യുഎസിൽ ദേവാലയത്തിൽ വെടിവയ്പ്: 26 മരണം; അക്രമി കൊല്ലപ്പെട്ടു

യുഎസിലെ ടെക്സസിൽ വെടിവയ്പു നടന്ന വിൽസൺ കൗണ്ടി സതർലാൻഡ് സ്പ്രിങ്സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിൽ പൊലീസ് പരിശോധന നടത്തുന്നു.

വാഷിങ്ടൻ∙ യുഎസിലെ ടെക്സസിൽ പ്രാർഥന നടന്നു കൊണ്ടിരിക്കെ ദേവാലയത്തിൽ അക്രമി നടത്തിയ വെടിവയ്പിൽ 26 പേർ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്കു പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ എട്ടുപേരെ മെഡിക്കൽ ഹെലിക്കോപ്റ്ററിൽ ബ്രൂക്ക് സൈനിക ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവരെ പ്രാദേശിക ആശുപത്രികളിലാണു പ്രവേശിപ്പിച്ചത്. സാൻ അന്റോണിയോയ്ക്കു സമീപം വിൽസൺ കൗണ്ടി സതർലാൻഡ് സ്പ്രിങ്സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിൽ പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്കു 11.30ന് ആണു സംഭവം.

ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിക്കുസമീപം സുരക്ഷാ ഉദ്യോഗസ്ഥർ.

പ്രാർഥന നടക്കുമ്പോൾ ദേവാലയത്തിനകത്തേക്ക് ഒറ്റയ്ക്കു നടന്നു കയറിയ അക്രമി തുരുതുരെ വെടിയുതിർക്കുകയായിരുന്നു. ന്യൂ ബ്രൗൻഫെൽസിലെ ഡെവിൻ കെല്ലിയാണ് ആക്രമണം നടത്തിയതെന്നാണു റിപ്പോർട്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. തുടർച്ചയായി വെടിയൊച്ച കേട്ടതായി സമീപവാസികൾ പറഞ്ഞു. പൊലീസിനു പുറമെ എഫ്ബിഐയും സ്ഥലത്തെത്തിയിട്ടുണ്ട്. വെടിവയ്പ്പു നടത്തിയശേഷം ഇയാൾ വാഹനത്തിൽ രക്ഷപ്പെട്ടു. പിന്നീടു ഗ്വാഡലൂപ് കൗണ്ടിയിൽ വാഹനത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

ആക്രമണം നടന്ന ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിക്കു സമീപം ജനങ്ങളെത്തിയപ്പോൾ.

സാൻഅന്റോണിയയിൽ താമസിക്കുന്ന കെല്ലിക്ക് ഭീകരസംഘടനകളുമായി ബന്ധമുള്ളതിനു പ്രത്യക്ഷമായി തെളിവുകളില്ലെന്നാനു സൂചന. ആക്രമണത്തിനു മുൻപ് കെല്ലി സമൂഹമാധ്യമങ്ങളിൽ നടത്തിയ ഇടപെടലുകൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് അസോഷ്യേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. അടുത്തിടെ ഇയാളൊരു എആർ – 15 സെമിഓട്ടമാറ്റിക് റൈഫിളിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. മുൻ വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന കെല്ലി കോർട്ട്മാർഷൽ നടപടി നേരിട്ടിരുന്നതായും സൂചനയുണ്ട്.

2017 ഒക്ടോബർ ഒന്നിനു പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ലാസ് വേഗസ് നഗരത്തിൽ അരങ്ങേറിയ കൂട്ടക്കുരുതിയുടെ മുറിവുണങ്ങുന്നതിനു മുൻപാണ് ഈ ആക്രമണം. സംഗീതോൽസവത്തിനിടെ സ്റ്റീഫൻ ക്രെയ്ഗ് പാഡക് എന്നയാൾ ജനക്കൂട്ടത്തിനുനേരെ നടത്തിയ വെടിവയ്‌പിൽ 58 പേരാണ് അന്നു കൊല്ലപ്പെട്ടത്.

ഡെവിൻ കെല്ലിയുടെ വീട്ടിൽ പൊലീസ് സംഘമെത്തിയപ്പോൾ.

9/11 ആക്രമത്തിന് ശേഷം യുഎസിലെ പ്രധാന വെടിവെയ്പുകൾ

∙ 2001 സെപ്റ്റംബർ പതിനൊന്നിനു വേൾഡ് ട്രേഡ് സെന്ററിലേക്കും പെന്റഗണിലേക്കും ഭീകരർ വിമാനങ്ങൾ ഇടിച്ചുകയറ്റി നടത്തിയ ആക്രമണങ്ങളിൽ 2976 പേരാണ് കൊല്ലപ്പെട്ടത്.

ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിക്കുസമീപം സുരക്ഷാ ഉദ്യോഗസ്ഥർ.

∙ 2007ൽ വെർജീനിയ സർവകലാശാലയിലുണ്ടായ വെടിവയ്പിൽ 32 – ഉം 2012ൽ സാൻഡി ഹുക്ക് സ്കൂളിലുണ്ടായ വെടിവയ്പിൽ 27 പേർ കൊല്ലപ്പെട്ടിരുന്നു.

∙ 2016 ജൂണിൽ ഫ്ലോറിഡയിൽ സ്വവർഗാനുരാഗികളുടെ നിശാക്ലബിൽ അതിക്രമിച്ചു കടന്ന യുവാവു നടത്തിയ വെടിവയ്പിൽ 50 പേർ കൊല്ലപ്പെട്ടു. 53 പേർക്കു പരുക്കേറ്റു. (2001സെപ്റ്റംബർ 11ന്റെ ന്യൂയോർക്ക് ഭീകരാക്രമണത്തിനുശേഷം അമേരിക്കയിൽ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു അത്.)

ഡെവിൻ കെല്ലിയുടെ വീട്ടിൽ പൊലീസ് സംഘമെത്തിയപ്പോൾ.