കോടിയേരിയുടെ ആഡംബര കാർ യാത്ര: വീഴ്ച പറ്റിയതായി സിപിഎം വിലയിരുത്തൽ

കോഴിക്കോട് ∙ കൊടുവള്ളിയിൽ കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ച മിനി കൂപ്പറിനെ ജാഥയ്ക്കുപയോഗിച്ച വാഹനമായി കാണാൻ കഴിയില്ലെന്നു സിപിഎം ജില്ലാ കമ്മിറ്റി. എന്നാൽ, ജാഥ ലീഡർക്കു വാഹനം കണ്ടെത്തേണ്ടുമ്പോൾ പുലർത്തേണ്ട ജാഗ്രത സ്വീകരണ കമ്മിറ്റി കാണിച്ചില്ലെന്നും ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. പ്രാദേശികമായി സംഘാടക സമിതി ഏർപ്പെടുത്തിയ വാഹനമായിരുന്നു അത്. വാഹന ഉടമയെക്കുറിച്ചു കോടിയേരിക്ക് അറിവില്ല. കോടിയേരിയെ സ്വീകരിക്കാൻ തയാറാക്കിയ വാഹനത്തിനു തകരാർ സംഭവിച്ചപ്പോഴാണ് പകരമായി ഈ വാഹനം കണ്ടെത്തിയതെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.

വിവാദത്തിന് ഇടയാവുന്ന വാഹനം ഏർപ്പെടുത്തിയത് ഒഴിവാക്കേണ്ടതായിരുന്നു. ഇതിന്റെ പൂർണ ഉത്തരവാദിത്തം കൊടുവള്ളിയിലെ സംഘാടക സമിതിക്കാണ്. ഇക്കാര്യത്തിൽ കോടിയേരി ബാലകൃഷ്ണനെയോ എൽഡിഎഫ് ജാഥയെയോ ആക്ഷേപിക്കുന്നതിൽ അടിസ്ഥാനമില്ല. ജാഥയ്ക്കു ലഭിക്കുന്ന ജനപിന്തുണയിൽ പരിഭ്രാന്തരായ ബിജെപിയും ലീഗുമാണ് വിവാദ പ്രചാര വേലയ്ക്കു പിന്നിലെന്നും യോഗം കുറ്റപ്പെടുത്തി. വാഹനം സംബന്ധിച്ച വിവാദം അനവസരത്തിലും അനാവശ്യവുമായെന്ന് അംഗങ്ങൾ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ജനജാഗ്രതാ യാത്രയ്ക്കു കൊടുവള്ളിയിൽ നൽകിയ സ്വീകരണത്തിനിടെ ഉപയോഗിച്ച കാറിനെച്ചൊല്ലിയാണ് വിവാദം ഉയര്‍ന്നു വന്നത്. നഗരസഭ കൗൺസിലർ കാരാട്ട് ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പർ കാറിലായിരുന്നു കോടിയേരിയുടെ സഞ്ചാരം.

കാരാട്ട് ഫൈസൽ ഹവാല കേസ് പ്രതിയാണെന്നാരോപിച്ചു ബിജെപി നേതാവ് കെ.സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതോടെയാണു യാത്ര വിവാദമായത്. 2013ൽ കരിപ്പൂർ വിമാനത്താവളം വഴി നടന്ന സ്വർണക്കള്ളക്കടത്തു കേസിലെ പ്രതിയായ ഷഹബാസിന്റെ ഭാര്യയുടെ പേരിലുള്ള ഓഡി ക്യു സെവൻ കാർ കാരാട്ട് ഫൈസലിന്റെ വീട്ടിൽ നിന്നു ഡിആർഐ കസ്റ്റഡിയിലെടുത്തിരുന്നു. ഫൈസലിനെയും ഡിആർഐ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.

അതേസമയം തനിക്കെതിരെ ഇതുമായി ബന്ധപ്പെട്ടു കേസുകളൊന്നും നിലവിലില്ലെന്നായിരുന്നു വ്യവസായി കൂടിയായ ഫൈസൽ കാരാട്ടിന്റെ പ്രതികരണം. ഈ കേസിൽപ്പെട്ട മറ്റു പ്രതികൾക്കെല്ലാമെതിരെ കോഫെപോസ നിയമപ്രകാരം ഡിആർഐ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഉയർന്നിരിക്കുന്ന വിവാദങ്ങൾ രാഷ്ട്രീയലക്ഷ്യം വച്ചുള്ളതു മാത്രമാണെന്നുമാണ് കാരാട്ട് ഫൈസൽലിന്റെ വാദം.