ബ്രസീലിന് മൂന്നാം സ്ഥാനത്തോടെ മടക്കം; മാലിയെ 2–0നു തോൽപ്പിച്ചു

ബ്രസീലിന്റെ രണ്ടാം ഗോൾ നേടിയ യൂറി ആൽബർട്ടോയുടെ ആഹ്ലാദം. ചിത്രം: സലിൽ ബേറ

കൊല്‍ക്കത്ത ∙ പതിനൊന്നു താരങ്ങൾക്കൊപ്പം ഭാഗ്യവും തുണനിന്ന മൽസരത്തിൽ ആഫ്രിക്കൻ കരുത്തുമായെത്തിയ മാലിയെ വീഴ്ത്തി അണ്ടർ 17 ലോകകപ്പിൽ ബ്രസീലിനു മൂന്നാം സ്ഥാനം. കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ നിലവിലെ രണ്ടാം സ്ഥാനക്കാരായ മാലിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തിയാണ് ബ്രസീലിന്റെ കുട്ടിപ്പട മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. മധ്യനിര താരം അലൻ സോസ (55), പകരക്കാരനായെത്തിയ യൂറി ആൽബർട്ടോ (88) എന്നിവരുടെ വകയായിരുന്നു ഗോളുകൾ.

മൽസരത്തിലുടനീളം മികച്ച മുന്നേറ്റങ്ങൾ സംഘടിപ്പിച്ച മാലിക്ക് നിർഭാഗ്യത്തിന്റെ ദിവസമായിരുന്നു ഇത്. മുന്നേറ്റങ്ങൾ സംഘടിപ്പിക്കുന്നതിൽ ബ്രസീലിനേക്കാൾ മികച്ചുനിന്ന മാലിക്ക് ഫിനിഷിങ്ങിലെ പോരായ്മയാണ് തിരിച്ചടിയായത്. അര ഡസനിലധികം ഉറച്ച ഗോളവസരങ്ങളാണ് നിർഭാഗ്യത്തിന്റെ ബാറിൽത്തട്ടി മാലിക്കു നഷ്ടമായത്. മിക്കപ്പോഴും ഗോൾകീപ്പർ ഗബ്രിയേൽ ബ്രസാവോയുടെ തകർപ്പൻ സേവുകളാണ് ബ്രസീലിനെ കാത്തത്.

ബ്രസീലിന്റെ രണ്ടാം ഗോൾ നേടിയ യൂറി ആൽബർട്ടോയുടെ ആഹ്ലാദം.

മൽസരത്തിന്റെ ആദ്യ മിനിറ്റു മുതൽ അവസാന വിസിൽ വരെ പിടിപ്പടു പണിയായിരുന്നു ബ്രസീൽ പ്രതിരോധത്തിനും ഗോൾകീപ്പർ ഗബ്രിയേൽ ബ്രസാവോയ്ക്കും. ഗോളെന്നുറപ്പിച്ച അര ഡസനോളം ഷോട്ടുകളാണ് ഗോളിനു മുന്നിൽ ബ്രസാവോ തടുത്തിട്ടത്. മാലി താരങ്ങളുടെ ചില മുന്നേറ്റങ്ങൾ ബ്രസീൽ ബോക്സിനുള്ളിൽ പ്രതിരോധക്കോട്ടയിൽ തട്ടിയും പുറത്തേക്കു പറന്നു. ഇത് ബ്രസീലിന്റെ മാത്രം ദിവസമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു മൽസരത്തിലെ മാലിയുടെ പിഴവുകളും ബ്രസീലിന്റെ ഗോളുകളും.

ഗോളുകൾ വന്ന വഴി

ബ്രസീലിന്റെ ഒന്നാം ഗോൾ: മൽസരത്തിന്റെ ഗതിക്കു വിപരീതമായി ബ്രസീൽ ലീഡെടുക്കുമ്പോൾ മൽസരത്തിനു പ്രായം 55 മിനിറ്റ്. ബ്രസീൽ താരങ്ങളുടെ മികവിനേക്കാൾ മാലി ഗോൾകീപ്പറിന്റെ മണ്ടത്തരം എതിരാളികൾക്കു സമ്മാനിച്ചതായിരുന്നു ഈ ഗോൾ. മധ്യവരയ്ക്കു സമീപത്തുനിന്നും കാലിൽക്കൊരുത്ത പന്തുമായി സഹതാരത്തിനൊപ്പം അലന്റെ മുന്നേറ്റം. തടയാനായി എത്തിയ മാലി പ്രതിരോധതാരങ്ങളെ കബളിപ്പിച്ച് അലന്റെ താരതമ്യേന ദുർബലമായ ഷോട്ട് മാലി ഗോൾകീപ്പറിന്റെ കൈകളിലേക്ക്. ഗോളി അനായാസം പന്തു കയ്യിലൊതുക്കുമെന്ന് കരുതിയിരുന്ന ഗാലറിയെ ഞെട്ടിച്ച് പന്ത് ചോർന്നു. താരങ്ങളും ആരാധകരും നോക്കിനിൽക്കെ പന്ത് ഉരുണ്ട് ഗോൾവര കടന്നു. തീർത്തും അവിശ്വസനീയമായ കാഴ്ച കണ്ട് ബ്രസീൽ താരങ്ങൾ പോലും ഞെട്ടി. സ്കോർ 1–0.

ബ്രസീലിന്റെ രണ്ടാം ഗോൾ: ബ്രസീലിന്റെ ആദ്യഗോൾ ഭാഗ്യത്തിന്റെ അകമ്പടിയോടെ ഉള്ളതായിരുന്നെങ്കിൽ രണ്ടാം ഗോൾ മികവിന്റെ മുദ്ര ചാർത്തിയതായിരുന്നു. മൽസരം തീരാൻ രണ്ടു മിനിറ്റു മാത്രം ബാക്കി നിൽക്കെ ലിങ്കനു പകരം കളത്തിലെത്തിയ യൂറി ആൽബർട്ടോയാണ് ഗോൾ നേടിയത്. മികച്ചൊരു മുന്നേറ്റത്തിനൊടുവിൻ ബ്രണ്ണർ വഴി പന്ത് യൂറി ആൽബർട്ടോയിലേക്ക്. മാലി ബോക്സിനുള്ളിൽ ആവശ്യത്തിന് സമയമെടുത്ത് ആൽബർട്ടോയുടെ ക്ലോസ് റേഞ്ചർ. മാലി ഗോളിക്ക് അവസരമൊന്നും നൽകാതെ പന്തു വലയിൽ. സ്കോർ 2–0.

മാലി നിറഞ്ഞുനിന്ന ആദ്യപകുതി

ഗോൾരഹിതമായി അവസാനിച്ചെങ്കിലും ബ്രസീലിന്റെ പേരും പെരുമയും കൂസാതെ തകർത്തുകളിച്ച മാലിയായിരുന്നു മൽസരത്തിന്റെ ആദ്യപകുതിയിലെ ഹൈലൈറ്റ്. മൽസരം തുടങ്ങുന്നതുവരെ ബ്രസീലായിരുന്നു ആരാധകരുടെ ഫേവറിറ്റുകളെങ്കിൽ കളി തുടങ്ങിയതോടെ കളം മാറി. തുടക്കം മുതലേ ആക്രമിച്ചു കയറുന്നത് പതിവാക്കിയ മാലി താരങ്ങളെ തടയാൻ ബ്രസീലിന് ഒന്നാകെ പ്രതിരോധത്തിലേക്ക് ഇറങ്ങേണ്ടിവന്നു. തുടർച്ചയായി മുന്നേറ്റങ്ങൾ സംഘടിപ്പിക്കുന്ന മാലി താരങ്ങളും സർവസന്നാഹത്തോടെയും പ്രതിരോധിക്കുന്ന ബ്രസീൽ താരങ്ങളുമായിരുന്നു ആദ്യപകുതിയിലെ കാഴ്ച.

ബ്രസീൽ താരം മാർക്കോസ് അന്റോണിയോ മൽസരശേഷം ഗാലറിയെ അഭിവാദ്യം ചെയ്യുന്നു. ചിത്രം: സലിൽ ബേറ

മാലി താരങ്ങളുടെ മുന്നേറ്റങ്ങൾ തടയുന്നതിന് പന്തു പരമാവധി കൈവശം വച്ചു കളിക്കാനായിരുന്നു ബ്രസീലിന്റെ ശ്രമം. പന്തു കിട്ടിയപ്പോഴാകട്ടെ മാലി ഇപ്പോൾ ഗോൾ നേടുമെന്ന തോന്നലുമുയർന്നു. ഗോള്‍ നേടാൻ നാലോളം സുവർണാവസരങ്ങളാണ് ആദ്യപകുതിയിൽ മാലിക്കു ലഭിച്ചത്. ബ്രസീലാകട്ടെ മാലിയെ വിറപ്പിച്ച മുന്നേറ്റങ്ങൾ കാര്യമായി നടത്തിയുമില്ല. ആദ്യ പകുതി അവസാനിക്കുമ്പോൾ സ്കോർ ഗോൾരഹിതമെങ്കിലും മാലിക്ക് വ്യക്തമായ ആധിപത്യമുണ്ടായിരുന്നു.

ഗോളുകൾ വന്ന രണ്ടാംപകുതി

രണ്ടാം പകുതിയിലും പതിവുപോലെ ബ്രസീൽ പന്തു കൈവശം വച്ചു കളിക്കാൻ ശ്രമിച്ചപ്പോൾ മുന്നേറ്റങ്ങൾ സംഘടിപ്പിച്ച് ഗോളിലേക്കെത്താനായിരുന്നു മാലിയുടെ ശ്രമം. ആദ്യപകുതി പോലെ മാലി താരങ്ങളുടെ മുന്നേറ്റത്തിൽ ബ്രസീൽ പ്രതിരോധം പലപ്പോഴും ആടിയുലഞ്ഞു. എന്നാൽ, അവസരം കിട്ടിയപ്പോഴെല്ലാം ബ്രസീലും ആഞ്ഞടിച്ചു. അതിന്റെ ഫലമായിരുന്നു അവരുടെ അക്കൗണ്ടിലെത്തിയ രണ്ടു ഗോളുകളും.

ബ്രസീലിന്റെ വിജയമാഘോഷിക്കുന്ന താരങ്ങൾ. ചിത്രം: സലിൽ ബേറ

ഗോളിലേക്കെത്തിയ ഈ നീക്കങ്ങളിലൊഴികെ മൽസരത്തിൽ ഏറിയ പങ്കും മേധാവിത്തം പുലർത്തിയത് മാലി തന്നെ. രണ്ടാം പകുതിയുടെ ഇൻജുറി ടൈമിലും മാലിക്ക് മികച്ച ഗോളവസരം ലഭിച്ചതാണ്. ബോക്സിനു തൊട്ടുമുന്നിൽനിന്നും മാലി താരം ഡൗക്കൗർ തൊടുത്ത ഷോട്ട് ബ്രസീൽ ഗോള്‍കീപ്പർ ഗബ്രിയേൽ ബ്രസാവോ കോർണർ വഴങ്ങി കുത്തിയകറ്റുന്ന കാഴ്ച അവിശ്വസനീയതോടെയാണ് കാണികൾ കണ്ടത്. ഇത് മാലിയുടെ ദിവസമല്ലെന്ന് നൂറു ശതമാനം ഉറപ്പായ നിമിഷം.