ്പെടുത്തുകയായിരുന്നു എന്നാണു പൊലീസ് കേസ്.