ശുചിത്വപ്പട്ടികയിൽ കേരളത്തിലെ നഗരങ്ങൾ പിന്നിൽ; കേന്ദ്രഫണ്ട് ഉപയോഗപ്പെടുത്തുന്നില്ല

കോട്ടയം ∙ രാജ്യത്തെ വൃത്തിയേറിയ 500 നഗരങ്ങളുടെ പുതിയ പട്ടിക പുറത്തുവന്നപ്പോൾ കേരളത്തിനു നിരാശ. സംസ്ഥാനത്തെ ഒരു നഗരത്തിനു പോലും ആദ്യ 250ൽ എത്താനായില്ല. 2014 ലെ പട്ടികയിൽ അ‍ഞ്ചാം സ്ഥാനത്തും കഴിഞ്ഞവർഷം 55–ാം സ്ഥാനത്തുമുണ്ടായിരുന്ന കൊച്ചി ഇത്തവണ 271–ാം സ്ഥാനത്തേക്കു വീണു. മധ്യപ്രദേശിലെ ഇൻഡോർ ആണ് ഏറ്റവും ശുചിത്വമുള്ള നഗരം. ഭോപ്പാലും വിശാഖപട്ടണവും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. യുപിയിലെ ഗോണ്ടയാണ് ഏറ്റവും പിന്നിൽ.

കഴിഞ്ഞവർഷം ഒന്നാമതായിരുന്ന മൈസൂരു അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 254–ാം സ്ഥാനത്തുള്ള കോഴിക്കോടാണു കേരളത്തിൽ നിന്നുള്ള ‘ഒന്നാമൻ’. കൊച്ചി–271, പാലക്കാട്–286, ഗുരുവായൂർ–306, തൃശൂർ–324, കൊല്ലം–365, കണ്ണൂർ–366, തിരുവനന്തപുരം–372, ആലപ്പുഴ–380 എന്നിങ്ങനെയാണു സംസ്ഥാനത്തെ മറ്റു നഗരങ്ങളുടെ പ്രകടനം. തുറസ്സായ സ്ഥലത്തെ വിസർജനം, ഖരമാലിന്യ സംസ്കരണം എന്നിവ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ കണക്കിലെടുത്താണു കേന്ദ്ര നഗരവികസന മന്ത്രാലയം പട്ടിക തയാറാക്കിയത്.

∙ പദ്ധതി സമർപ്പിക്കാൻ മറന്ന് കേരളം

സ്വച്ഛ് ഭാരത് പദ്ധതിപ്രകാരം നഗരങ്ങളിലെ ഖരമാലിന്യസംസ്കരണത്തിനു മികച്ച പദ്ധതികൾ സമർപ്പിച്ചാൽ, ചെലവിന്റെ 35–40% വരെ നൽകാൻ കേന്ദ്രം തയാറാണ്. പാതിവഴിയിലായ പദ്ധതികളെ പൂർത്തിയാക്കാനും ശുചിത്വ ബോധവൽക്കരണത്തിനും പണം ലഭിക്കും. മറ്റു സംസ്ഥാനങ്ങൾ 2014 മുതൽ കൃത്യമായി ഇതു ചെയ്യുന്നുണ്ടെങ്കിലും കേരളം അറിഞ്ഞമട്ടില്ല. അതുകൊണ്ടുതന്നെ, കേന്ദ്രത്തിൽനിന്നു ഫണ്ട് കിട്ടിയതുമില്ല. സ്വച്ഛ് ഭാരത് പദ്ധതി ആരംഭിച്ച 2014നു ശേഷം രാജസ്ഥാൻ 345 കോടി രൂപ കേന്ദ്ര സഹായം നേടിയെടുത്തു. മധ്യപ്രദേശ് (302 കോടി), ഗുജറാത്ത് (270), ആന്ധ്ര (208), തമിഴ്നാട് (207) എന്നിവയും കൈനിറയെ പണം വാങ്ങി.

2017 റാങ്കിങ്: സംസ്ഥാനം, പോയിന്റ് (ആകെ: 2000)

1. ഇൻഡോർ (മധ്യപ്രദേശ്) – 1807 2. ഭോപ്പാൽ (മധ്യപ്രദേശ് ) – 1800 3. വിശാഖപട്ടണം (ആന്ധ്ര) – 1796 4. സൂറത്ത് (ഗുജറാത്ത്) – 1762 5 മൈസൂരു (കർണാടക) – 1743 6. തിരുച്ചിറപ്പള്ളി (തമിഴ്നാട്) –1715 7. ന്യൂഡൽഹി മുനിസിപ്പൽ കോർപറേഷൻ 1707 8. നവിമുംബൈ (മഹാരാഷ്ട്ര) – 1705 9. തിരുപ്പതി (ആന്ധ്ര) – 1703.86 10. വഡോദര (ഗുജറാത്ത്) – 1703.07

∙ മാലിന്യത്തിൽ ആദ്യ പത്ത്

രാജ്യത്ത് ഏറ്റവും കൂടുതൽ മാലിന്യം ഉണ്ടാകുന്നതു ന്യൂഡൽഹി നഗരത്തിലാണ്; ദിവസവും 6800 ടൺ. മുംബൈ (6500), ചെന്നൈ (4500), ഹൈദരാബാദ് (4200), ബെംഗളൂരു (3700), കൊൽക്കത്ത (3670), അഹമ്മദാബാദ് (2300), കാൺപുർ (1600), പുണെ (1300), ലക്നൗ (1200), സൂറത്ത് (1200).

ആലപ്പുഴ ഇന്ത്യയ്ക്കു മാതൃക

വൃത്തിയിൽ മൊത്തത്തിൽ പിന്നാക്കമാണെങ്കിലും രാജ്യത്തെ 10 മാതൃകാ മാലിന്യ സംസ്കരണ രീതികളിൽ, ആലപ്പുഴയിൽ നടപ്പാക്കിയ ‘നിർമല ഭവനം നിർമല നഗരം’ പദ്ധതിയും ഉൾപ്പെടും. 2012 ൽ ആണ് പദ്ധതി തുടങ്ങിയത്. ഉറവിട മാലിന്യശേഖരണവും പൈപ് കമ്പോസ്റ്റിങ്, ബയോ ഗ്യാസ് പ്ലാന്റുകൾ എന്നിവയാണു വിജയത്തിനു പിന്നിൽ.