‘വൺമാൻ ഷോ’, ‘ടു മെൻ ആർമി’ ബിജെപി ഒഴിവാക്കണം: ശത്രുഘ്നൻ സിൻഹ

പട്ന ∙ പാർട്ടിയിൽ പിടിമുറുക്കിയിരിക്കുന്ന ‘വൺമാൻ ഷോ’, ‘ടു മെൻ ആർമി’ സംവിധാനങ്ങൾക്ക് മാറ്റമുണ്ടാകാതെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ബിജെപിക്ക് സാധിക്കില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും നടനും ബിജെപി നേതാവുമായ ശത്രുഘ്നൻ സിൻഹ എംപി. ബിജെപി സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ രാജ്യത്തെ യുവാക്കളും കർഷകരും വ്യാപാരികളും അസംതൃപ്തരാണെന്നും സിൻഹ അഭിപ്രായപ്പെട്ടു. പാർട്ടിക്കുള്ളിൽ വലിയ സ്വാധീനമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവരുടെ പേരെടുത്ത് പറയാതെയായിരുന്നു സിൻഹയുടെ വിമർശനം.

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഹിമാചൽ പ്രദേശിലും ഗുജറാത്തിലും ഇത്തവണ ബിജെപി കനത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്നും ശത്രുഘ്നൻ സിൻഹ അഭിപ്രായപ്പെട്ടു. കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാൻ പാർട്ടിക്കു സാധിക്കണം. എതിരാളികളെ നിസ്സാരരായി കാണരുതെന്നും സിൻഹ മുന്നറിയിപ്പു നൽകി.

ബിജെപിയിൽനിന്ന് മാറാൻ തക്കം പാർത്തിരിക്കുകയാണ് താനെന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളിക്കളഞ്ഞു. ഇടയ്ക്ക് കയ്യൊഴിഞ്ഞു പോകാനായല്ല പാർട്ടിയുമായി കൈ കോർത്തത്. അതേസമയം, ‘വൺമാൻ ഷോ’യും ‘ടു മെൻ ആർമി’യും നിമിത്തം പാർട്ടിക്കു മുന്നിലെ വെല്ലുവിളികൾ ഫലവത്തായി നേരിടാനാകുന്നില്ലെങ്കിൽ അതു തുറന്നു പറയാനും മടിയില്ല – സിൻ‌ഹ പറഞ്ഞു.

പാർട്ടിയുടെ വളർച്ചയ്ക്ക് നിസ്തുല സംഭാവനകൾ നൽകിയ മുതിർന്ന നേതാക്കളുടെ ആശീർവാദത്തോടെ ഒരുമിച്ചുനിന്നു പോരാടുകയാണ് ബിജെപി ഈ സമയത്ത് ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, യശ്വന്ത് സിൻഹ, അരുൺ ഷൂറി തുടങ്ങിയ മുതിർന്ന നേതാക്കൾ എന്തു തെറ്റാണ് ചെയ്തതെന്ന് എനിക്കു മനസ്സിലാകുന്നില്ല. എന്തുകൊണ്ടാണ് അവരെ മുഖ്യധാരയിൽനിന്ന് മാറ്റിനിർത്തിയിരിക്കുന്നത്? നാമെല്ലാം ഒരു കുടുംബം പോലെയാണ്. എന്തെങ്കിലും തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ അതു തിരുത്താനും ഒരുമിച്ചു നിൽക്കാനുമുള്ള ശ്രമങ്ങൾ ഉണ്ടാകാത്തത് എന്തുകൊണ്ടാണ്? – സിൻഹ ചോദിച്ചു.

തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ അതിനെ അർഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കാനും പാർട്ടിക്കു സാധിക്കണം. നോട്ട് അസാധുവാക്കലിനു ശേഷം ഒട്ടേറെ യുവാക്കൾക്ക് ജോലി നഷ്ടപ്പെട്ടുവെന്നത് നിഷേധിക്കാനാകാത്ത സത്യമാണ്. അതേസമയം, ഈ നടപടിയിലൂടെ കള്ളപ്പണം കാര്യമായി പുറത്തുകൊണ്ടുവരാനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാർ തിരക്കിട്ട് നടപ്പാക്കിയ ജിഎസ്ടി സംവിധാനം രാജ്യത്തെ ചാർട്ടേർഡ് അക്കൗണ്ടന്റുകൾക്ക് മാത്രമേ ഉപകാരപ്പെട്ടിട്ടുള്ളൂ. രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിലിന്റെ വില കുറയുമ്പോഴും രാജ്യത്ത് എണ്ണവില വർധിക്കുന്നതും പരിഹരിക്കപ്പെടേണ്ട വിഷയമാണെന്ന് സിൻഹ പറഞ്ഞു.