Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിക്കൂറുകൾക്കകം കൃത്രിമ ദ്വീപുകള്‍; ദക്ഷിണ ചൈനാ കടലിലേക്ക് ‘മാജിക്’ കപ്പൽ

South-China-Sea ദക്ഷിണ ചൈനാ കടലിലെ ദ്വീപുകളിലൊന്ന് (ഫയൽ ചിത്രം)

ബെയ്ജിങ് ∙ ദക്ഷിണ ചൈനാ കടലിൽ നിലവിലുള്ള ദ്വീപുകളില്‍ കടന്നുകയറി നിയന്ത്രണം ഏറ്റെടുക്കുന്നതു തുടരുന്നതിനിടെ, പുതുനീക്കങ്ങളുമായി ചൈന. മേഖലയിൽ കൂടുതൽ കൃത്രിമദ്വീപുകൾ നിർമിച്ച് സൈനികവിന്യാസം ശക്തമാക്കാനാണു ചൈനയുടെ തീരുമാനം. ഇതിനു മുന്നോടിയായി ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ ഡ്രെജിങ് കപ്പലും രാജ്യം സ്വന്തമാക്കി.

‘മാജിക് ഐലൻഡ് മേക്കർ’ എന്നു വിളിപ്പേരുള്ള കപ്പൽ ഉപയോഗിച്ച് ഡ്രെജിങ് നടത്തി മണിക്കൂറുകൾക്കകം ഒരു കൃത്രിമദ്വീപ് നിർമിക്കാനാകുമെന്നാണു ചൈനയുടെ അവകാശവാദം. ജിയാങ്സുവിലെ തുറമുഖങ്ങളിലൊന്നിൽ നിന്നു നീറ്റിലിറക്കിയ ‘ടിയാൻ കുൻ ഹോവോ’ എന്ന കപ്പൽ 2018 ജൂണ്‍ വരെ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കും.

പരീക്ഷണഘട്ടം തീരുന്നതോടെ ഏഷ്യയിലെ ഏറ്റവും കരുത്തുറ്റ ഡ്രെജിങ് കപ്പലായി ഇതു മാറുമെന്നും രാജ്യത്തെ ഔദ്യോഗിക മാധ്യമമായ ‘ചൈന ഡെയ്‌ലി’ വിശദമാക്കുന്നു. ഒരു മണിക്കൂർ കൊണ്ട് 6000 ക്യുബിക് മീറ്റർ വരുന്ന പ്രദേശം കുഴിച്ചെടുക്കാൻ പ്രാപ്തമാണ് കപ്പൽ. അതായത്, മൂന്നു വമ്പൻ നീന്തൽക്കുളങ്ങളുടെയത്ര വലുപ്പമുള്ള പ്രദേശം.

ചെളിയും മണലും പവിഴപ്പുറ്റുകളും ഉൾപ്പെടെ കുഴിച്ച് കുഞ്ഞൻ ദ്വീപുകൾ നിർമിച്ചെടുക്കാൻ ചൈന നിലവിൽ ഉപയോഗിക്കുന്ന തരം കപ്പലുകളുടെ വമ്പൻ രൂപമാണ് പുതുതായി പുറത്തിറക്കിയിരിക്കുന്നത്. ചെറുകപ്പലുകളുപയോഗിച്ച് നിലവിൽ ദക്ഷിണ ചൈനാ കടലിൽ ചൈന കൃത്രിമദ്വീപുകളും നിർമിക്കുന്നുണ്ട്. സൈനിക വിന്യാസത്തിനാണ് ഇവ ഉപയോഗപ്പെടുത്തുന്നത്.

ദക്ഷിണ ചൈനാ കടലിലെ ദ്വീപുകളിൽ നിലവിൽ വിയറ്റ്‌നാം, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണെയ്, തായ്‌വാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് അവകാശവാദം ഉന്നയിക്കുന്നത്. ഈ രാജ്യങ്ങൾക്കു സമീപത്തുള്ള ദ്വീപുകളില്‍ ഉൾപ്പെടെ ചൈനയുടെ കടന്നുകയറ്റമുണ്ട്. പ്രതിവർഷം അഞ്ചു ലക്ഷം കോടി ഡോളർ മൂല്യം വരുന്ന കച്ചവടം നടക്കുന്ന കപ്പൽപാതയാണ് ദക്ഷിണ ചൈന കടലിലേത്. മേഖലയിൽ വൻതോതിൽ എണ്ണ–പ്രകൃതിവാതക സാന്നിധ്യമുള്ളതായും കരുതുന്നു.

ദക്ഷിണ ചൈനാ കടലിലെ തർക്കദ്വീപുകളിലൊന്നായ വുഡി ദ്വീപിൽ ചൈന ദീർഘദൂര വിമാനവേധ മിസൈലുകൾ സ്ഥാപിച്ച വാർത്ത 2016 ഫെബ്രുവരിയിൽ പുറത്തു വന്നിരുന്നു. 200 കിലോമീറ്ററിലധികം ദൂരത്ത് ആക്രമണം നടത്താൻ കഴിയുന്ന എച്ച്ക്യു–9 മിസൈലുകൾ ദ്വീപിൽ സ്ഥാപിച്ചെന്നായിരുന്നു വാർത്ത. എട്ട് മിസൈലുകളും റഡാർ സംവിധാനവും സ്ഥാപിച്ചതായി ഉപഗ്രഹ ചിത്രങ്ങളിൽനിന്നു വ്യക്തമായെന്നും വാർത്തയിൽ പറയുന്നു. 40 വർഷങ്ങളായി ചൈനയുടെ നിയന്ത്രണത്തിലുള്ള ഈ ദ്വീപിൽ തയ്‌വാനും വിയറ്റ്നാമും അവകാശമുന്നയിക്കുന്നുണ്ട്. എന്നാൽ ആരോപണം ചൈന തള്ളിക്കളഞ്ഞു.

ദക്ഷിണ ചൈനാ കടലിൽ കെട്ടിയുയർത്തിയുണ്ടാക്കിയ കൃത്രിമ ദ്വീപിൽ 2016 ഏപ്രിലിൽ ചൈന ആദ്യമായി സൈനിക വിമാനമിറക്കിയിരുന്നു. ഇവിടെ നേരത്തേ ചൈനയുടെ സാധാരണ വിമാനങ്ങളായിരുന്നു ഇറങ്ങിയിരുന്നത്. മറ്റു രാജ്യങ്ങളുടെ കടുത്ത എതിർപ്പ്‌ അവഗണിച്ചായിരുന്നു മേഖലയിൽ ചൈനീസ് പട്ടാളം കൃത്രിമദ്വീപും വിമാനത്താവളവും നിർമിച്ചത്.

തെക്കൻ ചൈനയിലെ സ്പ്രാറ്റ്ലി ദ്വീപുകളിലെ ചൈനയുടെ സൈനിക സാന്നിധ്യത്തിൽ അമേരിക്ക നേരത്തേ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. തർക്കവിഷയങ്ങളായ പാരാസെൽ ദ്വീപുകളിൽ ചൈനയും വിയറ്റ്നാമും സ്പ്രാറ്റ്ലി ദ്വീപ സമൂഹത്തിൽ ആറു രാജ്യങ്ങളും നിലവിൽ അവകാശവാദം ഉന്നയിക്കുന്നുണ്ട്.

related stories