ബ്രൂസ്റ്ററിന്റെ രണ്ടാം ഹാട്രിക്കിൽ ബ്രസീൽ വീണു; ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിൽ

ഹാട്രിക് നേടിയ ഇംഗ്ലണ്ട് താരം റയാൻ ബ്രൂസ്റ്റർ. ചിത്രം:സലിൽ ബേറ

കൊല്‍ക്കത്ത ∙ കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ ബ്രസീൽ താരങ്ങളുടെ കണ്ണീർ വീഴ്ത്തി ഇംഗ്ലണ്ട് കുട്ടിപ്പടയുടെ പടയോട്ടം. അണ്ടർ 17 ലോകകപ്പിലെ ആദ്യ സെമിയിൽ ബ്രസീലിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ട് ഫൈനലിൽ കടന്നു. തുടർച്ചയായ രണ്ടാം ഹാട്രിക്കോടെ ഇംഗ്ലണ്ട് മുന്നേറ്റങ്ങളുടെ കുന്തമുനയായി മാറിയ ലിവർപൂൾ താരം റയാൻ ബ്രൂസ്റ്ററിന്റെ മിന്നും പ്രകടനമാണ് മൽസരത്തിന്റെ ഹൈലൈറ്റ്. ആദ്യപകുതിയുടെ 10, 39 മിനിറ്റുകളിൽ ഗോൾ നേടിയ ബ്രൂസ്റ്റർ, രണ്ടാം പകുതിയുടെ 77–ാം മിനിറ്റിലാണ് ഹാട്രിക്ക് പൂർത്തിയാക്കിയത്. 21–ാം മിനിറ്റിൽ വെസ്‌ലിയാണ് ബ്രസീലിന്റെ ആശ്വാസഗോൾ നേടിയത്. ആദ്യപകുതിയിൽ ഇംഗ്ലണ്ട് 2–1നു മുന്നിലായിരുന്നു.

ബ്രസീലിനെതിരായ ഹാട്രിക്കോടെ റയാൻ ബ്രൂസ്റ്ററിന്റെ ടൂർണമെന്റിലെ ഗോൾനേട്ടം ഏഴായി ഉയർന്നു. യുഎസ്എയ്ക്കെതിരായ ക്വാർട്ടർ പോരാട്ടത്തിലും ഹാട്രിക് നേടിയ ബ്രൂസ്റ്റർ, ടൂർണമെന്റിന്റെ താരമാകാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ഒറ്റയ്ക്കു മുന്നിലെത്തി. മാലിയുടെ ലസ്സാന എൻഡിയായെ അഞ്ചു ഗോളുകളോടെയും സ്പെയിനിന്റെ ആബേൽ റൂയിസ് നാലു ഗോളുകളോടെയും ബ്രൂസ്റ്ററിനു പിന്നിലുണ്ട്.

ബ്രസീൽ–ഇംഗ്ലണ്ട് മത്സരത്തിൽ നിന്ന്.ചിത്രം:സലിൽ ബേറ

ഫോഡൻ–ബ്രൂസ്റ്റർ–ഹഡ്സൻ

ഇംഗ്ലണ്ട് വിജയത്തിന്റെ പൂർണമായ ക്രെഡിറ്റും ടീം മികവിനുള്ളതാണെങ്കിലും മുന്നേറ്റത്തിൽ ഫോഡൻ–ബ്രൂസ്റ്റർ–ഹഡ്സൻ ത്രയത്തിന്റെ പ്രകടനം എടുത്തുപറയണം. ഗോളുകൾ മുഴുവൻ ബ്രൂസ്റ്ററിന്റെ പേരിലാണ് രേഖപ്പെടുത്തിയതെങ്കിലും ബ്രസീൽ പ്രതിരോധത്തെ വെള്ളംകുടിപ്പിച്ച് ഇവർ നടത്തിയ നീക്കങ്ങളായിരുന്നു മൽസരത്തിന്റെ ഹൈലൈറ്റ്. ഇടതുവിങ്ങിൽ ഹഡ്സനും വലതുവിങ്ങിൽ ഫോഡനും നടത്തിയ തകർപ്പൻ മുന്നേറ്റങ്ങളുടെ ബാക്കിപത്രമായിരുന്നു മൂന്നു ഗോളുകളും.

ബ്രസീലിന്റെ പേരുകേട്ട മുന്നേറ്റത്തോടു മുട്ടിനിന്ന ഇംഗ്ലണ്ട് പ്രതിരോധത്തിനും കൊടുക്കണം ഫുൾ മാർക്ക്. ലിങ്കൺ–പൗളീഞ്ഞോ–ബ്രണ്ണർ ത്രയം എതിരാളികളുടെ കോട്ട തകർക്കാനാകാതെ ഉഴറുന്ന കാഴ്ച അപൂർവമായിരുന്നു. ക്യാപ്റ്റൻ ജോയൽ ലാറ്റിബെഡ്യൂയിയുടെ നേതൃത്വത്തിൽ ഇംഗ്ലണ്ട് പ്രതിരോധം ഉറച്ചുനിന്നതോടെ ടൂർണമെന്റിലാദ്യമായി ബ്രസീൽ ഗോള്‍ നേടാനാകാതെ വിയർത്തു.

ഗോളുകൾ വന്ന വഴി

ഇംഗ്ലണ്ടിന്റെ ഒന്നാം ഗോൾ: പതിവുപോലെ നിലയുറപ്പിക്കാൻ സമയമെടുത്ത ബ്രസീലിനെതിരെ ഇംഗ്ലണ്ട് ലീഡു നേടുന്നതു കണ്ടുകൊണ്ടാണ് മൽസരം ഉണർന്നത്. അപ്പോൾ മൽസരത്തിനു പ്രായം 10 മിനിറ്റു മാത്രം. ഹഡ്സൻ ഒഡോയിയുടെ മികച്ചൊരു ക്രോസ് ബ്രസീൽ ബോക്സിനുള്ളിൽ റയാൻ ബ്രൂസ്റ്ററിലേക്ക്. തടയാനായി ഗോൾകീപ്പർ ഗബ്രിയേൽ ബ്രസാവോയും പ്രതിരോധതാരവുമെത്തി. പന്തു കിട്ടിയ ബ്രൂസ്റ്ററിന്റെ ആദ്യ ഷോട്ട് ബ്രസാവോ തടുത്തിട്ടു. ബ്രൂസ്റ്ററിന്റെ രണ്ടാം ശ്രമം പിഴച്ചില്ല. പന്തു നേരെ വലയിൽ. സ്കോർ 1–0. ടൂർണമെന്റിൽ ബ്രൂസ്റ്ററിന്റെ അ‍ഞ്ചാം ഗോൾ.

ബ്രസീൽ–ഇംഗ്ലണ്ട് മത്സരത്തിൽ നിന്ന്.ചിത്രം:സലിൽ ബേറ

ബ്രസീലിന്റെ സമനിലഗോൾ: മികച്ച ചില ശ്രമങ്ങൾ ബ്രസീൽ താരങ്ങൾ പാഴാക്കിയെങ്കിലും 21–ാം മിനിറ്റിൽ സമനില ഗോളെത്തി. പൗളീഞ്ഞോയുമായി പന്തു കൈമാറി ബോക്സിനുള്ളിലേക്ക് വെസ്‌ലിയുടെ മുന്നേറ്റം. ചെറിയൊരു കൂട്ടപ്പൊരിച്ചിലിനൊടുവിൽ ബ്രസീലിന്റെ ആദ്യ ഷോട്ട് ഇംഗ്ലണ്ട് ഗോൾകീപ്പർ തടുത്തിട്ടു. രണ്ടാം ശ്രമത്തിൽ വെസ്‌ലിയുടെ തകർപ്പൻ ഫിനിഷിങ്. സ്കോർ 1–1.

ഇംഗ്ലണ്ടിന്റെ രണ്ടാം ഗോൾ: ഇരു ടീമുകൾക്കും തുടർന്നും മികച്ച അവസരങ്ങൾ ലഭിച്ചു. വീണ്ടും ഗോൾഭാഗ്യം അനുഗ്രഹിച്ചത് ഇംഗ്ലണ്ടിനെ. വലകുലുക്കിയതാകട്ടെ റയാൻ ബ്രൂസ്റ്റർതന്നെ. ബ്രസീലിന്റെ പ്രതിരോധപ്പിഴവു തുറന്നു കാട്ടിയതായിരുന്നു ഈ ഗോൾ. ബ്രസീൽ ബോക്സിനുള്ളിൽ ആശയക്കുഴപ്പത്തിനൊടുവിൽ വീണു കിട്ടിയ പന്ത് ഫോഡനിൽനിന്നും സെസൻഗൻ വഴി റയാൻ ബ്രൂസ്റ്ററിലേക്ക്. പോസ്റ്റിനു തൊട്ടുമുന്നിൽ വീണ്ടും ബ്രൂസ്റ്ററിന്റെ തകർപ്പനൊരു ക്ലോസ്റേഞ്ചർ. ഗോളിക്ക് യാതൊരു അവസരവും നൽകാതെ പന്തു വലയിൽ. സ്കോർ 2–1. ബ്രൂസ്റ്ററിന്റെ ആറാം ലോകകപ്പ് ഗോൾ. ഇതേ സ്കോറിൽ മൽസരം ഇടവേളയിലേക്ക്.

ബ്രസീൽ–ഇംഗ്ലണ്ട് മത്സരത്തിൽ നിന്ന്.ചിത്രം:സലിൽ ബേറ

ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ: ഇടവേളയ്ക്കുശേഷവും ഇംഗ്ലണ്ട് ആക്രമണം തുടർന്നതോടെ, ബ്രസീൽ പ്രതിരോധത്തിനു പിടിപ്പതു പണിയായി. ഏതുനിമിഷവും ഇംഗ്ലണ്ട് വീണ്ടും ഗോൾ നേടുമെന്ന സ്ഥിതിയായിരുന്നു കളത്തിൽ. ബ്രസീൽ ആരാധകരെ ഞെട്ടിച്ച് 77–ാം മിനിറ്റിൽ ഇംഗ്ലണ്ട് മൂന്നാം വെടി പൊട്ടിച്ചു. അതും റയാൻ ബ്രൂസ്റ്ററിലൂടെ. ഇത്തവണ ഗോളിന് വഴിയൊരുക്കിയത് ഫിൽ ഫോഡൻ–സ്മിത്ത് റോവ് സഖ്യം. വലതുവിങ്ങിൽ ഫോഡനിലൂടെ പന്ത് നേരെ സ്മിത്ത് റോവിലേക്ക്. ഒരിഞ്ചു പോലും പിഴയ്ക്കാത്ത റോവിന്റെ തകർപ്പൻ ക്രോസ് പോസ്റ്റിന് സമാന്തരമായി ബ്രൂസ്റ്ററിലേക്ക്. പന്ത് ഗോളിലേക്ക് തട്ടിയിടേണ്ട ജോലി മാത്രം ബ്രൂസ്റ്ററിന്. സ്കോർ 3–1.