കാർത്തിക്കും ധവാനും മിന്നി; പുണെയിൽ കിവീസിനെ ആറുവിക്കറ്റിന് വീഴ്ത്തി ഇന്ത്യ

ശിഖർ ധവാന്റെ ബാറ്റിങ്

പുണെ ∙ന്യൂസീലൻഡിനെ ആറു വിക്കറ്റിന് തകർത്തു ‌ടീം ഇന്ത്യ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ തിരിച്ചെത്തി. ഓപ്പണർ ശിഖർ ധവാൻ (84 പന്തിൽ 68) ദിനേഷ് കാർത്തിക്ക് (92 പന്തിൽ 64) എന്നിവരുടെ അർധ സെഞ്ചുറി മികവിലാണ് ഇന്ത്യ വിജയ ലക്ഷ്യം നേടിയത്.

രോഹിത് ശർമ, വിരാട് കോഹ്‍ലി,ശിഖർ ധവാൻ, ഹാർദിക് പാണ്ഡ്യ എന്നിവരാണ് പുറത്തായ ബാറ്റ്സ്മാൻമാർ. ചെറിയ വിജയ ലക്ഷ്യമായതിനാൽ വമ്പനടികൾക്കു മുതിരാതെ കളിച്ച ഇന്ത്യ 14 പന്തു ബാക്കി നിൽക്കെ ലക്ഷ്യം കാണുകയായിരുന്നു.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യക്ക് വിക്കറ്റ് നഷ്‌ടമായി. ഏഴു റൺസെടുത്ത ഓപ്പണർ രോഹിത് ശര്‍മ ടിം സൗത്തിയുടെ പന്തിൽ കോളിൻ മൺറോയ്ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും ശിഖർ ധവാനും ചേർന്നു സ്കോർ മുന്നോട്ടു കൊണ്ടു പോയി. എന്നാൽ സ്കോർ 79ൽ നിൽക്കെ വിരാട് കോഹ്‍ലി പുറത്തായി. 29 പന്തിൽ 29 റൺസെടുത്ത കോഹ്‍ലി ഗ്രാന്റ്ഹോമിന്റെ പന്തിൽ ടോം ലാതമിന് ക്യാച്ച് നൽകി പുറത്തായി. ഓപ്പണർ ശിഖർ ധവാൻ അർധ സെഞ്ചുറി നേടി ഇന്ത്യൻ ബാറ്റിങിന് കരുത്തായി. ആദം മിലിന്റെ പന്തിൽ റോസ് ടെയ്‍ലർക്കു ക്യാച്ച് നൽകിയാണ് ധവാൻ പുറത്തായത്. ദിനേഷ് കാർത്തിക്കും ഹാർദിക് പാണ്ഡ്യയും ചേർന്നു ഇന്ത്യൻ സ്കോർ 200 കടത്തി. എന്നാൽ നാൽപതാം ഓവറിൽ ഇന്ത്യയുടെ നാലാം വിക്കറ്റ് വീണു. 31 ബോളിൽ 30 റൺസെടുത്ത ഹാർദിക് പാണ്ഡ്യയെ മിച്ചൽ സാന്റ്നറുടെ പന്തിൽ ആദം മിൻ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. പിന്നാലെയെത്തിയ എം.എസ് ധോണിയും ദിനേഷ് കാർത്തിക്കും ചേർന്നു ഇന്ത്യയുടെ വിജയ റൺസ് കുറിച്ചു.

ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് 9 വിക്കറ്റ് നഷ്ടത്തിൽ 230 റൺസെടുത്തു. തുടക്കത്തില്‍ മൂന്നു വിക്കറ്റുകൾ കളഞ്ഞു കുളിച്ച കിവീസിന് ശ്രദ്ധയോടെ ബാറ്റു വീശിയ മധ്യനിരയാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. എന്നാല്‍ മികച്ച റൺസ് ക‌െട്ടിപ്പടുക്കാൻ ആർക്കും സാധിക്കാതിരുന്നത് കിവീസിനെ 230 എന്ന ചെറിയ സ്കോറിൽ ഒതുക്കി. കൃത്യമായ ഇടവേളകളിൽ വിക്കറ്റു വീഴ്ത്തിക്കൊണ്ടിരുന്ന ഇന്ത്യൻ ബൗളര്‍മാരുടെ മുന്നിൽ കിവീസ് നിര തകരുകയായിരുന്നു.

ഇന്ത്യ–ന്യൂസീലന്‍ഡ് മത്സരത്തിൽ നിന്ന്

ആദ്യ ഏകദിനത്തിൽ തോറ്റ ഇന്ത്യ ഇന്നത്തെ ജയത്തോടെ പരമ്പരയിൽ ന്യൂസീലൻഡിന് ഒപ്പമെത്തി. ഏകദിന പരമ്പരയിലെ അവസാന മത്സരം ഈ മാസം 29ന് കാൺപൂരിൽ നടക്കും.