Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോമസ് ചാണ്ടിക്കെതിരായ റിപ്പോർട്ടിൽ നിയമോപദേശം തേടാൻ സർക്കാർ

Thomas-Chandy

തിരുവനന്തപുരം∙ കായൽ കയ്യേറിയെന്ന ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായി ആലപ്പുഴ കലക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ സർക്കാർ നിയമോപദേശം തേടും. അഡ്വക്കറ്റ് ജനറലിനോടാണു (എജി) നിയമോപദേശം തേടുക. റവന്യൂ അഡീ. ചീഫ് സെക്രട്ടറിയുടെ നിലപാടിന് സർക്കാർ അംഗീകാരം നൽകി. കലക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിസഭ ഇന്നു പരിഗണിച്ചില്ല.

കായല്‍ കയ്യേറ്റവും നിലം നികത്തലുമായി ബന്ധപ്പെട്ട കലക്ടറുടെ റിപ്പോര്‍ട്ടില്‍ കൂടുതല്‍ പരിശോധന വേണമെന്നു റവന്യൂ അഡീ. ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍, റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെ രേഖാമൂലം അറിയിച്ചിരുന്നു. ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധന നടത്തണം. 2006 മുതല്‍ 2011 വരെയുള്ള ചിത്രങ്ങളാണു പരിശോധിക്കേണ്ടത്. കോടതി പരിഗണിക്കുന്ന കാര്യമായതിനാല്‍ കൂടുതല്‍ നിയമോപദേശം തേടേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഇതിനിടെ, തോമസ് ചാണ്ടി മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് അതൃപ്തി അറിയിച്ചു. കായൽ കയ്യേറ്റ വിഷയത്തിൽ നിയമ നടപടി വേണമെന്ന തരത്തിൽ റവന്യുമന്ത്രിയെടുത്ത നിലപാടാണു തോമസ് ചാണ്ടിയെ അതൃപ്തനാക്കിയത്. മന്ത്രിസഭാ യോഗത്തിനുശേഷമാണ് പിണറായി വിജയനുമായി തോമസ് ചാണ്ടി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ, ക്രിമിനല്‍ കേസെടുക്കണമെന്നു റവന്യു മന്ത്രി നിലപാടെടുത്തിട്ടില്ലെന്നു മുഖ്യമന്ത്രി വിശദീകരിച്ചു.

മന്ത്രിസഭ പരിഗണിക്കാതെതന്നെ മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോർട്ടിന്മേൽ തീരുമാനമെടുക്കാം എന്നിരിക്കെയാണ് നിയമോപദേശം തേടിയത്. മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കട്ടെ എന്ന അഭിപ്രായമാണു റവന്യുമന്ത്രിക്കുള്ളത്. തോമസ് ചാണ്ടിയുടെ ഭാഗത്തുനിന്നു ഗുരുതമായ വീഴ്ചയുണ്ടായി എന്ന അഭിപ്രായവും രേഖാമൂലം റവന്യുമന്ത്രി മുഖ്യമന്ത്രിക്കു കൈമാറിയിട്ടുണ്ട്.ചാണ്ടിയുടെ ഭാഗത്തുനിന്നു ഗുരുതമായ വീഴ്ചയുണ്ടായി എന്ന അഭിപ്രായവും രേഖാമൂലം റവന്യുമന്ത്രി മുഖ്യമന്ത്രിക്കു കൈമാറിയിട്ടുണ്ട്.

അതേസമയം, തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിന്റെ രേഖകൾ ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ ആലപ്പുഴ നഗരസഭ നോട്ടിസ് നൽകി. ഏഴു ദിവസത്തിനകം രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുമെന്ന മുന്നറിയിപ്പുമുണ്ട്. ലേക്ക് പാലസ് റിസോർട്ടിലെ കെട്ടിടങ്ങളുടെ നിർമാണ അനുമതി സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ നേരത്തേ നിർദേശം നൽകിയിരുന്നു. അതിനിടെയാണു നഗരസഭയിൽ നിന്നു രേഖകൾ കാണാതായത്. തുടർന്നു നടത്തിയ പരിശോധനയിൽ 18 കെട്ടിടങ്ങളുടെ നിർമാണ രേഖകൾ കണ്ടെടുത്തു.

അതിനിടെ ലേക്ക് പാലസ്, മാർത്താണ്ഡം കായൽ ഭൂമി ഇടപാടുകൾ സംബന്ധിച്ച കലക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ടിനെതിരെ റിസോർട്ട് ഉടമകളായ വാട്ടർ വേൾഡ് ടൂറിസം കമ്പനി കോടതിയലക്ഷ്യത്തിനു ഹൈക്കോടതിയിൽ കേസ് കൊടുത്തു. ലേക്ക് പാലസിനു സമീപത്തെ ബണ്ട് നിർമാണം സംബന്ധിച്ചു കോടതിയിൽ കേസുള്ളപ്പോഴാണു കലക്ടർ റിപ്പോർട്ട് തയാറാക്കിയതെന്നാണു പരാതി.

നഗരസഭാ ചെയർമാന്റെ വിലക്കു മറികടന്നു സമരം ചെയ്ത ജീവനക്കാർക്കു ശമ്പളം വിതരണം ചെയ്ത സംഭവത്തിൽ സെക്രട്ടറിക്കു വീഴ്ച വന്നതായി നഗരകാര്യ ഡയറക്ടർ ഹരിത വി.കുമാർ സർക്കാരിനു റിപ്പോർട്ട് നൽകി. ജോയിന്റ് ഡയറക്ടർ എം.ബൽരാജിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണു ശുപാർശ. തുടർ നടപടി തദ്ദേശ വകുപ്പാണ് എടുക്കേണ്ടത്. ലേക്ക് പാലസിന്റെ ഫയൽ കാണാതായ സംഭവത്തിൽ ജീവനക്കാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണു ജീവനക്കാർ 12 ദിവസം സമരം ചെയ്തത്. ഇവർക്കു സമര ദിനങ്ങളിൽ ശമ്പളം അനുവദിക്കരുതെന്നു ചെയർമാൻ തോമസ് ജോസഫ് നിർദേശം നൽകിയിരുന്നു.

related stories