ബ്രഹ്മപുത്രയിലെ വെള്ളമൂറ്റാൻ ‍ആയിരം കിലോമീറ്റർ തുരങ്കം; പച്ചക്കള്ളമെന്ന് ചൈന

ബെയ്ജിങ്∙ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും ബംഗ്ലദേശിന്റെയും ജീവനാഡിയായ ബ്രഹ്മപുത്ര നദിയിൽനിന്നു വെള്ളം ചോർത്താനുള്ള ബൃഹദ് പദ്ധതി തയാറാക്കുന്നുവെന്ന റിപ്പോർട്ട് നിഷേധിച്ചു ചൈന രംഗത്ത്. മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഈ വാർത്ത വാസ്തവ വിരുദ്ധവും പച്ചക്കള്ളവുമാണെന്നു ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനിയിങ് വ്യക്തമാക്കി. നദീജലം പങ്കിടുന്ന കാര്യത്തിൽ ഉഭയകക്ഷി സഹകരണത്തിനു ചൈന വലിയ പ്രാധാന്യമാണു നൽകുന്നതെന്നും അവർ വ്യക്തമാക്കി.

ബ്രഹ്മപുത്രയുടെ പോഷകനദിയായ ദക്ഷിണ ടിബറ്റിലെ യർലങ് സാങ്ബോയിൽനിന്നു ചൈനയിലെ ഷിൻജിയാങ്ങിലേക്ക് 1,000 കിലോമീറ്റർ തുരങ്കം നിർമിച്ചു വെള്ളം വഴിതിരിച്ചു വിടാനാണു പദ്ധതിയെന്നായിരുന്നു റിപ്പോർട്ട്. ഇതിലൂടെ ഷിൻജിയാങ്ങിലെ തക്ലാമാകൻ മരുഭൂമി കൃഷിയോഗ്യമാക്കുമെന്നും സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.

ടിബറ്റിലെ യർലങ് സാങ്ബോയിൽ അണക്കെട്ടു നിർമിക്കുന്നതുപോലും ഇന്ത്യ എതിർത്തിരുന്ന പശ്ചാത്തലത്തിൽ ചൈനയുടെ പുതിയ നീക്കം ഇന്ത്യ – ചൈന തർക്കങ്ങൾക്കു കാരണമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു. ബ്രഹ്മപുത്രയിലെ വെള്ളം കുറയുന്നതു വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ നിലനിൽപ് അപകടത്തിലാക്കുമെന്നും ഇവർ മുന്നറിയിപ്പു നൽകി.

അതേസമയം, ലോകത്തിലെ ഏറ്റവും ഉയരമുള്ള പീഠഭൂമിയായ ടിബറ്റിൽനിന്നു വെള്ളം ഊറ്റുന്നതും തുരങ്കം നിർമിക്കുന്നതും ഗുരുതരമായ പരിസ്ഥിതി പ്രശ്നത്തിന് ഇടയാക്കുമെന്നു വ്യക്തമാക്കി ഗവേഷകരും രംഗത്തെത്തി. ടിബറ്റിൽ ഇപ്പോൾത്തന്നെ കാലാവസ്ഥ മാറ്റം പ്രകടമാണ്. ഇതിനൊപ്പം ഹിമാലയത്തിൽ പല ഭാഗത്തും ജലക്ഷാമവുമുണ്ട്. ഭൂചലന സാധ്യതയുള്ള മേഖലയായതിനാൽ തുരങ്ക നിർമാണം വൻ പ്രകൃതി ദുരന്തങ്ങൾക്ക് ഇടയാക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.