ഭീകരരെ പിന്തുണച്ചാൽ തിരിച്ചടിക്കും: പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡൽഹി ∙ ഭീകരതയ്ക്കു പിന്തുണ നൽകുന്ന പാക്ക് സൈന്യത്തിന്റെ നിലപാടു തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ. മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ (ഡിജിഎംഒ) ലഫ്. ജനറൽ എ.കെ.ഭട്ട്, പാക്ക് ഡിജിഎംഒ മേജർ ജനറൽ സഹിർ ഷംഷാദ് മിർസയുമായി ഹോ‌ട്‌ലൈനിൽ നടത്തിയ സംഭാഷണത്തിലാണ് ഇന്ത്യ നിലപാടു വ്യക്തമാക്കിയത്.

പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും പ്രകോപനമുണ്ടായാല്‍ നോക്കിയിരിക്കില്ല. ശക്തമായി തിരിച്ചടിക്കും. പാക്കിസ്ഥാനില്‍ നിന്നുള്ള എല്ലാ പ്രകോപനങ്ങള്‍ക്കും തിരിച്ചടി നല്‍കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ട്. ഭാവിയിലും ഇക്കാര്യത്തില്‍ മാറ്റമൊന്നുമുണ്ടാകില്ല. നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കാറുണ്ടെന്ന ആരോപണം തെറ്റാണ്. അതിര്‍ത്തിയിലെ സമാധാനം സംരക്ഷിക്കാന്‍ ഇന്ത്യന്‍ സേന എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

എന്നാല്‍, അതിര്‍ത്തിയില്‍ സാധാരണക്കാരെ ഉപയോഗിച്ച്‌ പാക്കിസ്ഥാന്‍ ചാരപ്രവര്‍ത്തനം നടത്തുകയാണെന്ന് എ.കെ.ഭട്ട് ആരോപിച്ചു. ഇത്തരക്കാരാണ് തീവ്രവാദികള്‍ക്ക് വേണ്ട സഹായം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന്റെ അഭ്യർഥനപ്രകാരമായിരുന്നു ഫോൺ സംഭാഷണം. ഇന്ത്യൻ ഭടന്മാർ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ വെടിവയ്പു നടത്തുന്നതായി പാക്കിസ്ഥാൻ ആരോപിച്ചപ്പോഴാണ് ഭീകരർക്കു പാക്കിസ്ഥാൻ പിന്തുണ നൽകുന്ന പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കു തിരിച്ചടിക്കാതിരിക്കാനാവില്ലെന്നു ലഫ്. ജനറൽ ഭട്ട് ചൂണ്ടിക്കാട്ടിയത്.