കേരളത്തിന്റെ മതേതരത്വത്തെ പുകഴ്ത്തി രാഷ്ട്രപതി റാംനാഥ് കോവിന്ദ്

തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതി റാംനാഥ് കോവിന്ദ് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം. (രാഷ്ട്രപതി ഭവൻ ട്വിറ്ററിൽ പങ്കുവച്ച ചിത്രം)

തിരുവനന്തപുരം ∙ കേരളത്തിന്റെ മതേതര സ്വഭാവത്തെ പുകഴ്ത്തി രാഷ്ട്രപതി റാംനാഥ് കോവിന്ദ് വീണ്ടും രംഗത്ത്. കേരളത്തിന്റെ മതേതരത്വം സംസ്ഥാനത്തിന്റെ മഹത്തായ പാരമ്പര്യമാണെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. കേരളം ഇന്ത്യയുടെ ഡിജിറ്റൽ പവർ ഹൗസാണ്. ആരോഗ്യം, വിദ്യാഭ്യാസം, സാക്ഷരത എന്നീ മേഖലകളിൽ കേരളം രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം പള്ളിപ്പുറത്ത് ടെക്നോസിറ്റി പദ്ധതിയിലെ ആദ്യ സര്‍ക്കാര്‍ കെട്ടിടത്തിനു തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപളളി സുരേന്ദ്രന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

രാജ്യത്തിന്റ സാമ്പത്തിക പുരോഗതി ഡിജിറ്റല്‍ ഇന്ത്യയിലാണ്. അതിന്റെ ശക്തികേന്ദ്രമാണ് ഇവിടം. കേരളം ആത്മീയ ഇടമാണെന്നും ഇവിടുത്തെ ആരോഗ്യ, സേവന, വൈജ്ഞാനിക മേഖലകള്‍ പേരുകേട്ടതാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കേരളത്തിനുപുറത്തും രാജ്യത്തിനുപുറത്തും മലയാളികളുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്നും രാഷ്ട്രപതി പറഞ്ഞു.

തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ മാത്യു ടി. തോമസ്, കടന്നപ്പള്ളി രാമചന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ സമീപം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

ടെക്നോസിറ്റിയുടെ ആദ്യഘട്ടം 2019ല്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടെക്നോസിറ്റിയുടെ 100 ഏക്കറില്‍ വരുന്ന നോളജ് സിറ്റി ഗവേഷണങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ അദ്ദേഹം വാനോളം പുകഴ്ത്തുകയും ചെയ്തു. ആത്മാർഥതയും ലാളിത്യവും നിറഞ്ഞ വ്യക്തിയാണ് കോവിന്ദ്. ദന്തഗോപുരവാസിയായ രാഷ്ട്രപതിയല്ല അദ്ദേഹം. കേരളത്തിന്റെ മതേതരത്വത്തെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ വാക്കുകൾ കേരളത്തിനുള്ള പിന്തുണയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടെക്നോസിറ്റി പദ്ധതിയിലെ ആദ്യ സർക്കാർ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുന്നതിനെത്തിയ രാഷ്ട്രപതി റാം നാഥ് കോവിന്ദ്. ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ സമീപം. ചിത്രം: മനോജ് ചേമഞ്ചേരി

രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. പദവി ഏറ്റെടുത്തശേഷം ഇതു രണ്ടാം തവണയാണ് അദ്ദേഹം കേരളത്തിൽ വരുന്നത്. മൂന്നുമണിയോടെ തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതിയ ഗവര്‍ണര്‍, മുഖ്യമന്ത്രി തുടങ്ങിയവര്‍ ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു. പള്ളിപ്പുറം ടെക്‌നോസിറ്റി ശിലാസ്ഥാപനം നിർവഹിച്ചശേഷം രാജ്ഭവനിലെത്തിയ രാഷ്ട്രപതി വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ ഗവർണർ പി.സദാശിവത്തിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ എന്നിവർ സമീപം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

ആറിനു സംസ്ഥാന സർക്കാരിനായി തിരുവനന്തപുരം നഗരസഭ ടഗോർ തിയറ്ററിൽ സംഘടിപ്പിച്ച പൗരസ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തു. എട്ടു മണിക്ക് രാജ്ഭവനിൽ ഗവർണർ ഒരുക്കുന്ന അത്താഴവിരുന്നിൽ പങ്കെടുത്തശേഷം അവിടെ തങ്ങും. വെള്ളിയാഴ്ച രാവിലെ 9.45നു പ്രത്യേക വിമാനത്തിൽ രാഷ്ട്രപതി കൊച്ചിയിലേക്കു തിരിക്കും. 11നു കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. 12.30നു ഡൽഹിക്കു മടങ്ങും.