വാഹനനിയന്ത്രണം ഫലപ്രദമോ? ഡൽഹി സർക്കാരിനെ വിമർശിച്ച് ട്രൈബ്യൂണൽ

ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്തെ വാഹന നിയന്ത്രണത്തിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ. ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണം ഏർപ്പെടുത്തേണ്ടതില്ലെന്നു പറഞ്ഞ ട്രൈബ്യൂണൽ, നിയന്ത്രണം ഫലപ്രദമാണെന്നു സർക്കാർ തെളിയിക്കണമെന്നും ആവശ്യപ്പെട്ടു. മലിനീകരണം തടയാൻ സർക്കാർ എന്തു നടപടിയാണു സ്വീകരിച്ചത്? സുപ്രീം കോടതി, ട്രൈബ്യൂണൽ എന്നിവരുടെ നിർദേശങ്ങൾ സർക്കാർ അവഗണിച്ചെന്നും ട്രൈബ്യൂണൽ കുറ്റപ്പെടുത്തി.

ഡല്‍ഹിയിലെ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയില്‍ എത്തിയതിനെ തുടർ‌ന്നാണ് ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണം വീണ്ടും ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഡൽഹിയിൽ ഈ മാസം 13 മുതല്‍ 17 വരെയാണ് നിയന്ത്രണം. കൃത്രിമമഴ പെയ്യിക്കുന്ന കാര്യം പരിഗണിക്കണമെന്നു ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ജീവിക്കാനുള്ള അവകാശം കവര്‍ന്നെടുക്കരുതെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ നിര്‍ദേശം.

മലിനീകരണ പ്രശ്നത്തില്‍ ഡല്‍ഹി സര്‍ക്കാരിനും മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ക്കും കയ്യുംകെട്ടി നോക്കി നില്‍ക്കാന്‍ കഴിയില്ലെന്നു ട്രൈബ്യൂണല്‍ വിമര്‍ശിച്ചു. പൗരന്‍റെ ജീവിക്കാനുള്ള അവകാശം തട്ടിയെടുക്കാന്‍ കഴിയില്ല. ചൊവ്വാഴ്ച വരെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിരോധിച്ചു. നിർമാണ സാമഗ്രികളുള്ള ട്രക്കുകൾ, പത്തുവര്‍ഷം പിന്നിട്ട ഡീസല്‍ വാഹനങ്ങൾ, 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങൾ എന്നിവ നഗരത്തിൽ പ്രവേശിക്കുന്നതിനും വിലക്കുണ്ട്.

കൊയ്ത്തുകഴിഞ്ഞ പാടങ്ങള്‍ കത്തിച്ചും മറ്റും അയൽ സംസ്ഥാനങ്ങളാണ് ഡല്‍ഹിയില്‍ വായുമലിനീകരണമുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ആരോപിച്ചു.