ഷെറിനെ ദത്തുനൽകിയ നടപടി അന്വേഷിക്കണമെന്ന് മേനക ഗാന്ധിയോട് സുഷമ

ന്യൂഡൽഹി ∙ യുഎസിലെ മലയാളി കുടുംബം നാളന്ദയിൽനിന്നു ദത്തെടുത്ത മൂന്നു വയസ്സുകാരി ഷെറിൻ മാത്യൂസ് യുഎസിൽ കൊല്ലപ്പെട്ട സംഭവത്തിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജും ഇടപെടുന്നു. ഷെറിൻ മാത്യൂസിനെ ദത്തു നൽകിയ നടപടികൾ നിയമപരമായിരുന്നോ എന്ന് അന്വേഷിക്കാൻ വനിതാ ശിശുക്ഷേമ വകുപ്പുമന്ത്രി മേനകാ ഗാന്ധിയോട് സുഷമ സ്വരാജ് അഭ്യർഥിച്ചു. ട്വിറ്ററിലൂടെ സുഷമ സ്വരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം ഏഴിനു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിലെ വീട്ടിൽനിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്.

ഷെറിന്റെ മരണത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്നും സുഷമ വ്യക്തമാക്കി. ദത്തെടുക്കുന്ന കുട്ടികൾക്ക് പാസ്പോർട്ട് ലഭ്യമാക്കണമെങ്കിൽ ഭാവിയിൽ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ കൂടി അനുമതി വേണ്ടിവരുമെന്നും സുഷമ അറിയിച്ചു. നാളന്ദയിലെ മദർ തെരേസ അനാഥ് സേവ ആശ്രമത്തിൽനിന്നു രണ്ടുവർഷം മുൻപാണ് എറണാകുളം സ്വദേശികളായ വെസ്‌ലി മാത്യൂസും ഭാര്യ സിനിയും കുട്ടിയെ ദത്തെടുത്തത്. കുട്ടിയെ യുഎസിലേക്കു കൊണ്ടുപോവുകയും പേര് ഷെറിൻ മാത്യൂസ് എന്നു മാറ്റുകയും ചെയ്‌തു. ഷെറിനു നേരിയ കാഴ്‌ചക്കുറവും സംസാരവൈകല്യവുമുണ്ടായിരുന്നു.

ഷെറിൻ മാത്യൂസ് കൊല്ലപ്പെട്ടതായി തെളിഞ്ഞതുമുതൽ ബിഹാറിലെ ശിശുസംരക്ഷണ കേന്ദ്രങ്ങൾ പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. കുട്ടിയെ ദത്തെടുത്തതു നടപടിക്രമങ്ങൾ പാലിച്ചാണോ എന്നതു സംബന്ധിച്ച് നാളന്ദ ജില്ലാ മജിസ്‌ട്രേട്ട് എസ്.എം. ത്യാഗരാജന്റെ നേതൃത്വത്തിൽ അന്വേഷണവും നടന്നുവരികയാണ്. അതേസമയം, കുട്ടിയെ ദത്തുനൽകിയ നാളന്ദയിലെ സ്‌ഥാപനം ഒന്നരമാസം മുൻപു പൂട്ടിച്ചതായി ജില്ലാ മജിസ്‌ട്രേട്ട് അറിയിച്ചിരുന്നു.

അതേസമയം, ഷെറിൻ മാത്യൂസിന്റെ മരണത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടിനായി ഇന്ത്യയിലെ ചൈൽഡ് അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി യുഎസ് സെൻട്രൽ അതോറിറ്റി ഫോർ ഹേഗ് അഡോപ്ഷന് കത്തെഴുതിയതായാണ് വിവരം. ഷെറിന്റെ യുഎസിലെ ജീവിതത്തെക്കുറിച്ച് നാലു റിപ്പോർട്ടുകൾ ഇന്ത്യയ്ക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇവയെല്ലാം ഷെറിന്റെ മരണം സ്ഥിരീകരിക്കുന്നതിനു മുമ്പുള്ളതാണ്. ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട് വെസ്‍ലി മാത്യൂസ് യുഎസിൽ പൊലീസ് കസ്റ്റഡിയിലാണ്.