കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ; നിർദേശവുമായി ഡൽഹി വനിതാ കമ്മിഷൻ

ന്യൂഡൽഹി∙ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവങ്ങളിൽ കുറ്റക്കാർക്ക് ആറുമാസത്തിനകം വധശിക്ഷ നൽകണമെന്ന് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മാലിവൽ ആവശ്യപ്പെട്ടു. തലസ്ഥാന നഗരത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം വർധിച്ചുവരികയാണ്. ഇക്കാര്യത്തിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉന്നതതല സമിതിയെ രൂപീകരിക്കണം. ആറു മാസത്തിനുള്ളിൽ വധശിക്ഷയെന്ന നിയമം വന്നാൽ ആ ഭയത്തിലെങ്കിലും ഇത്തരം കുറ്റകൃത്യങ്ങളിൽനിന്ന് അവർ പിൻമാറണം. അങ്ങനെയെ ഇത്തരം ആളുകളുടെ മാനസികാവസ്ഥ മാറ്റാനാകൂയെന്നും അവർ കൂട്ടിച്ചേർത്തു.

കുറച്ചുദിവസങ്ങൾക്കുമുൻപ് ഒന്നര വയസ്സുള്ള കുട്ടി പീ‍ഡനത്തിനിരയായി. ഒന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് കുട്ടിക്കു നടത്തേണ്ടിവന്നത്. തൊട്ടുപിന്നാലെ മൂന്നു ദിവസങ്ങൾക്കുള്ളിൽ ഏഴുവയസ്സുകാരി കൂട്ടമാനഭംഗത്തിനിരയായി. ഈ കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടികളാണു കുറ്റവാളികൾ. പെൺകുട്ടി ഇപ്പോഴും ഭീം റാവും അംബേദ്കർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നു.

കഴിഞ്ഞ രണ്ടു വർഷമായി ഉന്നതതല സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രസർക്കാരിനെ നിരവധിത്തവണ കണ്ടുവരികയാണ്. ഇനി ഇക്കാര്യം ആവശ്യപ്പെട്ട് തെരുവിലിറങ്ങേണ്ടിവരുമെന്നു തോന്നുന്നു, അവർ കൂട്ടിച്ചേർത്തു.